വഴിവിളക്ക് പ്രകാശിച്ചില്ലെങ്കിലും ലൈനുകളിലെ ടച്ചിങ്സ് വെട്ടിയില്ലെങ്കിലുമെല്ലാം നാട്ടുകാർ പഴിക്കുന്നത് കെഎസ്ഇബിയെ; എച്ച്എംടിയുടെ വൈദ്യുതി അപടകരമാം വിധം കാടു കയറി!

എന്തിനും ഏതിനും പഴികേൾക്കുന്നത് കെഎസ്ഇബി. കളമശ്ശേരി എച്ച്എംടി – മെഡിക്കൽ കോളജ് റോഡിൽ സീപോർട്ട്– എയർപോർട്ട് റോഡ് ജംക്‌ഷൻ മുതൽ എച്ച്എംടി ക്വാർട്ടേഴ്സ് വരെയുള്ള വൈദ്യുതി പോസ്റ്റുകളും വഴിവിളക്കുകളുമെല്ലാം എച്ച്എംടി കമ്പനിയുടേതാണ്. എന്നാൽ ഇവയുടെ പരിപാലനത്തിലെ വീഴ്ചകളിൽ പഴി കിട്ടുന്നത് കെഎസ്ഇബിക്കാണെന്ന് റിപ്പോർട്ട്. വഴിവിളക്ക് പ്രകാശിച്ചില്ലെങ്കിലും ലൈനുകളിലെ ടച്ചിങ്സ് വെട്ടിയില്ലെങ്കിലുമെല്ലാം നാട്ടുകാർ പഴിക്കുന്നത് ഇതിൽ പങ്കില്ലാത്ത കെഎസ്ഇബിയെ ആണ്.
എന്നാൽ കെഎസ്ഇബിയുടെ സബ്സ്റ്റേഷനിൽ നിന്ന് എച്ച്എംടി സബ് സ്റ്റേഷനിലേക്കു ഹൈ ടെൻഷൻ ലൈനിലൂടെ വൈദ്യുതി എത്തിച്ചു നൽകുന്നത് കെഎസ്ഇബിയാണ്. അവിടെനിന്നു പോസ്റ്റ് സ്ഥാപിച്ചുള്ള വിതരണത്തിന്റെ പൂർണ ചുമതല എച്ച്എംടിക്കാണ് ഉള്ളത്. എച്ച്എംടി റോഡിലൂടെ കമ്പനി ക്വാർട്ടേഴ്സ് വരെ സ്ഥാപിച്ചിട്ടുള്ള ഈ വൈദ്യുതി പോസ്റ്റുകൾ അപടകരമാം വിധം കാടു കയറിക്കിടക്കുന്നതായി കാണാം. ഇതുമൂലം വഴിയാത്രക്കാരും അപകടഭീഷണിയിലാണ്. എച്ച്എംടി ക്വാർട്ടേഴ്സ് വരെയുള്ള പോസ്റ്റുകളിൽ പലതിലും വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല ദിവസങ്ങളിലും പ്രകാശിക്കാറില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അതോടൊപ്പം തന്നെ എച്ച്എംടി ക്വാർട്ടേഴ്സ് മുതൽ മെഡിക്കൽ കോളജുവരെ വഴിവിളക്കില്ല. മെഡിക്കൽ കോളജ് അടക്കം ജില്ലയിലെ പ്രധാന വികസന പദ്ധതികൾ കേന്ദ്രീകരിച്ചിട്ടുള്ള സ്ഥലത്തേക്കുള്ള പ്രധാന വഴി രാത്രിയിൽ പൂർണമായും ഇരുട്ടിലാണ് കഴിയുന്നത്. പുതിയ ലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിക്കാൻ നഗരസഭയും ബന്ധപ്പെട്ട അധികാരിളും നടപടി സ്വീകരിക്കുന്നില്ല. ഇരുട്ടിന്റെ മറവിൽ പ്രദേശത്ത് ശുചിമുറി മാലിന്യമുൾപ്പെടെ കൊണ്ടുവന്നു തള്ളുകയാണ്. കഴിഞ്ഞ ദിവസം കൈപ്പടമുകൾ റോഡിൽ ജനങ്ങൾക്ക് സഞ്ചരിക്കാനാവാത്തവിധം രാത്രിയിൽ ശുചിമുറി മാലിന്യം തള്ളിയിരുന്നു. ഇതുമൂലം സാമൂഹികവിരുദ്ധരുടെയും അലഞ്ഞുതിരിയുന്ന നായ്ക്കളുെടെയും മറ്റും ശല്യവും നാട്ടുകാർ നേരിടുന്നു.
https://www.facebook.com/Malayalivartha























