ഓംപ്രകാശിന് ഡൽഹി... പുത്തൻ പാലത്തിന് ചെന്നൈ, സ്ഥാനപതിമാരെ തീരുമാനിച്ച് പിണറായി, ഗുണ്ടാ തലവൻമാർക്ക് തണൽ വിരിക്കുന്നത് സി.പി.എം...സി..പി ഐ നേതാക്കളും കേരള സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരും, ഗുണ്ടകൾക്കെല്ലാം ചെങ്കൊടി

കുപ്രസിദ്ധ ഗുണ്ടാ തലവൻമാരായ ഓംപ്രകാശിന് സൽഹിയിലും പുത്തൻപാലം രാജേഷിന് ചെന്നൈയിലും കേരള സർക്കാരിൻ്റെ സ്ഥാനപതി സ്ഥാനം ലഭിച്ചതായി സൂചന. കെ.വി. തോമസിനെ ഡൽഹി പ്രതിനിധിയാക്കുന്നതിന് മുമ്പാണ് ഗുണ്ടകൾക്ക് നിയമനം ലഭിച്ചതത്രേ. ചിരിക്കാൻ വരട്ടെ. തിരുവനന്തപുരത്ത് ഗുണ്ടകളും അവരുടെ സഹായികളും അഴിഞ്ഞാടിയിട്ടും പോലീസിന് യാതൊരു നടപടികളും സ്വീകരിക്കാൻ കഴിയുന്നില്ല. ഓം പ്രകാശ് ഡൽഹിയിലും പുത്തൻപാലം രാജേഷ് ചെന്നൈയിലുമാണെന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ട് ഡി വൈ എസ് പി മാരുടെ സസ്പെൻഷൻ ഓർഡർ വായിച്ചാൽ നാം കേരളത്തിലാണോ ജീവിക്കുന്നതെന്ന് തോന്നിപോകും.
ഗുണ്ടാ തലവൻമാർക്ക് സി പി എം, സി പി ഐ നേതാക്കളും കേരള സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരുമാണ് തണൽ വിരിക്കുന്നത്. ഗുണ്ടാ നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള സർക്കാർ നീക്കം പോലും പാളി. സി പി എം ഔദ്യോഗികമായി തന്നെ ഗുണ്ടാ നേതാക്കളെ രക്ഷിക്കാനെത്തുന്ന കാഴ്ച കണ്ട് കണ്ണ് കേരളം ഞ്ഞെട്ടുന്നു. ഒടുവിൽ ചില പോലീസുകാരുടെ ജോലി കളഞ്ഞ് സർക്കാർ കൈകഴുകി.തിരുവനന്തപുരം പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസിലെ പ്രതി ഒളിവിലിരുന്ന് ഉന്നതരെ ഫോണില്‍ വിളിച്ച കാര്യം പോലീസ് തന്നെയാണ് പുറത്തുവിട്ടത്. പ്രതികളെ തേടി പൊലീസ് പരക്കം പായുമ്പോഴാണ് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയേയും സിപിഐ നേതാവിന്‍റെ മകളേയും പ്രതി ആരിഫ് വിളിച്ചത്. കേസിലെ മുഖ്യപ്രതി ഓംപ്രകാശിന്‍റെ കൂട്ടാളിയാണ് ആരിഫ്. മുട്ടട സ്വദേശി നിതിനെയും മറ്റ് നാലു പേരെയും തലയ്ക്കു വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് ആരിഫും ഓംപ്രകാശും.
കേസിലെ രണ്ടാം പ്രതിയായ ആരിഫ് ഒളിവിലിരിക്കെയാണ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയേയും ഇടതു നേതാവിന്‍റെ ബന്ധുവിനെയും വിളിച്ചത്. വിഡിയോ കോളിലൂടെയായിരുന്നു സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുമായുള്ള ആശയവിനിമയം. വിവരം കിട്ടിയതിനെ തുടര്‍ന്നു പൊലീസ് ഇവരുടെ വീട്ടില്‍ തിരച്ചില്‍ നടത്തി. ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ആരിഫ് ഊട്ടിയിലുണ്ടെന്നു പൊലീസ് മനസിലാക്കിയത്.പോലീസിൻ്റെ തിരച്ചിൽ ഒഴിവാക്കാൻ തിരുവനന്തപുരം ജില്ലയിലെ സി പി എം നേതാക്കൾ ഇടപെട്ടെങ്കിലും ഉന്നത പോലീസുദ്യോഗസ്ഥരുടെ ഇടപെടൽ കാരണം നടന്നില്ല.സിപിഐ നേതാവിന്‍റെ മകളെ ആക്രമണം നടക്കുന്നതിനു തൊട്ടു മുന്‍പും വിളിച്ചതിന്റെ തെളിവുകള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്. ആക്രമണം നടന്നു 13 ദിവസം പിന്നിട്ടിട്ടും ആകെയുള്ള ഒന്‍പതു പ്രതികളില്‍ അഞ്ചു പേരെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
രാഷ്ട്രീയ–പൊലീസ് ബന്ധമാണ് പ്രതികളെ പിടികൂടാൻ വൈകുന്നതിന്റെ കാരണമെന്നാണ് ആക്ഷേപം. ഗുണ്ടാ ബന്ധത്തിന്‍റെ പേരില്‍ പേട്ട സിഐ ഉൾപ്പെടെയുള്ളവരെ സസ്പെന്‍ഡു ചെയ്തിരുന്നു. പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. മ്യൂസിയം സിഐയും സൈബര്‍ സ്റ്റേഷനിലെ രണ്ടു സിഐമാരുമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത് ഒതുക്കാൻ വേണ്ടിയാണെന്ന ആക്ഷേപവും ശക്തമാണ്.
ഗുണ്ടാത്തലവൻ ഓംപ്രകാശ് ന്യൂഡൽഹിയിൽ എത്തിയെന്ന സൂചനയെത്തുടർന്ന് പൊലീസ് സംഘം ഡൽഹിക്ക് പോകുന്നുണ്ട്.. പുത്തൻപാലം രാജേഷിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ ചെന്നൈ നഗരത്തിൽ പലയിടത്തും ലഭിച്ചതിനെത്തുടർന്ന് അവിടുത്തെ ഗുണ്ടാ കേന്ദ്രങ്ങളിലൊക്കെ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. ഓംപ്രകാശിന്റെയും പുത്തൻപാലം രാജേഷിന്റെയും ആസ്തികളെല്ലാം കണ്ടുകെട്ടാൻ നടപടി തുടങ്ങി. ആ സ്തികൾ കണ്ടുകെട്ടാനുള്ള ശ്രമം തുടങ്ങിയതാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെ ബന്ധപ്പെടാനുള്ള കാരണം. തത്കാലം ആസ്തികളിൽ തൊട്ടു കളിക്കില്ലെന്ന ഉറപ്പ് ഗുണ്ടകൾക്ക് പാർട്ടി തലത്തിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
പുത്തൻപാലം രാജേഷിന്റെ പേരിൽ സ്വത്തുക്കളില്ലെന്നാണ് പൊലീസ് പറയുന്നത്. താമസിക്കുന്നത് വാടക വീട്ടിലും. ഇവരുടെ ബെനാമി ഇടപാടുകൾ കണ്ടുപിടിക്കാനാണ് ശ്രമം. നഗരത്തിലെ ഹോട്ടലുകളിലെ ഡിജെ പാർട്ടികളെല്ലാം നിയന്ത്രിക്കുന്നത് ഗുണ്ടാത്തലവന്മാരുടെ സംഘമാണെന്നും ഇതിൽ ലഹരി ഇടപാടുണ്ടെന്നും ഇതാണ് സംഘത്തിന്റെ പ്രധാന വരുമാനമെന്നും പൊലീസ് പറയുന്നു.
