കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസിന്റെ സാഹസികമായ സ്വര്‍ണവേട്ട; പിടികൂടിയത് കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വര്‍ണ മിശ്രിതം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസിന്റെ സാഹസികമായ സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് സംഘം കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്.
വിമാനത്താവളത്തില്‍ നിന്ന് സംഘം പുറത്ത് എത്തിച്ച സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ രണ്ട് പേരെയും പൊലീസ് പിടികൂടി.
തിരൂര്‍ സ്വദേശിയായ ഷക്കീബ് ചുള്ളിയില്‍ ആണ് അബുദാബിയില്‍ നിന്നും സ്വര്‍ണം കടത്തിയത്. ഷക്കീബിനെയും കള്ളകടത്ത് സ്വര്‍ണം അപഹരിക്കാന്‍ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തിരൂര്‍ സ്വദേശി ഷക്കീബ് അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സ്വര്‍ണം കടത്തിയത്. വിമാനം ഇറങ്ങി പുറത്ത് വന്ന ഷക്കീബ് വാഹനത്തില്‍ കയറാന്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പോകുന്നതിനിടെയാണ് ആറോളം പേര് ഇയാളുമായി പിടിവലി കൂടിയത്. ഇത് കണ്ട വിമാനത്താവളത്തിലെ പൊലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് ഇവരില്‍ നിന്ന് സ്വര്‍ണം പിടികൂടുന്നത്. സംഘട്ടനത്തിനിടെ നാല് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. പിടിയിലായ മൂന്ന് പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
രാമനാട്ടുകര സ്വര്‍ണകവര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണം കൊള്ളയടിക്കുന്നവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യാറുണ്ട്. തുടര്‍ന്ന് നിരവധി പേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ ഇന്നലെയാണ് പുതിയ പൊലീസ് എയിഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
https://www.facebook.com/Malayalivartha