എന്റെ പതിനായിരം എണ്ണിവാങ്ങിയതാ... തിലകനെ അമ്മയില്‍ നിന്നും പുറത്ത് ചാടിച്ചവര്‍ മകന്‍ ഷമ്മി തിലകനേയും പുറത്താക്കുന്നു; ഷമ്മി തിലകനെതിരെ നടപടിയെടുക്കും, പുറത്താക്കിയിട്ടില്ലെന്ന് അമ്മ; മമ്മൂട്ടിയുടെ നീക്കം ഫലം കാണില്ല; ആഞ്ഞടിക്കാനൊരുങ്ങി ഷമ്മി തിലകന്

തിലകന് അമ്മയ്‌ക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ ഇപ്പോഴും നില്‍ക്കുകയാണ്. അതിനിടെ തിലകനെതിരെ പ്രവര്‍ത്തിച്ചവര്‍ തന്നെ മകന്‍ ഷമ്മി തിലകനേയും അമ്മയില്‍ നിന്നും പുറത്താക്കാന്‍ ഗൂഢ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഷമ്മി തിലകന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പുറത്താക്കിയാല്‍ പല കാര്യങ്ങളും തുറന്ന് പറയാനിരിക്കുകയാണ് ഷമ്മി.
അതേസമയം വിജയ് ബാബു സേഫ് സോണിലുമായി. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരുന്നു വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണോ എന്നതും.
വിജയ്ബാബുവിനെ രക്ഷിക്കാനാണ് നോക്കിയത്. എന്നാല്‍ ഷമ്മിയ്‌ക്കെതിരെ നീങ്ങി. ഷമ്മി തിലകനെതിരെ നടപടിയെടുക്കുമെന്നാണ് സൂചന. നടപടിക്ക് അമ്മ എക്‌സിക്യൂട്ടീവിനെ ജനറല്‍ബോഡി ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിലക്ക് നേരിട്ടിരുന്ന സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ സഹകരിച്ചതും അമ്മക്കെതിരെ ശബ്ദിച്ചതുമാണ് തിലകന് വിലക്കുവരാനുള്ള കാരണം. പക്ഷേ അവസാനകാലത്ത് ശക്തമായ തിരിച്ചുവരവും നടത്തിയിരുന്നു അദ്ദേഹം. കൂടാതെ തിലകന്‍ തങ്ങളിലൊരാളാണെന്ന് താരസംഘടനയ്ക്ക് പറയേണ്ടിയും വന്നു. അതിന് ഹേതുവായത് മകന്‍ ഷമ്മി തിലകന്റെ ശക്തമായ ഇടപെടലുകളാണ്. അതേയാള്‍ക്കാണ് ഇപ്പോള്‍ പിതാവിന് സമാനമായി സംഘടനയില്‍ നിന്ന് പുറത്തുപോകേണ്ടി വരുന്നത്.
2010 ലാണ് തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നുള്ള വിമര്‍ശനവും സൂപ്പര്‍സ്റ്റാറുകളുടെ മേല്‍ക്കോയ്മ ചോദ്യം ചെയ്തതുമാണ് തിലകന് പുറത്തേക്കുള്ള വഴി തുറന്നത്. തിലകനോട് അമ്മ കാണിച്ച അനീതിയില്‍ പ്രതിഷേധിച്ച് 2009 മുതല്‍ സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ഷമ്മി. നടന്‍ മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷമ്മി തിലകന്‍ അമ്മയിലേക്ക് തിരികെ എത്തുന്നത്. മോഹന്‍ലാലില്‍ വിശ്വാസമുണ്ടെന്നും അച്ഛന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
പുറത്താക്കുമെന്ന വാര്‍ത്ത വന്നതോടെ മാധ്യമങ്ങളെ വിളിച്ച് ശക്തമായി പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകന്‍. താരസംഘടനയായ അമ്മയില്‍നിന്നു പുറത്താക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ലന്ന് നടന്‍ ഷമ്മി തിലകന്‍ പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്, മാഫിയ സംഘമെന്ന് ആരെയും പറഞ്ഞിട്ടില്ല. അമ്മയില്‍നിന്നു നീതി ലഭിക്കും, ചില ഭാരവാഹികളില്‍നിന്നു നീതി പ്രതീക്ഷിക്കുന്നില്ല. അച്ഛനോടുള്ള വ്യക്തിവിരോധമാണ് അതിനു കാരണമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
ഞാന്‍ എന്തുകൊണ്ടാണ് ശബ്ദം ഉയര്‍ത്തുന്നതെന്നും എന്താണ് എന്റെ ആരോപണങ്ങളെന്നും അറിയാവുന്നവര്‍ അമ്മയില്‍ വളരെ കുറച്ചു പേര്‍ക്കാണ്. ബാക്കിയുള്ളവര്‍ എന്റെ ഭാഗം മനസ്സിലാക്കിയിട്ടില്ല. അതിനാലാണ് അവര്‍ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. സംഘടനാ ചട്ടങ്ങളെല്ലാം പാലിച്ചു കൊണ്ട് പലതവണ ഭാരവാഹികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. അതെല്ലാം വളരെ കുറച്ചു പേര്‍ക്കേ അറിയൂ.
അമ്മ സംഘടനയോട് ഒരു വിരോധവുമില്ല. സംഘടനയെ സ്വന്തം അമ്മയെപ്പോലെയാണ് കാണുന്നത്. ഞാന്‍ എഴുതിയ കത്തുകളിലും 'അമ്മ അറിയാന്‍' എന്നാണ് സംബോധന ചെയ്തിട്ടുള്ളത്. അമ്മ എന്ന സംഘടന സ്ഥാപിതമായത് എന്റെ പണം കൂടി ഉപയോഗിച്ചാണ്. അമ്മയില്‍ മൂന്നാമത് അംഗത്വം എടുത്തത് ഞാനാണ് എന്നാണ് എന്റെ ഓര്‍മ. മണിയന്‍പിള്ള രാജുവിന്റെ കയ്യിലാണ് അന്ന് സംഘടനയില്‍ അംഗത്വം എടുത്തുകൊണ്ടുള്ള 10,000 രൂപ നല്‍കിയത്. അമ്മയുടെ ലെറ്റര്‍പാഡിന്റെ പണം ഞാനാണ് നല്‍കിയത്. ഈ ലെറ്റര്‍ പാഡില്‍ തന്നെ എന്നെ പുറത്താക്കാന്‍ വരട്ടെ. അപ്പോള്‍ പ്രതികരിക്കാം. മമ്മൂക്ക അടക്കം ചിലര്‍ എന്നെ പുറത്താക്കരുത് എന്ന് ആവശ്യപ്പെട്ടെന്നാണ് കേട്ടത്. മമ്മൂക്ക അതു നേരത്തെയും പറഞ്ഞിട്ടുണ്ട്. താക്കീത് നല്‍കിയാല്‍ മതിയെന്ന് ചിലര്‍ പറഞ്ഞു. പിന്നീട് എല്ലാ തെളിവുകളും പുറത്ത് വിടുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























