കൂളിമാട് പാലത്തിൽ വിജലിൻസിറങ്ങി... മരുമോനെ പൂട്ടാൻ പിണറായി പോലീസ്.... ജാക്കി ചതിച്ചെന്ന് കിഫ്ബി

നിർമാണത്തിനിടെ ബീമുകൾ തകർന്ന കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്നും പരിശോധന നടത്തും. നിർമാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.
ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം. അൻസാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണെന്നാണ് കേരള റോഡ് ഫണ്ട് ബോർഡ് സർക്കാരിന് നൽകിയ റിപ്പോർട്ട്.
തകർന്ന ബീമുകൾക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്നും പിഡബ്ല്യുഡി വിജിലൻസ് വിഭാഗം വ്യക്തമാക്കി. കോഴിക്കോട് - മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് പ്രധാന ബീമുകളാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. അടിയന്തിര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചതിന്റെ തൊട്ടു പുറകെയാണ് ആഭ്യന്തര അന്വേഷണ വിഭാഗം പരിശോധനക്കെത്തിയത്.
തകർന്ന ബിമുകള്‍, പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലൻസ് സംഘം പരിശോധിച്ചു. നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തും. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിർമാണത്തിൽ അപാകത ഉണ്ടോ എന്ന് തുടർ പരിശോധനകളിൽ വ്യക്തമാകും.
വിവര ശേഖരണം നടത്തുന്നതിന്‍റെ ഭാഗമായി പരിസരവാസികളിൽ നിന്നുൾപ്പെടെ സംഘം വരും ദിവസങ്ങളിൽ മൊഴിയെടുക്കും. ഹൈഡ്രോളിക് ജക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ട് എന്നാണ് സൂചന. ഇതുൾപ്പെടെ പരിഗണിച്ച ശേഷമാകും വിജിലൻസ് സംഘം അന്തിമ റിപ്പോർട്ട് നൽകുക.
ചാലിയാർ പുഴയ്ക്ക് കുറുകെ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് 2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്.
കൂളിമാട് കടവ് പാലത്തിന്‍റെ തകര്‍ച്ചയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക വേളയില്‍ പൊതുമരാമത്ത് വകുപ്പിനെ വെട്ടിലാക്കുന്നത്. അപകടത്തിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ചും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നിലവില്‍ ഒന്നിലേറെ പാലങ്ങള്‍ ഉളള പ്രദേശത്താണ് 25 കോടി രൂപ ചെലവിട്ട് പുതിയൊരു പാലം നിര്‍മിച്ചത് എന്നത് വകുപ്പിന്‍റെയും കിഫ്ബിയുടെയും കാര്യക്ഷമത സംബന്ധിച്ചും ചോദ്യങ്ങളുയര്‍ത്തുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോഴിക്കോട്ട് നിര്‍മിക്കുന്ന പ്രധാന പദ്ധതികളിലൊന്നായിരുന്നു കൂളിമാട് പാലം. വാര്‍ഷിക വേളയില്‍ സര്‍ക്കാരിന്‍റെ വലിയ നേട്ടമായി അവതരിപ്പിക്കാനിരുന്ന പദ്ധതി. കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് ബിമുകളില്‍ വന്ന തകര്‍ച്ച 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് മാത്രമല്ല പൊതുമരാമത്ത് വകുപ്പിന്‍റെ ആകെ പ്രവര്‍ത്തനങ്ങളെക്കൂടിയാണ് സജീവ ചര്‍ച്ചയിലേക്കും സൂക്ഷ്മ നിരീക്ഷണത്തിലേക്കും കൊണ്ടുവരുന്നത്.
കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരുന്നു നിര്‍മാണച്ചുമതല. ഐഎസ്ഓ 9001 അംഗീകാരമുളള പ്രമുഖ കമ്പനിയും മുന്‍കൂര്‍ യോഗ്യതയുളള കരാറുകാരുമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസിറ്റിക്കാണ് കരാര്‍ കിട്ടിയത്. സര്‍ക്കാരിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും അഭിമാന പദ്ധതികളിലൊന്നായി അവതരിപ്പിക്കാനിരുന്ന ഈ പാലത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയിരുന്നത് റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥര്‍. ഇത്രയെല്ലാമായിട്ടും പാലത്തിന്‍റെ പ്രധാന മൂന്ന് ബീമുകളാണ് തകര്‍ന്ന് വീണത്. 25 ലക്ഷം രൂപ വീതം ചെലവിട്ട് നിര്‍മിച്ച ബീമുകളാണ് തകര്‍ന്നത്.
