കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത് നവ-ഉദാരവൽക്കരണ നയങ്ങൾ തീവ്രമായി നടപ്പാക്കുന്നതിലൂടെ, രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് കൈമാറുന്ന നടപടികൾ; പൊതുമേഖലകൾ നൽകിയത് സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സ്വയം പര്യാപ്തതയ്ക്കും വലിയ സംഭാവന, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് ശ്രീ. പി. നന്ദകുമാർ

നവ-ഉദാരവൽക്കരണ നയങ്ങൾ തീവ്രമായി നടപ്പാക്കുന്നതിലൂടെ, രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് കൈമാറുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സ്വയം പര്യാപ്തതയ്ക്കും വലിയ സംഭാവനയാണ് പൊതുമേഖലകൾ നൽകിയത്. ഏത് സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റിലും സമ്പദ് ഘടനയെ ഉലയാതെ താങ്ങി നിർത്തിയത് ഈ സ്ഥാപനങ്ങളാണ്.
വലിയ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെറുകിട വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വഴി തുറക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സംവരണതത്വം പാലിക്കുന്നതിലൂടെ സാമൂഹിക നീതി ഉറപ്പു വരുത്താനും പൊതുമേഖലകൾ ശ്രമിച്ചു. ഇതെല്ലാമാണ് സ്വകാര്യവൽക്കരണം മൂലം നഷ്ടപ്പെടുന്നത്. സംസ്ഥാനത്ത് കേന്ദ്ര പൊതുമേഖലയുടെ സാന്നിദ്ധ്യം താരതമ്യേന കുറവാണ്. നിലവിലുള്ളവ സ്വകാര്യവൽക്കരണ ഭീഷണിയിലാണ്.
സംസ്ഥാനത്തിന്റെ വ്യവസായ - വാണിജ്യ വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കൊച്ചി തുറമുഖം സ്വകാര്യവൽക്കരിക്കാൻ തീരുമാനിക്കപ്പെട്ടിരിക്കുന്നു. കോട്ടയത്തെ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തിയതിന്റെ ഫലമായി പ്രസ്തുത കമ്പനി കേരള സർക്കാരിന് കൈമാറാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. പ്രസ്തുത സ്ഥാപനം നവീകരിച്ച് പുതിയ രൂപത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ആണവ നിലയങ്ങൾക്കും താപവൈദ്യുത നിലയങ്ങൾക്കും ആവശ്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള കൺട്രോൾ വാൽവ് ഉണ്ടാക്കുന്ന തന്ത്രപ്രധാന സ്ഥാപനമായ പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കുന്നതിനുള്ള ധാരണാ പത്രം കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ ഒപ്പിട്ടു.
ബി.പി.സി.എൽ. സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കൊച്ചിൻ റിഫൈനറി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കം തകൃതിയായി നടക്കുന്നു. ബി.പി.സി.എൽ. സ്വകാര്യവൽക്കരിക്കുക വഴി രാജ്യസുരക്ഷ തന്നെയാണ് കേന്ദ്രം അടിയറ വയ്ക്കുന്നത്. ഇതിനെതിരെ തൊഴിലാളികളും ജനങ്ങളും ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തി വരികയാണ്. കൊച്ചിൻ റിഫൈനറി സ്വകാര്യവൽക്കരണം ഉപേക്ഷിക്കണമെന്ന് നമ്മുടെ നിയമസഭ ഏകകണ്‌ഠേമായി പ്രമേയം പാസ്സാക്കുകയുണ്ടായി. റിഫൈനറി സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി റിഫൈനറിയോട് അനുബന്ധിച്ച് ആസൂത്രണം ചെയ്ത വികസന പദ്ധതികളും നഷ്ടമാകും.
സംസ്ഥാനത്ത് ലാഭകരമായി പ്രവർത്തിച്ചു വരുന്ന ഹിന്ദുസ്ഥാൻ ലൈഫ് കെയർ (എച്ച്.എൽ.എൽ.) സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ പ്രസ്തുത കമ്പനി കേരള സർക്കാരിനെ ഏൽപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഈ കമ്പനി സ്ഥാപിച്ച ഭൂമി കേരള സർക്കാർ ഏറ്റെടുത്ത് നൽകിയതാണ്. എന്നാൽ ഈ കമ്പനി കേരള സർക്കാരിനെ ഏൽപ്പിക്കണമെന്ന ആവശ്യം തള്ളിയ കേന്ദ്രസർക്കാർ എച്ച്.എൽ.എൽ. സ്വകാര്യ മേഖലയ്ക്ക് മാത്രമേ കൈമാറൂ എന്ന് സംസ്ഥാനത്തെ അറിയിച്ചിരിക്കുകയാണ്. എച്ച്.എൽ.എൽ. ഏറ്റെടുക്കുന്നതിനായി ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുന്ന ഘട്ടത്തിലാണ് അതിൽ നിന്നും സംസ്ഥാനത്തെ വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചത്.
