ഇടുക്കിയിൽ അതിതീവ്ര മഴ, അഞ്ച് ഡാമുകളില്‍ ജാഗ്രതാ നിര്‍ദേശം, മണ്ണിടിച്ചിൽ ഭീതിയിൽ മലയോരമേഖല, 41 കുടുംബങ്ങളിലെ 115 പേരെ ക്യാമ്പുകളിലേക്ക് മാറ്റി

ഇടുക്കിയിലെ അഞ്ച് ഡാമുകളില്‍ ജാഗ്രതാ നിര്‍ദേശം. പൊന്മുടി, കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, പാംബ്ല, കണ്ടള, മൂഴിയാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളിലാണ് റെഡ് അലേര്‍ട്ടുള്ളത്. അതിതീവ്ര മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് ഏഴ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 21 ഡാമുകളുടെ ഷട്ടറുകള്‍ ഇതുവരെ ഉയര്‍ത്തിയിട്ടുണ്ട്. മിന്നല്‍ പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡാമുകള്‍ പെട്ടന്ന് നിറയുന്നത് ഒഴിവാക്കാനാണ് നീക്കം.
തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊന്മുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തി. മാത്രമല്ല, എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം, വയനാട് കാരാപ്പുഴ, കാഴിക്കോട് കുറ്റ്യാടി ഡാം, കണ്ണൂരില്‍ പഴശ്ശി ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. നേരത്തെ കക്കയം ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിരുന്നു.
ഇടുക്കിയിൽ മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ മണ്ണിടിച്ചിൽ ഭീതിയിൽ മലയോരം. ചിത്തിരപുരത്ത് മണ്ണിടിഞ്ഞു വീടിന്റെ ഭിത്തി തകർന്ന് വീട്ടമ്മയ്ക്ക് പരുക്കേറ്റു. ഉരുൾപൊട്ടൽ സാധ്യതയുള്ളയിടത്തു നിന്ന് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി.ഇന്നലെ രാത്രിയിൽ ശക്തമായി പെയ്‌ത മഴയ്ക്ക് രാവിലെ അല്പം ശമനമായിരുന്നു.
എന്നാൽ ഉച്ചയോടെ മഴ കനത്തു. 41 കുടുംബങ്ങളിലെ 115 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ മഴയിൽ മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. മലങ്കര ഡാം തുറന്നതിനാൽ തൊടുപുഴ, മുവാറ്റുപുഴ ആറുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തീരത്തുള്ളവർ ജാഗ്രത പുലർത്തണം. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം നിരോധിച്ചു.
https://www.facebook.com/Malayalivartha