ആഞ്ഞടിച്ച് കോടതി... നടിയെ ആക്രമിച്ച കേസില്‍ കുടുംബാംഗങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോടതി; 12 വയസു മാത്രം പ്രായമുള്ള മകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്; ഈ കസേരയുടെ അന്തസും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടു തന്നെയാണ് ഇവിടെ ഇരിക്കുന്നത്

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായകമായ നീക്കങ്ങള്‍ നടക്കുന്നതിനിടെ കോടതിയുടെ അതൃപ്തി. നടപടിയെടുത്താലും വേണ്ടില്ലെന്ന തരത്തില്‍ കോടതിയെ വിമര്‍ശിച്ച് അടുത്തകാലത്ത് നടിയുടെ സുഹൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു. അത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇപ്പോഴിതാ കോടതി വീണ്ടും കൂടിയപ്പോള്‍ തന്റെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ കോടതിക്ക് അതൃപ്തി പ്രകടിപ്പിച്ചു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.
കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവരുന്ന വിവാദങ്ങളിലേക്കു സ്വന്തം കുടുംബാംഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി വിചാരണക്കോടതി തുറന്ന കോടതിയില്‍ തന്നെ പ്രകടിപ്പിച്ചു.
വാദങ്ങള്‍ക്കിടയില്‍ ഒരുഘട്ടത്തില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ഇങ്ങനെയാണ് പ്രതികരിച്ചത്. 'കോടതിയുടെ പിതാവും ഭര്‍ത്താവും ചര്‍ച്ചകള്‍ക്കു വിഷയമാകുന്നു. 12 വയസ്സു മാത്രം പ്രായമുള്ള മകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്.'
ഇതോടെ പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കി. വിചാരണക്കോടതി സ്വാധീനത്തിനു വഴങ്ങിയെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കോടതി ജീവനക്കാര്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ എട്ടാം പ്രതി ദിലീപ് ശ്രമിച്ചതിന്റെ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു.
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടയിലാണു കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ വിചാരണക്കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് നിര്‍ദേശിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ 2020ല്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. അതേ ഹര്‍ജി വീണ്ടും സമര്‍പ്പിക്കാനുള്ള പുതിയ സാഹചര്യം എന്താണെന്നു വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചു. നിഗമനങ്ങളുടെ അടിസ്ഥാനത്തിലല്ല, മുന്നില്‍ പരിഗണനയ്ക്ക് എത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതികള്‍ക്കു തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളുവെന്നു കോടതി ചൂണ്ടിക്കാട്ടി.
അതേസമയം നടിയെ പീഡിപ്പിച്ച കേസില്‍ സ്വയം നീതിനിര്‍വഹണം നടത്താനുള്ള സമാന്തര സംവിധാനമുണ്ടാക്കാനാണു പ്രതികള്‍ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണം ഒരുഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ഈ പരാമര്‍ശത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
സമാന്തര നീതിനിര്‍വഹണ സംവിധാനം സാധ്യമല്ലെന്നും കോടതികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പാടില്ലെന്നും നിര്‍ദേശിച്ചു. കേസില്‍ ഇന്നലെ പ്രതിഭാഗം വാദം ഉന്നയിക്കാതിരുന്നിട്ടും പ്രോസിക്യൂഷനും വിചാരണക്കോടതിയും തമ്മിലുണ്ടായ വാദം നാലു മണിക്കൂര്‍ നീണ്ടു.
കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച വാദങ്ങള്‍ക്കെതിരെ വിചാരണക്കോടതി തന്നെ മറുചോദ്യങ്ങള്‍ ഉന്നയിച്ചതോടെ രാവിലെ 11 മണിക്കു തുടങ്ങിയ നടപടികള്‍ ഉച്ചയ്ക്കു 3 മണിവരെ നീണ്ടു. പ്രോസിക്യൂഷന്‍ മുഴുവന്‍ തെളിവുകളും ഹാജരാക്കിയ ശേഷം മാത്രം വാദം നടത്താമെന്നു പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. 19നു കേസ് വീണ്ടും പരിഗണിക്കും. അന്നും ശക്തമായ വാദപ്രതിവാദം നടക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha

























