യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍

ഡോണള്‍ഡ് ട്രംപുമായി ഒരു തര്‍ക്കത്തിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുന്നത് തുടരുമെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ ട്രംപിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സമാധാനം പ്രോത്സാഹിപ്പിക്കാനും ചര്‍ച്ചകളിലൂടെയും രാജ്യങ്ങള്‍ തമ്മിലുള്ള ബഹുതല ബന്ധങ്ങളിലൂടെയും പ്രശ്‌നങ്ങള്‍ക്ക് ന്യായമായ പരിഹാരം കണ്ടെത്താനുമാണ് താന്‍ ശ്രമിക്കുന്നത്. ഇന്ന് ലോകത്ത് വളരെയധികം ആളുകള്‍ കഷ്ടപ്പെടുന്നു. നിരപരാധികള്‍ കൊല്ലപ്പെടുന്നു. ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് താന്‍ കരുതുന്നുവെന്നും ലിയോ പതിനാലാമന്‍ പറഞ്ഞു. നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള 11 ദിവസത്തെ സന്ദര്‍ശനത്തിനായി അള്‍ജീരിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാര്‍പാപ്പയുടെ പ്രതികരണം.
മാര്‍പാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുന്നയാളാണെന്നും വിദേശനയത്തിന്റെ കാര്യത്തില്‍ വളരെ മോശമാണെന്നും ആയിരുന്നു ട്രംപിന്റെ വിമര്‍ശനം. അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പാപ്പയെ തനിക്ക് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ യുഎസ്ഇസ്രയേല്‍ യുദ്ധത്തെ മാര്‍പാപ്പവിമര്‍ശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാല്‍ വത്തിക്കാന്റെ സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും ട്രംപ് ഭരണകൂടത്തെ താന്‍ ഭയപ്പെടുന്നില്ലെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ മറുപടി നല്‍കി.
''ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകുന്നത് ശരിയാണെന്ന് കരുതുന്ന ഒരു മാര്‍പ്പാപ്പയെ എനിക്ക് വേണ്ട. അമേരിക്ക വെനിസ്വേലയെ ആക്രമിച്ചത് തെറ്റാണെന്ന് കരുതുന്ന മാര്‍പാപ്പയെയും എനിക്ക് വേണ്ട. ലിയോ ഒരു രാഷ്ട്രീയക്കാരനാകാന്‍ ശ്രമിക്കാതെ, തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് നിര്‍ത്തി ഒരു നല്ല മാര്‍പാപ്പയാകാന്‍ ശ്രമിക്കണം'' – എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്.
https://www.facebook.com/Malayalivartha


