അതേസമയം, കോഴിക്കോട് കൂളിമാട് പാലത്തിലെ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രത്തകരാണെന്ന് കിഫ്‌ബിയുടെ വിശദീകരണം. നിർമ്മാണത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്‌ചയുണ്ടായിട്ടില്ലെന്നും കിഫ്‌ബി വ്യക്തമാക്കി. ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകൾക്കുണ്ടായ യന്ത്രത്തകരാറാണ് അപകടത്തിന് ഇടയാക്കിയത്. തൊഴിൽനൈപുണ്യവുആയി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ മാത്രമാണ് അപകടത്തിന് കാരണമായത്. ഗർഡറുകളുടെ ക്യൂബ് സ്‌ട്രെംഗ്‌ത് തൃപ്തികരമായ നിലയിൽ ആണെന്നും കിഫ്‌ബി അറിയിച്ചു.
കിഫ്ബിയുടെ കുറിപ്പ് ഇങ്ങനെയാണ്....
കൂളിമാട് പാലം അപകടം: കാരണം ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രത്തകരാറ്; ഗർഡറുകൾ തൃപ്തികരമാംവിധം ഉറപ്പുള്ളത്
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ നിർമാണവേളയിൽ ഗർഡറുകൾ വീണുണ്ടായ അപകടത്തിന്റെ കാരണങ്ങൾ വിശദമാക്കാനാണ് ഈ കുറിപ്പ്. നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തിൽ മനസിലായിട്ടുള്ളത്.
യഥാർഥ കാരണം ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകൾക്കുണ്ടായ യന്ത്രത്തകരാറാണ് എന്നാണ് പ്രഥമദൃഷ്ട്യ മനസിലായിട്ടുള്ളത്.അതായത് ഗുണനിലവാര പ്രശ്‌നമല്ല തൊഴിൽനൈപുണ്യം(workmanship)ആയി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ മാത്രമാണ് അപകടത്തിന് കാരണമായത്. ഗർഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയിൽ തന്നെയാണുള്ളത്.
അപകടത്തിന്റെ് കാരണങ്ങളെക്കുറിച്ച് വിശദമാക്കാം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.ഇതനുസരിച്ച് ഫൗണ്ടേഷനും സബ് സ്ട്രക്ചറും പൂർത്തിയായി. സൂപ്പർ സ്ട്രക്ചറിന്റെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിർമാണ പുരോഗതി എഴുപത്തെട്ട് ശതമാനമാണ്. സൈറ്റിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗർഡറുകളുടെ നിർമാണം.
താൽക്കാലിക താങ്ങും ട്രസും നൽകി പിയർ ക്യാപിന്റെ മധ്യത്തിലായാണ് ഗർഡറുകൾ നിർമിച്ചത്. തൊണ്ണൂറ് മെട്രിക് ടൺ ആണ് ഓരോ ഗർഡറിന്റെയും ഏകദേശഭാരം.ആദ്യ ഘട്ട സ്‌ട്രെസിങ്ങിനു ശേഷം ഓരോ ഗർഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും.കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗർഡറുകളെ 100-150മെട്രിക് ടൺ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയർത്തും.മെയ് 16 ന് മൂന്നാം ഗർഡറിനെ പുഴയുടെ രണ്ടു ദിശകളിലായി
രണ്ടു ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു. ഈ രണ്ടു ഹൈഡ്രോളിക് ജാക്കുകളുടെയും ചലനങ്ങൾ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിലെ താഴ്ത്തൽ പൂർത്തിയായ ശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റൺ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടർന്ന് മൂന്നാം ഗർഡർ ഒരു വശത്തേക്ക് ചരിയുകയും ആണ് ഉണ്ടായത്.
ഇതേത്തുടർന്ന് മൂന്നാം ഗർഡർ രണ്ടാം ഗർഡറിന്റെ പുറത്തേക്ക് വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗർഡർ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗർഡറിന്റെ മേൽ പതിച്ചു. ഈ ആഘാതത്തെ തുടർന്ന് ഒന്നാം ഗർഡർ പുഴയിലേക്ക് വീഴുകയും ചെയ്തു. അതായത് ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനത്തിലോ പ്രവർത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തിൽ കലാശിച്ചത്. അല്ലാതെ ഗർഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണ്
https://www.facebook.com/Malayalivartha