ലോട്ടറിയുടെ മേൽ സംസ്ഥാന സർക്കാരിന്റെ നികുതി ചുമത്താനുള്ള അവകാശത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി സുപ്രിംകോടതി അസ്ഥിരപ്പെടുത്തി; വിധി മറിച്ചായിരുന്നുവെങ്കിൽ സംഭവിക്കാനിരുന്നത് ഇതാണ്! ശ്രദ്ധേയമായ വിധി ചൂണ്ടിക്കാണിച്ച് ഡോ. തോമസ് ഐസക്ക്

ലോട്ടറിയുടെ മേൽ സംസ്ഥാന സർക്കാരിന്റെ നികുതി ചുമത്താനുള്ള അവകാശത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി സുപ്രിംകോടതി അസ്ഥിരപ്പെടുത്തി. വിധി മറിച്ചായിരുന്നുവെങ്കിൽ ലോട്ടറി മാഫിയയിൽ നിന്ന് നടന്നില്ലായിരുന്നുവെങ്കിൽ Kerala Tax on paper Lotteries Act പ്രകാരം പിരിച്ചെടുത്ത തുക മുഴുവൻ ലോട്ടറി മാഫിയയ്ക്ക് തിരിച്ചു നൽകേണ്ടി വന്നേനെ. ശ്രദ്ധേയമായ വിധി ചൂണ്ടിക്കാണിച്ച് ഡോ. തോമസ് ഐസക്ക് രംഗത്ത്.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്ന വാക്കുകൾ ഇങ്ങനെ; മലയാള മാധ്യമങ്ങളിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെപോയ ഒരു വാർത്തയുണ്ട്. ലോട്ടറിയുടെ മേൽ സംസ്ഥാന സർക്കാരിന്റെ നികുതി ചുമത്താനുള്ള അവകാശത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി സുപ്രിംകോടതി അസ്ഥിരപ്പെടുത്തി. വിധി മറിച്ചായിരുന്നുവെങ്കിൽ ലോട്ടറി മാഫിയയിൽ നിന്ന് നടന്നില്ലായിരുന്നുവെങ്കിൽ Kerala Tax on paper Lotteries Act പ്രകാരം പിരിച്ചെടുത്ത തുക മുഴുവൻ ലോട്ടറി മാഫിയയ്ക്ക് തിരിച്ചു നൽകേണ്ടി വന്നേനെ.
1500 കോടി രൂപയെങ്കിലും സംസ്ഥാനത്തിനു ഇതുവഴി നേട്ടമുണ്ടായി. ലോട്ടറി കേസുകളെല്ലാം അതീവജാഗ്രതയോടെ നിരീക്ഷിക്കുകയും ശുഷ്കാന്തിയോടെ നടപടികൾ സ്വീകരിക്കുകയും ചെയ്ത എജിയുടെ ഓഫീസിലെ ബന്ധപ്പെട്ട അഭിഭാഷകർ, പ്രത്യേകിച്ച് ശ്രീ. ഉണ്ണികൃഷ്ണൻ അഭിനന്ദനം അർഹിക്കുന്നു. ജിഎസ്ടി നിയമം വരുന്നതിനുമുമ്പ് ലോട്ടറിയുടെ മേൽ നികുതി ചുമത്താനുള്ള അധികാരം വലിയ തർക്കവിഷയമായിരുന്നു. ലോട്ടറിയിന്മേൽ Sale of Goods എന്ന നിലയിൽ നികുതി ഈടാക്കിയിരുന്നത് സുപ്രീംകോടതി വിലക്കി.
ലോട്ടറി ചരക്കല്ല, actionable ക്ലെയിമാണ് എന്നും Sale of Goods എന്നത് ഇവിടെ നടക്കുന്നില്ല എന്നതുമായിരുന്നു നിഗമനം. നികുതി ഈടാക്കാനാവില്ല എന്നതു മാത്രമല്ല, നിയന്ത്രണവും പറ്റാതെ വന്നു. ഭരണഘടനയുടെ ഏഴാം പട്ടികയിലെ രണ്ടാം ലിസ്റ്റിലെ ചൂതാട്ട നിയന്ത്രണം എന്ന entry നൽകുന്ന അധികാരം ഉപയോഗിച്ച് കേരളം നറുക്കെടുപ്പിന്മേൽ നികുതി കൊണ്ടുവന്നു. Kerala Tax on paper Lotteries Act. ഓരോ നറുക്കിന്മേലുമുള്ള നികുതി കൂട്ടി കൊണ്ടു വരികയും ചെയ്യും. ഇതര സംസ്ഥാന കൊള്ള ലോട്ടറികളെ വരിഞ്ഞു കെട്ടാനുള്ള ഒരു ടൂളായും ഈ നിയമത്തെ ഫലപ്രദമായി ഉപയോഗിച്ചു.
പഴയ Kerala Tax on paper Lotteries Act ഭരണഘടനാ വിരുദ്ധമാണ് എന്നു പറഞ്ഞ് ഈ ഇടനിലക്കാർ കേരള ഹൈക്കോടതിയിൽ കേസു നൽകിയിരുന്നു. സിംഗിൾ ബഞ്ച് സർക്കാരിന് അനുകൂലമായി വിധിച്ചു. ഇതര സംസ്ഥാന ഇടനിലക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചു. വാദം പൂർത്തിയായശേഷം വിധി അനന്തമായി നീണ്ടു. നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡിവിഷൻ ബഞ്ച് ഇടനിലക്കാർക്ക് അനുകൂലമായി ആ കേസിൽ വിധി പ്രസ്താവിച്ചു. അതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാരിനു വിജയം.
ഇപ്പോൾ ജിഎസ്ടി നിയമമാണ്. Kerala Tax on paper Lotteries Act പ്രകാരമുള്ള നികുതി ജിഎസ്ടിയിൽ ലയിച്ചു. ജിഎസ്ടി ലോട്ടറിയെ ചരക്കായി നിർണ്ണയിച്ചു. മറ്റു സംസ്ഥാനങ്ങൾ ഇടനിലക്കാർ വഴി നടത്തുന്ന ലോട്ടറിക്ക് 28 ശതമാനം, സംസ്ഥാന സർക്കാർ നേരിട്ടു നടത്തുന്ന ലോട്ടറിക്കു 12 ശതമാനം നികുതി. കേരളം ഈ ആവശ്യമാണു മുന്നോട്ടുവച്ചത്. മാസങ്ങൾനീണ്ട വാദപ്രതിവാദങ്ങൾക്കും ലോബിയിംഗിനുശേഷം നമ്മുടെ നിലപാട് അംഗീകരിക്കപ്പെട്ടു.
കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും കശ്മീർ ധനമന്ത്രി അസീബ് ഡ്രാബുവും ആണ് ഇതിനു നമ്മെ സഹായിച്ചത്. മറ്റു സംസ്ഥാന ലോട്ടറികൾക്ക് ഉയർന്ന നികുതി. നമ്മുടെ ലോട്ടറിയ്ക്ക് കുറഞ്ഞ നികുതി എന്ന ഇരട്ട താരിഫ് വന്നു. ഇട നിലക്കാർ വഴിയുള്ള ഇതര സംസ്ഥാന ലോട്ടറിയെ തടയാൻ ഈ വഴിയും നാം ഉപയോഗിച്ചു. അവർ കേസിനു പോയി. കോടതി ഇരട്ട നികുതി ഭരണഘടനാ വിധേയമാണെന്നു പറഞ്ഞു.
അപ്പീൽ നൽകുന്നതിനു പകരം അവർ ജിഎസ്ടി കൗൺസിലിനെ സ്വാധീനിക്കാനായി ശ്രമം. മന്ത്രി തല കമ്മിറ്റിയിൽ കേരളം ശക്തമായ പ്രതിരോധമുയർത്തി. ജിഎസ്ടി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി വോട്ടെടുപ്പ് നടന്നു. ഇടനിലക്കാർക്ക് കുറഞ്ഞ നികുതി വേണം എന്നതായിരുന്നു അവരുടെ വാദം. നാം പറഞ്ഞു നിലവിലുള്ള ഇരട്ട നികുതി തുടരണം. ബിജെപി ഇതര സംസ്ഥാന സർക്കാരുകളുമായി നാം ചർച്ച നടത്തി. വോട്ടിംഗിൽ ബിജെപി നിലപാടിനെ എതിർക്കും എന്നു കോൺഗ്രസ് സംസ്ഥാനങ്ങൾ പറഞ്ഞു.
എന്നാൽ വോട്ടെടുപ്പായപ്പോഴേയ്ക്ക് രാജസ്ഥാനും പഞ്ചാബുമെല്ലാം നിഷ്പക്ഷത പാലിച്ചു. നികുതി ഏകീകരിക്കപ്പെട്ടു. അപ്പോഴും കേരളം പൊരുതി. ഏകീകരണമല്ലേ പറയുന്നത്? ഇടനിലാക്കരുടെ നികുതി നിരക്ക് കുറച്ചു കൊണ്ടല്ല കേരളത്തിന്റെ നികുതി നിരക്ക് ഉയർത്തി ഏകീകരിക്കണം എന്നു പറഞ്ഞു. കുറഞ്ഞ നികുതിയിലേ അവർക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ പറ്റൂ. അല്ലെങ്കിൽ കണക്കിൽ കള്ളത്തരം കാട്ടണം. അതിനെ പിടിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവന്നു. അങ്ങനെ അവരെ അപ്പോഴും പ്രതിരോധിക്കാൻ കേരളത്തിനായി.
ഇന്നിപ്പോൾ എനിക്കെതിരെ സിക്കിം ഹൈക്കോടതിയിൽ കേസാണ്. സാന്റിയാഗോ മാർട്ടിനെ അപമാനിച്ചുവെന്നതാണ് കേസ്. എങ്ങനെയെങ്കിലും സിക്കിമിൽ ഞാൻ നേരിട്ടു ഹാജരാകുന്ന സ്ഥിതി സൃഷ്ടിക്കുകയെന്നതായിരുന്നു അവരുടെ പരിശ്രമം. കോവിഡിന്റെ പേരിൽ ഓൺലൈനായി ഹാജരായി. ഇപ്പോൾ ഒഴിവും തന്നിട്ടുണ്ട്. പക്ഷെ കേസ് ഏന്തിവലിഞ്ഞു പോകുന്ന മട്ടാണ്.
ഇതുവരെയുള്ള ഭാരിച്ച ചെലവ് പാർട്ടിയാണു വഹിച്ചത്. അതിനിടയിൽ സംസ്ഥാനത്തിനുള്ളിലെ ചില അഞ്ചാംപത്തികളുമായി കൂട്ടുചേർന്ന് മാഫിയ ലോട്ടറി വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ചില നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനെല്ലാമെതിരെ കേരള സർക്കാരും കേരള ഭാഗ്യക്കുറിയെ സ്നേഹിക്കുന്നവരും നിതാന്തജാഗ്രത പുലർത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha