എയര്‍പോട്ടുകളില്‍ വീണ്ടും... വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുമ്പോള്‍ ഇന്ത്യയും ജാഗ്രതയില്‍; വിമാനത്താവളങ്ങളില്‍ പരിശോധന ഇന്ന് മുതല്‍; കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍; കേരളത്തില്‍ കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചു

ഒരിക്കല്‍ കൂടി കോവിഡ് കാരണം മനസമാധാനം പോകുകയാണ്. വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുമ്പോള്‍ ഇന്ത്യയും ജാഗ്രതയില്‍. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും.
പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികള്‍. കോവിഡ് പരിശോധന ഫലം വീണ്ടും നിര്‍ബന്ധമാക്കുന്നത് കേന്ദ്രം ചര്‍ച്ച ചെയ്ത് വരികയാണ്.
ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കാനാണ് ആലോചന. അടുത്തയാഴ്ച അന്തിമ തീരുമാനം ഇക്കാര്യത്തിലുണ്ടാകും. ആഭ്യന്തരമന്ത്രാലയവും സ്ഥിതി വിലയിരുത്തുകയാണ്. ഇപ്പോള്‍ വിമാനസര്‍വ്വീസുകള്‍ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ആശുപത്രികളില്‍ ചൊവ്വാഴ്ചത്തെ മോക്ക് ഡ്രില്‍ കേന്ദ്രം നിരീക്ഷിക്കും. എന്ത് കൊവിഡ് സാഹചര്യമുണ്ടായാലും നേരിടാന്‍ സജ്ജമെന്ന് മഹാരാഷ്ട്ര,ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദില്ലിയില്‍ പര്യടനം തുടങ്ങി. ഹരിയാന അതിര്‍ത്തിയായ ബദര്‍പുരില്‍ നിന്ന് രാവിലെ 6 മണിക്കാണ് ദില്ലിയിലെ യാത്രക്ക് തുടക്കമായത്. എന്നാല്‍ മാസ്‌ക് ഇടാനുള്ള നിര്‍ദേശം പാലിക്കാതെ ആണ് രാഹുല്‍ അടക്കമുള്ളവരുടെ യാത്ര.
രണ്ടരയോടെ നടന്‍ കമല്‍ ഹാസനടക്കമുള്ളവര്‍ യാത്രയില്‍ അണിനിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.
മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതാണ്. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിര്‍ദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലകള്‍ സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകള്‍ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താല്‍ പ്രതിദിന കേസുകള്‍ 100ന് താഴെ മാത്രമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതല്‍ ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലും സീപോര്‍ട്ടിലും ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ആ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്നതാണ്.
മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലുമുള്ള ആശുപത്രി കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്താനും മന്ത്രി നിര്‍ദേശം നല്‍കി. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നതാണ്. അവബോധം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കി.
എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ എല്ലാവരും യാത്രാ വേളകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുയിടങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും മാസ്‌ക് ധരിക്കണം. കോവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീട്ടിലുള്ള കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും പ്രത്യേകം കരുതല്‍ വേണം. കോവിഡ് അവര്‍ക്ക് ഉണ്ടാകാതിരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ആര്‍ക്കും മറ്റൊരാളില്‍ നിന്നും കോവിഡ് പകരാതിരിക്കാന്‍ ശ്രദ്ധയുണ്ടാകണം. ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha



























