കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്

പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തില്‍ ശോഭ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ശോഭ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണമെത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭ ആരോപിച്ചത്. കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പറയുന്നു. ഭീഷണി ഫോണ്‍ കോളിന്റെ ഓഡിയോ റെക്കോര്‍ഡ് ബിന്ദു പുറത്തു വിട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ വാട്‌സാപ്പില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പണിക്കുറ്റം തീര്‍ത്ത് തരുമെന്ന് പറഞ്ഞതായും ബിന്ദു വിനയകുമാര്‍ പറഞ്ഞു. കരണക്കുറ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞ് അസഭ്യം വിളിച്ചു. ശോഭയുടെ ആരോപണം തെളിവുകള്‍ ഇല്ലാതെയാണെന്നും ബിന്ദു ചൂണ്ടിക്കാട്ടി. പാലക്കാട്ടെ കുറ്റം ആരുടെയെങ്കിലും തലയില്‍ വെയ്ക്കാന്‍ ശ്രമമാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ബിജെപിയില്‍ ശോഭ പക്ഷം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ ശോഭയുടെ പക്ഷത്തെ മാറ്റാന്‍ നിര്‍ദേശം നല്‍കി. ആലപ്പുഴയില്‍ വന്ന് ശോഭ പണം പിരിക്കുന്നു എന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്നും ബിന്ദു വെളിപ്പെടുത്തി.
ശോഭക്ക് ധാര്‍ഷ്ട്യമാണെന്നും സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ബിന്ദു വിമര്‍ശിച്ചു. പാലക്കാട് പണം നല്‍കിയത് താന്‍ ആണെന്ന് ശോഭ തെളിയിക്കണമെന്നും വെല്ലുവിളിക്കുന്നുവെന്നും ബിന്ദു പറഞ്ഞു. ശോഭ പക്ഷത്തേക്ക് തന്നെയും ചേര്‍ക്കാന്‍ ശ്രമിച്ചു. ഇതിന് താന്‍ തയ്യാറായില്ല ഇതോടെ ശത്രുതയായി. പാര്‍ട്ടിയുടെ എല്ലാ ഭാഗത്തു നിന്നും മാറ്റി നിര്‍ത്തിയെന്നും ശോഭയ്ക്ക് എതിരായ എഫ് ബി പോസ്റ്റ് നീക്കം ചെയ്തത് ജില്ലാ നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണെന്നും ബിന്ദു വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















