ആകാശം പൊക്കം ഉയരമുള്ള തെങ്ങ് മറിച്ചിട്ട് തേങ്ങ ശാപ്പിട്ടു; മൂടോടെ കപ്പ പറിച്ചു തിന്നു; ചക്കയും മാങ്ങയും മാവിൽ നിന്ന് അടിച്ചെടുത്ത് അകത്താക്കി; മുണ്ടക്കയം കോരുത്തോട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടുകാർക്ക് ശല്യമാകുന്നു

മുണ്ടക്കയം കോരുത്തോട്ടിൽ കാട് വിട്ട് കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനക്കൂട്ടം നാട്ടുകാരെ വിറപ്പിക്കുന്നു. വീട്ടു മുറ്റത്ത് നിന്ന് തെങ്ങ് തള്ളിമറിച്ചിട്ട ശേഷം തേങ്ങയും ഓലയും അടക്കം ശാപ്പിട്ട് നാട്ടുകാർക്ക് മുഴുവൻ ശല്യമായി മദിച്ചു നടക്കുകയാണ് കൊമ്പന്മാർ. കൊമ്പനും പിടിയും കുട്ടിയാനയും അടങ്ങുന്ന സംഘം അഴിഞ്ഞാടി നടക്കുന്നതോടെ കൃഷിസ്ഥലം ഏതാണ്ട് പൂർണമായും തകർത്തു തരിപ്പണമാക്കിയിട്ടുണ്ട്.
പലയിടത്തും വീടുകൾക്കു മുന്നിലുള്ള ചെറിയ കൃഷികൾ പോലും ആനക്കൂട്ടത്തിന്റെ അക്രമത്തിന് ഇരയായിട്ടുണ്ട്. ശല്യമായതോടെ നാട്ടുകാർ വനം വകുപ്പിൽ പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസമാണ് വീണ്ടും കാട്ടാനക്കൂട്ടം മുണ്ടക്കയം പ്രദേശത്തേയ്ക്കിറങ്ങിയത്.
പഞ്ചായത്തിന്റെ അഞ്ചാം വാർഡിലാണ് ആനക്കൂട്ടം എത്തിയത്. തുടർന്ന് , അഞ്ചാം വാർഡ് കണ്ടക്കയത്ത് പെട്ടത്താനത്ത് തോമ, മാളിയേക്കൽ ടോമി എന്നിവരുടെ പുരയിടത്തിൽ കയറിയ ആനക്കൂട്ടം വാഴ കപ്പ തെങ്ങ് എന്നിവ അടക്കം നശിപ്പിച്ചു.
കാട്ടാന, കാട്ടുപോത്ത്, കുരങ്ങൻ എന്നിവയും പ്രദേശത്ത് പല ദിവസങ്ങളിലും ആക്രമണം നടത്തുന്നുണ്ട്. ഈ ജീവികളെല്ലാം നിരന്തരം കൃഷി നശിപ്പിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ. ഈ സാഹചര്യത്തിൽ പ്രദേശത്ത് ഫെൻസിംങോ, കിടങ്ങോ വൈദ്യുതി വേലികളോ സ്ഥാപിച്ച് നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha
