ഈ തീരുമാനം തിരുത്തി എച്ച്.എൽ.എൽ. സംസ്ഥാനത്തിന് കൈമാറാൻ നടപടി കൈക്കൊള്ളണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിക്കഴിഞ്ഞു. ഈ കാര്യത്തിൽ കേരളസർക്കാരും ജനങ്ങളും ഉയർത്തിയ വികാരം കേന്ദ്രസർക്കാർ ഒട്ടും മാനിച്ചിട്ടില്ല. മികച്ച നിലയിൽ കൊച്ചി - കണ്ണൂർ വിമാനത്താവളങ്ങൾ നടത്തുന്നതിൽ പങ്കാളിയാണ് കേരള സർക്കാർ എന്ന കാര്യവും കേന്ദ്രം പരിഗണിച്ചില്ല. പൊതുമേഖലാ കമ്പനികൾ മാത്രമല്ല പൊതു ആസ്തികളും സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നീക്കം.
നാഷണൽ ഹൈവേ, തുറമുഖങ്ങൾ , വിമാനത്താ വളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, തീവണ്ടികൾ മുതലായവയെല്ലാം കൈമാറ്റം ചെയ്യപ്പെടും. രാജ്യത്തിന്റെ അഭിമാനമായ എൽ.ഐ.സി. യുടെ ഓഹരികളും വിൽക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു. ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ സ്വകാര്യവൽക്കരിക്കാനുള്ള നിയമം പാർലമെന്റ് പാസ്സാക്കി കഴിഞ്ഞു. രാജ്യത്തിന് വിനാശകരമായ ഈ നടപടികൾ തിരുത്തണമെന്നാണ് സംസ്ഥാന സർക്കാർ നിരന്തരമായി ആവശ്യപ്പെട്ടു വരുന്നത്. സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ തീർത്തും അവഗണിക്കുന്ന കേന്ദ്രസർക്കാർ നിലപാട് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. ഉൽപാദന മേഖലയിൽ മികച്ച പ്രവർത്തനം നടത്താൻ ഇന്ത്യൻ പൊതുമേഖലയ്ക്ക് കഴിഞ്ഞു. അവയുടെ പ്രാപ്തിയും മിച്ചവും ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ പര്യാപ്തമാണ്.
ടെലികോം, വൈദ്യുതി, റെയിൽവേ, എണ്ണ - പ്രകൃതി വാതകം, പുത്തൻ സാങ്കേതിക വിദ്യകൾ, ഇൻഷ്വറൻസ്, ബാങ്കിംഗ് തുടങ്ങിയ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വയം പര്യാപ്ത രാഷ്ട്രം നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ കഴിയുന്നവയാണ്. പൊതുമേഖലയിലൂടെ മാത്രമേ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് വികസനം നേടാൻ കഴിയൂ. പൊതുമേഖലയുടെ തകർച്ച രാഷ്ട്രത്തിന്റെ ഉത്തമ താൽപര്യങ്ങളെയും ജനങ്ങളുടെ ജീവിതത്തെയും സാരമായി ബാധിക്കും. വിനാശകരമായ ഈ നയത്തിനെതിരെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണം.
ബഹുമാനപ്പെട്ട മെമ്പർ ഉന്നയിച്ച ചുമട്ടു തൊഴിലാളികളുടെ തൊഴിൽ പ്രശ്‌നം സർക്കാർ ഗൗരവത്തോടെ കൈകാര്യം ചെയ്യും. സംസ്ഥാന നിയമസഭ പാസ്സാക്കിയ ചുമട്ടു തൊഴിലാളി നിയമപ്രകാരമുള്ള സംരക്ഷണം അർഹരായ എല്ലാ തൊഴിലാളികൾക്കും ലഭിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. വ്യാപാരമേഖലയിൽ സമാധാനപരമായ അന്തരീക്ഷമാണ് പൊതുവിൽ നിലനിൽക്കുന്നത്. തർക്കങ്ങൾ ഉണ്ടാകുന്ന ഇടങ്ങളിൽ തൊഴിൽ വകുപ്പ് സത്വരമായി ഇടപെടാറുണ്ട്. വ്യാപാര സംരംഭങ്ങളിൽ ഏർപ്പെടുന്നവർക്ക് സുഗമമായി അവ നടത്താനുള്ള സാഹചര്യം സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കും. ഒരു തർക്കവും വ്യാപാര - വ്യവസായ സ്ഥാപനങ്ങൾക്ക് തടസ്സമാകാതിരിക്കാനും എന്നാൽ തൊഴിലാളികളുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ നടപടി കൈക്കൊള്ളും..
https://www.facebook.com/Malayalivartha


























