'കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല വിദ്യാര്‍ത്ഥികളുടെ അവകാശമാണ്'; കണ്‍സഷന്‍ വിഷയത്തില്‍ ഗതാഗതമന്ത്രി ആന്റണിരാജുവിന്റെ അഭിപ്രായം അപക്വമാണെന്ന് എസ്‌എഫ്‌ഐ

കണ്‍സഷന്‍ വിഷയത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭിപ്രായത്തിന് എതിര്‍പ്പറിയിച്ച് എസ്‌എഫ്‌ഐ. ആന്റണിരാജുവിന്റെ അഭിപ്രായം അപക്വമാണ്. കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് സംഘടന വ്യക്തമാക്കി. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് കണ്‍സഷന്‍. മന്ത്രിയുടെ അഭിപ്രായപ്രകടനങ്ങള്‍ മുന്നണിയുടെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടാനിടയാക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ ഗിരീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ദേവ് എംഎല്‍എ എന്നിവര്‍ അറിയിച്ചു. മന്ത്രിയുടെ അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധയോടെ ചെയ്യേണ്ടതായിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് രണ്ട് രൂപയാണെന്നുളളത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കണ്‍സഷനെതിരായ അഭിപ്രായം പ്രകടിപ്പിച്ചത്. രണ്ട് രൂപ എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഞ്ച് രൂപ നല്‍കി ബാക്കി വാങ്ങാറില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കുമെന്നാണ് സൂചന. ബസ് വര്‍ദ്ധന ന്യായമാണെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടശേഷം നാല് മാസം കഴിഞ്ഞും നിരക്ക് വര്‍ദ്ധിക്കാത്തതിനാല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന ബസ് ഉടമകളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് മന്ത്രി ഇന്ന് കണ്‍സഷന്‍ വിഷയത്തില്‍ പ്രതികരണം നടത്തിയത്. മിനിമം ചാര്‍ജ് 12 രൂപ ആക്കണമെന്നും കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.
https://www.facebook.com/Malayalivartha























