മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച വധശ്രമക്കേസ്... ഹൈക്കോടതി അനുവദിച്ച ജാമ്യ ബോണ്ട് ജില്ലാ കോടതിയില്‍ ഹാജരാക്കി, പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു, ഈ മാസം 23 വരെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കി, പ്രതികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കോടതി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പോലീസെടുത്ത വ്യോമയാന - വധശ്രമ കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യ ഉത്തരവ് പ്രതിഭാഗം തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. വി.ബാലകൃഷ്ണന്‍ മുമ്പാകെ ഹാജരാക്കി. ജാമ്യക്കാര്‍ ഹാജരായതിനെ തുടര്‍ന്ന് ജാമ്യരേഖകള്‍ പരിശോധിച്ച കോടതി
പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ഉത്തരവിട്ടു. ജയില്‍ സൂപ്രണ്ടിന് റിലീസ് ഉത്തരവും പുറപ്പെടുവിച്ചു. വ്യാഴാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജൂണ്‍ 13ന് അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിട്ടുള്ള ഒന്നും രണ്ടും പ്രതികളായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍ മജീദ് (27) , തലശ്ശേരി പട്ടാന്നൂര്‍ സ്വദേശി ആര്‍.കെ. നവീന്‍കുമാര്‍ (37) എന്നിവരെ റിലീസ് ചെയ്യാനാണുത്തരവ്.
ഈ മാസം 23 വരെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ജില്ലാ കോടതി വിട്ടു നല്‍കിയിരുന്നു. പ്രതികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് അപേക്ഷ അനുവദിക്കുകയായിരുന്നു. വ്യോമയാന കേസ് കേള്‍ക്കാന്‍ തലസ്ഥാന ജില്ലയില്‍ ഡെസിഗ്‌നേറ്റഡ് സ്‌പെഷ്യല്‍ കോടതി രൂപീകരിച്ചിച്ചതായ ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. നോട്ടിഫിക്കേഷന്‍ ഉണ്ടെങ്കില്‍ ചൊവ്വാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അപ്രകാരം നോട്ടിഫിക്കേഷന്‍ ഇല്ലെങ്കില്‍ മാത്രമേ ഈ കോടതിയ്ക്ക് സ്‌പെഷ്യല്‍ കോടതിയുടെ അധികാരം പ്രയോഗിച്ച് ഈ കേസില്‍ വാദം കേള്‍ക്കാനും വിചാരണ ചെയ്യാനും സാധിക്കൂവെന്ന് വ്യക്തമാക്കിയ കോടതി പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചിരുന്നു.
ഗൂഢാലോചന തെളിയിക്കാനും കൂടുതല്‍ പ്രതികള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വെമ്പായം .എ. ഹക്കിം കോടതിയില്‍ വാദമുന്നയിച്ചിരുന്നു.
ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതിയുടെ ഒളിയിടം കണ്ടു പിടിക്കുന്നതിനും സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുന്നതിനും പ്രതികളുടെ സാന്നിദ്ധ്യത്തിലുള്ള അന്വേഷണം അനിവാര്യമായതിനാല്‍ കസ്റ്റഡി അപേക്ഷ അനുവദിക്കണമെന്നും ബോധിപ്പിച്ചു. അതേസമയം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനാശനം ചെയ്യാന്‍ സര്‍ക്കാര്‍ സ്വാധീനത്താല്‍ പോലീസ് തിരക്കഥയില്‍ വ്യാജ വധശ്രമക്കുറ്റമാരോപിച്ച് ഫിറ്റ് ചെയ്ത് എടുത്ത കള്ളക്കേസാണിതെന്നും പ്രതികള്‍ ബോധിപ്പിച്ചു.
മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ഹവാല - അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും അഴിമതിയാരോപണം നേരിടുന്ന മുഖ്യമന്ത്രിയ്ക്ക് വില കുറഞ്ഞ പബ്ലിസിറ്റിയും വ്യാജ ഇമേജും സൃഷ്ടിക്കാന്‍ മെനഞ്ഞെടുത്ത കള്ളക്കേസാണിത്. നിരായുധരായും സമാധാനപരമായും യാതൊരു ദേഹോപദ്രമോ നാശനഷ്ടമോ വരുത്താതെ വിമാനത്തിനുള്ളില്‍ വെറും മുദ്രാവാക്യം മാത്രം വിളിച്ച് പ്രതിഷേധിച്ച തങ്ങള്‍ക്കെതിരെ വധശ്രമക്കേസ് നിലനില്‍ക്കില്ല. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് സിവില്‍ ഏവിയേഷന്‍ നിയമപ്രകാരമുള്ള കുറ്റത്തിന് തങ്ങളെ പോലീസ് കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.
വധശ്രമക്കേസ് നിലനില്‍ക്കണമെങ്കില്‍ ശരീരത്തിന്റെ വൈറ്റല്‍ ഭാഗങ്ങളിലോ ശരീരത്തിലെ ഏതെങ്കിലും അവയവങ്ങള്‍ക്കോ മരണകാരണമായേക്കാവുന്ന മുറിവുകള്‍ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ അടുത്ത് പോലും പോകാത്ത തങ്ങള്‍ക്കെതിരെ വധശ്രമമാരോപിച്ച് എടുത്ത കള്ള കേസില്‍ തങ്ങളെ കസ്റ്റഡിയില്‍ വിട്ടു നല്‍കേണ്ട ആവശ്യമില്ല. തങ്ങളെ കസ്റ്റഡി ആവശ്യപ്പെടുന്നത് തങ്ങളെ മാനസികമായും ശാരീരികമായി പീഡിപ്പിക്കാനാണ്. അതിനാല്‍ ചെയ്യാത്ത കുറ്റത്തിനുള്ള കസ്റ്റഡി ആപേക്ഷ തള്ളണമെന്നും പ്രതികള്‍ ബോധിപ്പിച്ചു.
അതേ സമയം ജാമ്യം നിരസിച്ച മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കേയാണ് പോലീസ് കസ്റ്റഡി ആവശ്യവുമായി വിചാരണക്കോടതിയായ ജില്ലാക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിവില്‍ ഏവിയേഷന്‍ നിയമപ്രകാരം വിചാരണക്കായി സ്‌പെഷ്യല്‍ കോടതി രൂപീകരിക്കേണ്ടതുണ്ട്. അത് നാളിതുവരെ രൂപീകരിക്കാത്ത സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത്.
ജൂണ്‍ 13ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിയെന്നും നയതന്ത്ര ഓഫീസില്‍ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹക്കട്ടികള്‍ കടത്തിയെന്നും മകള്‍ക്ക് വേണ്ടി സുല്‍ത്താനുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചുവെന്നും ജയിലില്‍ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കാത്തു നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കല്‍ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.
വിമാനത്തില്‍ മുന്‍ഭാഗത്താണ് പ്രതികള്‍ക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാന്റ് ചെയ്തപ്പോള്‍ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി. തുടര്‍ന്ന് ഇവര്‍ വിമാനത്തില്‍ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോള്‍ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടര്‍ന്ന് ജയരാജന്‍ ഇവരെ പിടിച്ചു തള്ളി താഴെയിടുകയായിരുന്നു.
സിവില്‍ ഏവിയേഷന്‍ നിയമ കേസ് സ്‌പെഷ്യല്‍ കോടതി വിചാരണ ചെയ്യേണ്ടതിനാല്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് റെക്കോര്‍ഡുകള്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു.
കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഹൈക്കോടതി ഉപാധികളോടെ അനുവദിച്ചു. പട്ടാന്നൂര്‍ കുന്നോത്തെ ചന്ദ്രാലയത്തില്‍ സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. സുനിത് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്.
"
https://www.facebook.com/Malayalivartha
























