'നിങ്ങള്‍ക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതല്‍ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റും'; എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് പിന്തുണ; പ്രമുഖ നടന്മാര്‍ പ്രതികരിക്കുന്നു..

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് വലിയ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമെ സംഭവത്തെ എതിര്‍ത്ത് സിപിഎം നേതാക്കളും രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ എംപി ഓഫീസിന് നേരെ നടന്ന ആക്രമണത്തെ പ്രതികൂലിച്ചിരിക്കുകയാണ് നടന്മാരായ ഹരീഷ് പേരടിയും ജോയ് മാത്യുവും. പൊതുവെ ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണ് ഹരീഷ് പേരടി. എന്നാല്‍ ഇന്നലെ നടന്ന ആക്രമണത്തെ അദ്ദേഹം എതിര്‍ക്കുകയും രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുകയാണ്.
"നിങ്ങള്‍ക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതല്‍ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റും" -- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.
''ഒരു എംപി യുടെയോ എംഎല്‍എയുടെയോ ഓഫീസ് എന്നാല്‍ അത് പൊതുജനങ്ങളുടെ സ്വത്താണ് , അവരുടെ ആശാകേന്ദ്രമാണ്. ജനപ്രതിനിധി ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അയാള്‍ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ് ,അങ്ങിനെ ആയിരിക്കുകയും വേണം . കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ്.അത് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസല്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്. അത് തല്ലിത്തകര്‍ക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്''-- ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്..
എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തെ എതിര്‍ത്ത് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എംഎ ബേബി എന്നിവരും രംഗത്ത് വന്നിരുന്നു. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനെ പ്രതികൂലിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പിഎം ആര്‍ഷോയും രംഗത്തെത്തി.
ഈ മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നാണ് പ്രസ്താവനയിലൂടെ ഇരുവരും അറിയിച്ചത്. മാത്രമല്ല എംപി ഓഫീസിന് നേരെ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.
മണ്ഡലത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി എംപി എന്ന നിലയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്ന് ആരോപിച്ചാണ് ഒരു കൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കടന്നു കയറി പ്രതിഷേധിച്ചത്. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ അടിച്ച് തകര്‍ക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
https://www.facebook.com/Malayalivartha























