അവളുടെ പോക്ക് അത്ര ശരിയല്ലല്ലോ! അത് വെറുതെയല്ല അവളുടെ ലക്ഷ്യങ്ങളിലേയ്ക്കുള്ള പോക്കാണ്, വഴിയേ ശരിയായിക്കോളും!, റീൽ ഹീറോസിന്റെ തനി നിറം പുറത്തായതോടെ അടപടലം എയറിൽ നിർത്തി ട്രോളന്മാർ...

ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ വീഴ്ത്തി തട്ടിക്കൊണ്ടുപോയി പണവും ആഭരണവും കാറുമെല്ലാം തട്ടിയെടുത്ത ഇന്‍സ്റ്റഗ്രാം താരദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ അടപടലം ട്രോൾ. ഇൻസ്റ്റഗ്രാം ഹീറോസിന്റെ റിയൽ ലൈഫ് ജീവിതം കണ്ട് കണ്ണ് തള്ളിയ ആരാധകരാണ് ട്രോളുകൊണ്ട് ഇരുവരെയും പൊതിയുന്നത്. മീശക്കാരനും ഫീനിക്സ് കപ്പിളുമൊക്കെ ഫിൽറ്ററുകളിലൂടെ ആളുകളെ വലയിലാക്കുന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ ട്രോളന്മാരും വെറുതെയിരിക്കുന്നില്ല. റീൽ ഹീറോസിന്റെ തനി നിറം തുറന്നു കാട്ടുന്ന നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയ നിറയെ.
ഇപ്പോൾ പിടിയിലായ ദേവുവും ഗോകുല്‍ ദീപും ചേർന്ന് നിരവധി ആരാധകരെ വരുതിയിലാക്കിയിരുന്നത് വീഡിയോകളിലൂടെയായിരുന്നു. വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്. സമ്പന്നരെ കുടുക്കാൻ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്‍കിയതും ഇരുവരുടെയും പ്രകടനമാണ്.
''കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഒരാളെ കിട്ടുക എന്നുവച്ചാൽ ഭാഗ്യമാണ്'' ... '' അവളുടെ പോക്ക് അത്ര ശരിയല്ലല്ലോ! അത് വെറുതെയല്ല അവളുടെ ലക്ഷ്യങ്ങളിലേയ്ക്കുള്ള പോക്കാണ്, വഴിയേ ശരിയായിക്കോളും!, ചുറ്റും കൂടി നിന്ന് കുറ്റം പറയുന്നവർ, കുറ്റം പറയട്ടെ, ചെയ്ത് കാണിച്ച് കൊടുക്കുക എന്നിങ്ങനെ പോകുന്നു റീൽസ് ദമ്പതികളുടെ പ്രചോദന വാക്കുകൾ. ''മിന്നുന്നതെല്ലാം പൊന്നല്ല'', ആകര്‍ഷിക്കാന്‍ ഇറക്കിയ പല നമ്പരുകളും മുക്കുപണ്ടം ആയിരുന്നെന്ന് ഹണിട്രാപ്പിൽ കുടുങ്ങിയ വ്യവസായിയും അറിയാൻ വൈകിപ്പോയി.
ഹരം കൊള്ളുന്ന വിഡിയോയും അറസ്റ്റിലായ ദേവുവിന്റെ സംസാര ശൈലിയുമാണ് വ്യവസായിയെ ആകർഷിച്ചത്. ഫിനിക്‌സ് കപ്പിള്‍ എന്ന പേരിലാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്.
റീല്‍സിന് താഴെയുള്ള ചെറിയ സന്ദേശങ്ങള്‍ക്ക് പോലും മറുപടി നല്‍കാന്‍ മറക്കാത്ത ദമ്പതികൾക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രം അറുപതിനായിരത്തില്‍ അധികം ഫോളോവേഴ്‌സുണ്ട്. ഭർത്താവ് വിദേശത്തായതിനാൽ ഭർതൃമാതാവിനെ തനിച്ചാക്കി പാലക്കാട് നിന്ന് മാറി നിൽക്കാനാവില്ലെന്ന് ദേവു വ്യവസായിയെ വിശ്വസിപ്പിക്കുകയായിരുന്നു. ചൂണ്ടയിൽ കുരുങ്ങിയ വ്യവസായി ദേവുവിന്റെ സന്ദേശങ്ങളെ ഒരിക്കല്‍പ്പോലും അവിശ്വസിച്ചിരുന്നില്ല.
സംസാരത്തിൽ ഭിന്നത തോന്നുന്ന സമയം അയയ്ക്കുന്ന റീൽസിന്റെ എണ്ണം കൂട്ടി പരിഹാര മാർഗം കാണുന്നതിനും തട്ടിപ്പ് സംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാലാക്കാരൻ സിദ്ധുവാണ് ബുദ്ധി കേന്ദ്രമെങ്കിലും ഫീനിക്സ് കപ്പിൾസ് തന്നെയായിരുന്നു വിശ്വാസ്യത കൂട്ടുന്നതിന് ഇടനിലക്കാരായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെയുള്ള ആറു പേരെ സഹായിച്ചതിന് രണ്ട് പേരെ കൂടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ഭീഷണിയിലൂടെ അരക്കോടിയോളം രൂപ നേടുകയായിരുന്നു ഹണി ട്രാപ്പ് സംഘത്തിന്റെ ലക്ഷ്യമെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























