കൂട്ടയടി തീര്‍ന്നില്ല... തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ആയിരത്തിലധികം വോട്ട് നേടിയ ശശി തരൂര്‍ മാറ്റങ്ങളുടെ തുടക്കമായി; വിമതനായിട്ടല്ല മത്സരിച്ചതെന്ന് തരൂര്‍; വലിയ പിന്തുണ കിട്ടി; തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; തെരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബത്തെ ദുരുപയോഗം ചെയ്തു

ശശി തരൂരായിരുന്നു ഇന്നലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രം. തോറ്റെങ്കിലും ജയത്തിളക്കവുമായാണ് തരൂര്‍നിന്നത്. അതിനിടെ തോല്‍പ്പിക്കാനായി കൂട്ടുനിന്ന രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ തരൂര്‍ രംഗത്തു വന്നു. തെലുങ്കാനയടക്കം വിവിധ സംസ്ഥാനങ്ങളില്‍ ക്രമക്കേട് നടന്നിരുന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചു. ഉണ്ണിത്താന്‍ വരണാധികാരിയായ തെലങ്കാന പിസിസിയിലെ ആരോപണത്തിന് മറുപടിയായി അദ്ദേഹം നേരിട്ട് രംഗത്തെത്തി.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെതിരെ രാജ് മോഹന്‍ ഉണ്ണിത്താന്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തരൂര്‍ നെഹ്‌റു കുടുംബത്തെ ദുരുപയോഗം ചെയ്‌തെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. സോണിയയുടെയും രാഹുലിന്റെയും പിന്തുണ തനിക്കെന്ന് തരൂര്‍ പറഞ്ഞു.
പാര്‍ട്ടി സമരങ്ങളിലോ യോഗങ്ങളിലോ തരൂര്‍ പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാന്‍ തരൂരിനെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെല്ലുവിളിച്ചു.
താന്‍ വരണാധികാരിയായ തെലങ്കാന പിസിസിയിലെ വോട്ടെടുപ്പില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കില്‍ തരൂര്‍ മാപ്പ് പറയാന്‍ തയ്യാറാവണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തെലങ്കാനയിലെ പിസിസി അംഗങ്ങളുടെ ലിസ്റ്റടങ്ങിയ വോട്ടര്‍ പട്ടിക എന്റെ കൈവശമുണ്ട്. പോളിംഗിന് വന്നവര്‍ ഒപ്പിട്ട ലിസ്റ്റും എന്റെ കൈവശമുണ്ട്. ആ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ അധികമായി വോട്ട് ചെയ്തുവെന്ന് തെളിയിച്ചാല്‍ ഞാന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ഉണ്ണിത്താന്‍ പ്രഖ്യാപിച്ചു.
അതേസമയം എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയമെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വിജയം നേടുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാര്‍ട്ടിയിലെ വിമതനായിട്ടല്ല താന്‍ മത്സരിച്ചതെന്നും വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് പുതിയ നേതൃത്വത്തെ കിട്ടി. പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കള്‍ ഭൂരിപക്ഷവും ഖാര്‍ഗെക്ക് ഒപ്പമായിരുന്നു. തനിക്ക് ആയിരത്തിലധികം വോട്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അത് ലഭിച്ചുവെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തന്നെ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് പറഞ്ഞ് തരൂര്‍, തന്റെ പരാതികളെ ക്രിക്കറ്റിനോടാണ് ഉപമിച്ചത്.
ടേണും പിച്ചും ഉള്ള ഫീല്‍ഡാണെങ്കിലും ബാറ്റ് ചെയ്യണമെന്നും ബോള്‍ ടാംപറിങ്ങ് പോലുള്ളവ ഇല്ലാതെ നോക്കാനായിരുന്നു ശ്രമമെന്നും തരൂര്‍ പ്രതികരിച്ചു. ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും ഉള്ള പദവികളില്‍ നല്ല പ്രകടനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ചെയ്യുന്നതിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അത് തുടരണമെന്നാണ് അഭിപ്രായമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഖാര്‍ഗെ ഉപദേശം ചോദിച്ചാല്‍ താന്‍ പ്രകടനപത്രികയിലൂടെ മുന്നോട്ട് വച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ പറയുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ എന്റെ ഭാവി ഓര്‍ത്തല്ല മത്സരിച്ചതെന്നും പാര്‍ട്ടിയുടേയും രാജ്യത്തിന്റെയും ഭാവിക്കായാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭാവി ഓര്‍ത്ത് ആശങ്കയില്ലെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ആവേശമായി തീര്‍ന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 9385 വോട്ടുകളില്‍ 7897 ഉം നേടിയാണ് ഖര്‍ഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 416 വോട്ടുകള്‍ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധേയമാണ്. ഫല പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയിലെത്തി ശശി തരൂര്‍ സന്ദര്‍ശിച്ചതും ശ്രദ്ധേയമായി.
" 0
https://www.facebook.com/Malayalivartha

























