കരുത്തറിയിച്ച നേതാവ്... വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസിറുദ്ദീന്‍ അന്തരിച്ചു; വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു; വ്യാപാരി വ്യവസായികളെ ഒന്നിപ്പിച്ച് നിര്‍ത്തി പോരാടിയ നസിറുദ്ദീന്‍ എല്ലാവര്‍ക്കും സ്വീകാര്യന്‍

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റുമായ ടി.നസിറുദ്ദീന്‍ (78) അന്തരിച്ചു. കേരളത്തില്‍ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ നേതാവ് കൂടിയാണ് അദ്ദേഹം.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മരണം. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കണ്ണമ്പറമ്പ് കബര്‍സ്ഥാനില്‍. ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകള്‍ അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് ടി. നസിറുദ്ദീന്‍. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷന്‍ കമ്മിറ്റി മെമ്പര്‍, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1944 ഡിസംബര്‍ 25ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു. ഹിദായത്തുല്‍ ഇസ്‌ലാം എല്‍പി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായിരുന്നു.
1980ല്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയായാണു സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം. 1984ല്‍ വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റ് ആയി. 1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
ഏകോപനസമിതിക്കുകീഴില്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയുള്ള കേരള മര്‍ക്കന്റൈല്‍ സഹകരണബാങ്ക് സ്ഥാപിച്ചത് നസിറുദ്ദീനാണ്. ദീര്‍ഘകാലം അതിന്റെ ചെയര്‍മാനുമായിരുന്നു.
ഹിദായത്തുല്‍ ഇസ്‌ലാം എല്‍.പി. സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം കഴിഞ്ഞ് വ്യാപാരമേഖലയിലേക്ക് കടന്നു.
കേരളത്തില്‍ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ അനിഷേധ്യ നേതാവാണ് ടി. നസിറുദ്ദീന്‍. 1944 ഡിസംബര്‍ 25 ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി.കെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു.
ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍(ബിസിനസ്), എന്‍മോസ് ടാംടണ്‍(ബിസിനസ്), അഷ്‌റ ടാംടണ്‍, അയ്‌ന ടാംടണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ആസിഫ് പുനത്തില്‍(പൈലറ്റ് സ്‌പൈസ് ജെറ്റ്), ലൗഫീന മന്‍സൂര്‍ (പാചകവിദഗ്ധ), റോഷ്‌നാര, നിസ്സാമുദ്ദീന്‍ (ബിസിനസ്, ഹൈദരാബാദ്).
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു
കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തനാക്കിയ വ്യക്തിയാണ് ടി. നസറുദ്ദീനെന്ന് അനുശോചന സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലധികം വ്യാപരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ടി നസറുദ്ദീന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