ഓം പ്രകാശിനും പുത്തൻപാലം രാജേഷിനും സ്വന്തം പേരിൽ ആസ്തികൾ ഇല്ലെന്ന് ചിന്തിക്കാനുള്ള ബോധം പോലീസിനുണ്ട്. ഇവരുടെ ബന്ധുക്കളുടെ പേരിൽ പോലും സ്വത്തുവകകൾ കാണില്ല. സമൂഹത്തിലെ ഉന്നതരുടെ ബെനാമി ഇടപാടുകളാണ് ഇവർ പൊതുവേ നടത്താറുള്ളത്. ഓം പ്രകാശിനും രാജേഷിനും തിരുവനന്തപുരത്തെ സി പി എം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പാർട്ടിയുടെ രഹസ്യ ഓപ്പറേഷനുകൾ ഇവർ നടത്താറുണ്ടെന്നും പോലീസിനും അറിയാം. അതു കൊണ്ടു തന്നെ ഇവരെ പിടികൂടാനാവില്ല.
|
ഗുണ്ടകളെ മെരുക്കാന്‍ ഡിജിപി പ്രഖ്യാപിച്ച ഓപ്പറേഷന്‍ കാവലും പൊലീസ്–ഗുണ്ടാ കൂട്ടുകെട്ട് അട്ടിമറിച്ചു.. മൂവായിരത്തോളം ക്രിമിനലുകളെ ഗുണ്ടാപട്ടികയില്‍ ചേര്‍ത്തതിന് പിന്നാലെ പദ്ധതി നിലച്ചു. പലയിടങ്ങളിലും ക്രിമിനലുകളെ നിരീക്ഷിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തി. തിരുവനന്തപുരത്തടക്കം സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടാബന്ധമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്.ഇത് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും ഒന്നും സംഭവിച്ചില്ല.
ഒരു വര്‍ഷം മുന്‍പ്, തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘങ്ങള്‍ എതിര്‍സംഘത്തില്‍പെട്ടയാളുടെ കാല്‍വെട്ടിയെറിഞ്ഞ് ആഹ്ളാദപ്രകടനം നടത്തിയിരുന്നു. ഇതോടെയാണ് ഓപ്പറേഷന്‍ കാവല്‍ ഡിജിപി പ്രഖ്യാപിച്ചത്. ആദ്യമാസങ്ങളില്‍ വിജയമായിരുന്നു. അറുന്നൂറിലേറെ സ്ഥിരം ഗുണ്ടകളെ ജയിലിലാക്കി. 557 പുതിയ ഗുണ്ടകളേക്കൂടി ഉള്‍പ്പെടുത്തി ഗുണ്ടാപ്പട്ടികയില്‍പെട്ടവരുടെയെണ്ണം 2,750 ആയി ഉയര്‍ത്തി. ഇവരെയും പിടിക്കാനുള്ള നീക്കങ്ങള്‍ നടക്കവെയാണ് പദ്ധതി നിലച്ചത്.
സ്ഥിരം ക്രിമിനലുകളുടെ പട്ടിക തയാറാക്കി സ്പെഷല്‍ ബ്രാഞ്ച് അവരെ നിരീക്ഷിക്കു മെന്നാണ് ഡി ജി പി പറഞ്ഞത്. എന്നാൽ തിരുവനന്തപുരത്തുള്‍പ്പെടെ പല ജില്ലകളിലും സ്പെഷല്‍ ബ്രാഞ്ചിലെ ഉന്നതര്‍ക്ക് വരെ ഗുണ്ടാബന്ധമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. നിരീക്ഷണ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തി. എന്നിട്ടും ഒന്നും സംഭവിച്ചില്ല.
ഒളിവിലുള്ള പിടികിട്ടാപ്പുള്ളികളെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ പ്രത്യേകസംഘം രൂപീകരിച്ചു. സംഘങ്ങളുണ്ടങ്കിലും കണ്ടെത്തലും അറസ്റ്റും കേസുകളുണ്ടാകുമ്പോള്‍ മാത്രമായി ചുരുങ്ങി. സ്റ്റേഷന്‍ ചുമതലയുള്ളവരുടെ സഹകരണം കിട്ടാത്തതാണ് തടസം. കാരണം സ്റ്റേഷനുകളാണ് ഗുണ്ടകളുടെ താവളം.
