ജൂവലറിയില്‍ നിന്ന് ഒന്നരപ്പവന്‍ മാലയുമായി കടന്നയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്...

ജൂവലറിയില്‍ നിന്ന് ഒന്നരപ്പവന്‍ മാലയുമായി കടന്നയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്...ഇടുക്കി തൊടുപുഴ സ്വദേശി ജോബി ജോര്‍ജ് (40) ആണ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ പിടിയിലായത്. ഗോവയിലെ കാസിനോ ഏജന്റാണ് അറസ്റ്റിലായ ജോബി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച 11.45-ഓടെ നഗരത്തിലെ ജൂവലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാള്‍ യു.പി.ഐ. വഴി പണം അടച്ചെന്ന് ജൂവലറി ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. 61,766 രൂപ വിലവരുന്ന 11.79 ഗ്രാം തൂക്കമുള്ള മാലയാണ് മോഷ്ടിച്ചത്.
ജീവനക്കാര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം ലഭിക്കാത്തത് ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് കാസര്‍കോട് ടൗണ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മോഷണം നടത്തിയശേഷം കാഞ്ഞങ്ങാട് എത്തിയ പ്രതി അവിടെയുള്ള ജൂവലറിയില്‍ 54,500 രൂപയ്ക്ക് സ്വര്‍ണം വില്പന നടത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരത്തോടെ ജൂവലറി പരിസരത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഏജന്‍സി ആവശ്യത്തിന് കാസര്‍കോട്ടെത്തിയ പ്രതി കൈയിലെ പണം തീര്‍ന്നതോടെയാണ് മാല മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha