വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണാഭരണങ്ങൾ കണ്ടെത്തി, വീട്ടിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച് 28 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തിയത് ഫ്ലഷ് ടാങ്കിൽ, പോലീസിൽ വിവരം അറിയിച്ചത് വീട്ടുടമ, ദുരൂഹതയെന്നും അന്വേഷണം തുടരുമെന്നും പോലീസ്

കോഴിക്കോട് വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണാഭരണങ്ങൾ കണ്ടെത്തി. വാണിമേൽ വെള്ളിയോട് സ്വദേശി ഹാഷിം കോയ തങ്ങളുടെ വീട്ടിൽ നിന്ന് മോഷണം പോയ 28 പവൻ സ്വർണ്ണമാണ് അഞ്ചു ദിവസത്തിന് ശേഷം ഫ്ലഷ് ടാങ്കിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആഭരണങ്ങൾ കക്കൂസിലെ ഫ്ലഷിൽ കണ്ടെത്തിയതായി വീട്ടുടമ പോലീസിൽ വിവരം അറിയിച്ചത്.
ഫ്ലഷിൽ നിന്ന് വെള്ളം ലഭിക്കാത്തതിനാൽ തുറന്ന് പരിശോധിപ്പോഴാണ് ആഭരണങ്ങൾ കണ്ടെത്തിയതെന്നാണ് മൊഴി.എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രിയാണ് വിവാഹ വീട്ടിൽ നിന്ന് 28 പവൻ കാണാതായത്. മകളുടെ വിവാഹത്തിന് വീട്ടിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച് വച്ച സ്വർണ്ണാഭരണങ്ങളാണ് തലേ ദിവസം നഷ്ടമായത്.
ഫ്ലഷിൽ അടക്കം പോലീസ് അന്ന് തന്നെ പരിശോധന നടത്തിയതാണ്. വീട്ടിൽ കല്യാണത്തിന് അതിഥികളായി എത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം. പലരുടെയും വിരലടയാളവും പോലീസ് ശേഖരിച്ചിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിയപ്പോഴാണ് അഭരണങ്ങൾ കണ്ടെത്തിയതായി വീട്ടുകാർ പോലീസിനെ അറിയിച്ചത്. തൊണ്ടി മുതൽ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