ക്രിമിനലുകളുടെ സങ്കേതം മനസിലാക്കി സ്ഥിരം പരിശോധന വേണമെന്ന് തീരുമാനിച്ചു.പരിശോധനയുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ നിന്ന് ചോര്‍ന്നതോടെ പൊലീസ് സംഘമെത്തുമ്പോള്‍ ക്രിമിനലുകള്‍ മുങ്ങുന്നത് പതിവായി. ഇതോടെ പരിശോധന നിലച്ചു. ഇപ്പോൾ കുറ്റാരോപിതരായ പോലീസുദ്യോഗസ്ഥർക്ക് ഗുണ്ടകളുമായുള്ള ബന്ധം തന്നെയാണ് കാരണം. പാർട്ടിയുമായി അടുത്ത് ബന്ധമുള്ളവരാണ് ഇപ്പോൾ സസ്പെൻഷനിലായ പ്രസാദും ജോൺസനും. ഇതിൽ പ്രസാദ് എസ് എഫ് ഐ യിലും ഡി. വൈ എഫ്.ഐയിലും സജീവമായിരുന്നു.
അദ്ദേഹത്തെ ഒന്നാം പിണറായി സർക്കാർ തിരുവനന്തപുരം കൻേറാൺമെൻ്റ് സി.ഐയായി നിയമിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ പി.ആർ.വിഭാഗത്തിലുള്ള ചിലർക്കെതിരെ നീങ്ങിയതോടെയാണ് പ്രസാദിനെ സർക്കാർ മാറ്റിയത്. വിജിലൻസിലായിരുന്നു നിയമനം. പിന്നീട് ഡി വൈ എസ്.പി ആയെങ്കിലും ക്രമസമാധാന മേഖലയിൽ നിയമനം നൽകിയില്ല. മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ പ്രസാദിനെതിരെ നീങ്ങിയിരുന്നു.
ജോൺസനെ കുറിച്ചും തലസ്ഥാനത്തിന് നല്ല അഭിപ്രായമായിരുന്നു.എന്നാൽ അപ്രതീക്ഷിതമായാണ് അദ്ദേഹം കുരുങ്ങിയത്. പ്രസാദും ജോൺസനും മാത്രമല്ല നിരവധി പോലീസുദ്യോഗസ്ഥർക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്. അവരിൽ പലരും ഇപ്പോഴും പിടി കൊടുക്കാതെ ഇരുളിൽ കഴിയുകയാണ്. പോലീസ് ആസ്ഥാനത്ത് നിന്ന് ഇത്തരക്കാർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും തെളിവുകൾ കണ്ടെത്താനുള്ള പ്രയാസമാണ് പ്രധാന വെല്ലുവിളി.
മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി രാജശേഖരൻ നായരുടെ സഹോദരന് നേരെ നടന്ന ഗുണ്ടാ ആക്രമണമാണ് കാര്യങ്ങൾ വളരെ പെട്ടെന്നാക്കിയത്. ഇതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെട്ടു. ഗുണ്ടകൾക്ക് സർക്കാർ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന വസ്തുത സർക്കാരിനെ ഞെട്ടിച്ചു. പാർട്ടിയുടെ പിന്തുണ ഗണ്ടകൾക്ക് ഉണ്ടെന്ന കാര്യം സർക്കാരിനറിയാം.എന്നാൽ ഉന്നത പോലീസുദ്യോഗസ്ഥർക്കുള്ള ബന്ധം സർക്കാരിന് വിനയായി. ഗുണ്ടകളെ ഒതുക്കണമെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരഭിപ്രായമില്ല.
