വിവാഹം കഴിഞ്ഞ് ഒരുമാസം തികഞ്ഞില്ല...! ബന്ധുവീട്ടില്‍ വിവാഹച്ചടങ്ങില്‍ ഭാര്യയുമൊത്ത് പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങവേ ബൈക്കപകടം, നവവരനുള്‍പ്പെടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം, സാദിഖ് അലിയെ മരണം കവർന്നെടുത്തത് മാര്‍ച്ച് 18 ന് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെ

കല്ലമ്പലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവരനുള്‍പ്പെടെ രണ്ട് യുവാക്കള്‍ക്കാണ് ദാരുണാന്ത്യം. നാവായിക്കുളം ഇടപ്പണ താളിക്കല്ലില്‍ ഹൗസില്‍ പരേതനായ അലിയുടെയും നൂര്‍ജഹാന്റെയും മകന്‍ സാദിഖ് അലി (28), ചെമ്മരുതി വടശ്ശേരിക്കോണം ചരുവിള വീട്ടില്‍ അശോകന്റെയും ഉഷയുടെയും മകന്‍ അജീഷ് (25) എന്നിവരാണ് മരിച്ചത്.
ദേശീയപാതയില്‍ കല്ലമ്പലം ഡബ്ലൂണ്‍ ബാറിന് സമീപത്ത് ഞായറാഴ്ച രാത്രി 11.45നായിരുന്നു അപകടം.സാദിഖ് അലിയുടെ ഭാര്യ ഫൗസിയയും (20), തെറ്റിക്കുളം സ്വദേശി മിഥുനും (35) തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് സാദിഖ്. ഫെബ്രുവരി 17നായിരുന്നു വിവാഹം. മാര്‍ച്ച് 18 ന് തിരിച്ചുപോകനിരിക്കെയാണ് അപകട മരണം .
ബന്ധുവീട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സാദിഖും ഭാര്യ ഫൗസിയും. പാരിപ്പള്ളിക്ക് സമീപം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജീഷും മിഥുനും. റോഡില്‍ തെറിച്ചുവീണ നാലുപേരെയും കല്ലമ്പലം പൊലീസ് പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാദിഖും അജീഷും മരിച്ചിരുന്നു. ഫൗസിയെയും മിഥുനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല. പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha


























