പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിടികൂടാന്‍ ഹൈടെക് സംവിധാനവുമായി സര്‍ക്കാര്‍

പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഹൈടെക് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍. സിഡിറ്റും (സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) കെഫോണും കൈകോര്‍ക്കുന്ന പുതിയ പദ്ധതിയിലൂടെയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തലവേദനയായിരുന്ന മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക. സ്ഥിരമായി മാലിന്യം തള്ളുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ സിഡിറ്റ് അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ഈ ക്യാമറകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ കൈമാറുന്നതിനായി കെഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കും.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വടക്കാഞ്ചേരി, പന്നിയന്നൂര്‍, പട്ടണക്കാട് തുടങ്ങിയ മൂന്ന് പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. ഇവിടെ നിന്നും ലഭിക്കുന്ന ഫലങ്ങള്‍ വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മാത്രം ഇടപെടല്‍ കൊണ്ട് മാലിന്യനിക്ഷേപം തടയാന്‍ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ പൊലീസിന്റെ കൂടി പങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ക്യാമറ ദൃശ്യങ്ങളിലൂടെ കുറ്റക്കാരെ വേഗത്തില്‍ കണ്ടെത്താനും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനും പൊലീസ് തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിലെ പ്രധാന സവിശേഷത ക്യാമറകള്‍ക്ക് ആവശ്യമായ ഇന്റര്‍നെറ്റ് കെഫോണ്‍ സൗജന്യമായി നല്‍കുന്നുവെന്നതാണ്. തത്സമയ നിരീക്ഷണത്തിലൂടെ മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങള്‍ ഉടനടി അധികൃതര്‍ക്ക് ലഭ്യമാകും.
https://www.facebook.com/Malayalivartha


























