ആലപ്പുഴ തുമ്പോളിയിൽ കണ്ടെത്തിയ നവജാതശിശു തന്റേതാണെന്ന് സമ്മതിച്ച് യുവതി: കുഞ്ഞിനെ തൽക്കാലം വിട്ടുകൊടുക്കേണ്ട എന്ന നിലപാടിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ

ഉപേക്ഷിക്കപ്പെട്ട നിലയിൽ ആലപ്പുഴ തുമ്പോളിയിൽ കണ്ടെത്തിയ നവജാതശിശു തന്റേത് ആണെന്ന് യുവതി സമ്മതിച്ചെങ്കിലും, കുഞ്ഞിനെ തൽക്കാലം ഇവർക്കു വിട്ടുകൊടുക്കേണ്ട എന്ന നിലപാടിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. യുവതിയും കുഞ്ഞും വനിതാ – ശിശു ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം തേടിയിരുന്നോ എന്ന് വരുംദിവസങ്ങളിലെ അന്വേഷണത്തിലേ വ്യക്തമാകൂ.
യുവതിയുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്ത് മാത്രമേ ചോദ്യംചെയ്യൽ തുടരാനാകൂ എന്ന് പൊലീസ് അറിയിച്ചു. അതെ സമയം കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തി, അമ്മയുടെയും വീട്ടുകാരുടെയും ആവശ്യം കൂടി പരിഗണിച്ചു മാത്രമേ വിട്ടുനൽകൂ എന്ന് ജില്ലാ ശിശുസംരക്ഷണ ഓഫിസർ ടി.വി.മിനിമോൾ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രി വസ്തുക്കൾ പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ തുമ്പോളി ജംഗ്ഷന് സമീപം കുറ്റിക്കാട്ടിൽ കുട്ടിയെ കണ്ടെത്തിയത്. കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ആലപ്പുഴയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് ഉറുമ്പ് കടിയേറ്റിരുന്നു.
കുട്ടിയെ കണ്ടെത്തിയ സ്ഥലത്തും പരിസരത്തുമായി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. യുവതി താമസിച്ചിരുന്ന വീടിനോട് ചേര്‍ന്നാണ് ഈ കുറ്റിക്കാട്. ഇതിന് ഒരു മണിക്കൂര്‍മുമ്പ് രക്തസ്രാവത്തിന് ചികിത്സതേടി യുവതി കടപ്പുറം വനിതാ ശിശു ആശുപത്രിയിലെത്തിയിരുന്നു. ഇതോടെയാണ് കുഞ്ഞ് ഇവരുടേതാകാമെന്ന സംശയമുയര്‍ന്നത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
എന്നാല്‍, രണ്ടരക്കിലോയുള്ള സ്റ്റോണാണെന്നായിരുന്നു യുവതി പറഞ്ഞത്. ഇത് ഡോക്ടര്‍മാര്‍ വിശ്വാസത്തിലെടുത്തില്ല. ഇതിനിടെ സംസ്ഥാന ബാലാവകാശ കമിഷന്‍ കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിച്ചവരെ കണ്ടെത്തി നിയമനടപടിയെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ആലപ്പുഴ നോര്‍ത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha

