ഒരിടവേളയ്ക്കുശേഷമാണ് തലസ്ഥാനത്തു ഗുണ്ടാസംഘങ്ങൾ സജീവമായത്. കുപ്രസിദ്ധ ഗുണ്ടകളായ ഓം പ്രകാശും പുത്തൻപാലം രാജേഷും വ്യത്യസ്ത സംഭവങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിൽ കേസുകളിൽ പ്രതിയായി. പഴയ ഗുണ്ടാസംഘങ്ങൾ വീണ്ടും ഭീതി പടർത്തുന്നതു സ്പെഷൽ ബ്രാഞ്ചിന്റെ വീഴ്ചയാണെന്ന് ആരോപണമുയർന്നു.ഗുണ്ടാനിയമം ശക്തമായപ്പോൾ ഒതുങ്ങിയ ഗുണ്ടകൾ വീണ്ടും തലസ്ഥാനത്ത് പരസ്പരം പോർ വിളിക്കുന്ന സാഹചര്യമാണ്. റിയൽ എസ്റ്റേറ്റ്, മണ്ണ്, കരിങ്കൽ ക്വാറി, മാഫിയ പ്രവർത്തനങ്ങളിലൂടെ വൻതോതിൽ പണം നേടാനാണു ചോരക്കളി. വർഷങ്ങളായി ഓംപ്രകാശിന്റെ ഗുണ്ടാസംഘവും നിഥിന്റെ ഗുണ്ടാസംഘവും തമ്മിലുള്ള കുടിപ്പകയാണു കഴിഞ്ഞദിവസം പാറ്റൂരിലെ അക്രമത്തിൽ കലാശിച്ചത്. 10 ലക്ഷം രൂപയുടെ ഇടപാടിൽ, പണം നൽകിയ ആൾക്കു വേണ്ടിയും വാങ്ങിയ ആൾക്കു വേണ്ടിയും ഇരുസംഘങ്ങളും ഏറ്റുമുട്ടി.
കഴിഞ്ഞ ദിവസം നിഥിനെ ഓംപ്രകാശ് തലയിൽ വെട്ടി പരുക്കേൽപ്പിച്ചു. ഈ സംഭവത്തിനു മുൻപ് നിഥിന്റെ സംഘം ഓംപ്രകാശിന്റെ സംഘാംഗത്തിന്റെ വീടുകയറി ആക്രമിച്ചിരുന്നു. വെട്ടേറ്റ നിഥിനും സംഘവും ആദ്യം ഓംപ്രകാശിന്റെ പങ്ക് വെളിപ്പെടുത്തിയെങ്കിലും പിന്നീട് കാറിൽ ഇരിക്കുന്നതായി തോന്നിയെന്ന് മൊഴിമാറ്റി. പൊലീസ് സംഘം ഓംപ്രകാശിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് ചെന്നൈയിലായിരുന്നു. ഓപ്പറേഷനു മുൻപ് മൊബൈൽ ഫോൺ മറ്റ് സംസ്ഥാനങ്ങളിൽ എത്തിക്കുന്ന പതിവ് ഗുണ്ടകൾക്കുണ്ടെന്നു പൊലീസ് പറയുന്നു. കൊച്ചിയും ചെന്നൈയും കേന്ദ്രീകരിച്ചാണ് ഓംപ്രകാശിന്റെ പ്രവർത്തനം.
മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാരെ പുത്തൻപാലം രാജേഷ് കത്തിവീശി ഭീഷണിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. സംഭവസ്ഥലത്തുനിന്ന് രാജേഷ് കടന്നുകളഞ്ഞെങ്കിലും സഞ്ചരിച്ച കാർ മാഞ്ഞാലിക്കുളത്ത് കണ്ടെത്തി. രാജേഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വിഴിഞ്ഞം തുറമുഖ നിർമാണം അടക്കം വലിയ പദ്ധതികൾ വരുന്നതും റിയൽഎസ്റ്റേറ്റ് രംഗത്തെ ഉണർവുമാണ് ഗുണ്ടാ സംഘങ്ങളെ സജീവമാക്കുന്നത്.
വസ്തുക്കൾ വാങ്ങുന്നതിനും മണ്ണിടിക്കുന്നതിനും ഗുണ്ടാ സംഘങ്ങളുടെ അനുമതി ആവശ്യമാണ്. ഇടപാടുകളിലെല്ലാം ഇവർക്ക് കമ്മിഷൻ നൽകണം. ആരും പരാതി പറയാത്തതിനാൽ പുറത്തറിയുന്നില്ലെന്നു മാത്രം. അന്തിയൂർകോണം അജി, മൊട്ട അനി, പാറശ്ശാല ബിനു, ജെറ്റ് സന്തോഷ്, വിഭു തുടങ്ങി നിരവധി ഗുണ്ടകളാണ് നേരത്തേ ഗുണ്ടാപോരാട്ടത്തിൽ മരിച്ചത്. ഏതായാലും വലിയ ഗുണ്ടകളെ രക്ഷിച്ച് ചെറിയ ഗുണ്ടകളെ ശിക്ഷിക്കുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha























