സത്താറിന്റെ കിണ്ടിയടക്കം ജപ്തി ചെയ്ത് പിണറായി... കോടതിക്ക് മുന്നിൽ മുട്ടുമടക്കി... പച്ചവെളിച്ചം അണയുന്നു... അന്ത്യശാസനത്തിൽ വിറച്ചു

ഹൈക്കോടതിയുടെ അന്ത്യശാസനം ഫലിച്ചു. ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരായ ജപ്തി നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പി.എഫ്.ഐ പ്രവർത്തകരുടെ വസ്തുവകകൾ കണ്ടുകെട്ടൽ തുടങ്ങി.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെ വീടും ഭൂമിയും ജപ്തി ചെയ്തു. കരുനാഗപ്പള്ളി പുതിയ കാവിലെ വീടും ഭൂമിയുമാണ് ജപ്തി ചെയ്തത്. കരുനാഗപ്പള്ളി തഹസിൽദാരുടെയും ആദിനാട് വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിലാണ് നടപടി.
മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കേന്ദ്ര നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവർ ചേർന്നാണ് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്.
അതിനാൽ ഹർത്താലിന് മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ അക്രമങ്ങളിലെ നാശനഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. മുന്‍കൂര്‍ നോട്ടീസ് ഒന്നും കൂടാതെ, നേരിട്ട് ജപ്തി നടപടികളിലേക്ക് കടക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം മണക്കാട് ഉള്ള പോപ്പുലർ ഫ്രണ്ട് ഓഫീസ് ജപ്തി ചെയ്യാൻ ജില്ലാ കലക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ നിർദ്ദേശം നൽകി.
കാസർഗോഡ് പെരുമ്പള, പടന്ന ഓഫീസുകളിലാണ് തഹസിൽദാർമാരുടെ നേതൃത്വത്തിൽ സ്വത്ത് വകകൾ കണ്ടുകെട്ടൽ നടപടി ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന പെരുമ്പളടവിലെ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിലും, പടന്നയിലെ തീരം ചാരിറ്റബിൾ ട്രസ്റ്റിലുമാണ് നടപടി. വയനാട്ടിൽ മാനന്തവാടി താലൂക്കിൽ മാത്രം പതിനൊന്നിടത്ത് റവന്യൂ സംഘം വസ്തുവകകൾ കണ്ടു കെട്ടി.
ഹര്‍ത്താല്‍ അക്രമകേസിലെ പ്രതികളുടെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കളാണ് റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരം ജപ്തി ചെയ്ത്, ലേലം നടത്തുക. എന്നാൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ കൂട്ടാക്കിയിരുന്നില്ല. കോടതി അന്ത്യശാസനം നൽകിയതിന് പിന്നാലെ ജപ്തി നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ലാൻഡ് റവന്യൂ കമ്മീഷണർ ടി.വി. അനുപമയാണ് ഉത്തരവ് പുറത്തിറക്കിയത്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻ ജപ്തി നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർ ജില്ലാ കളക്ടർമാരോട് നിർദേശിച്ചിരിക്കുന്നത്. ഏതൊക്കെ നേതാക്കളുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തതെന്ന് കൃത്യമായ വിവരം സമര്‍പ്പിക്കണം.
സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചതാണ് കോടതി വിമര്‍ശനത്തിന് കാരണമായത്. നടപടികള്‍ വൈകിയതിന് ആഭ്യന്തരസെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധിക മാപ്പപേക്ഷിച്ചിരുന്നു. ഹര്‍ത്താല്‍ അക്രമങ്ങളില്‍ 5.2 കോടിയുടെ നഷ്ടപരിഹാരം ഈടാക്കാനും അല്ലാത്ത പക്ഷം നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുമായിരുന്നു സെപ്തംബര്‍ 29ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പോപ്പുലർ ഫ്രണ്ടുകാരിൽ നിന്ന് റവന്യു റിക്കവറിക്ക് ആറു മാസം കൂടി നീട്ടിത്തരണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച കോടതി ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. നടപടികൾ വൈകുന്നതിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി കോടതിക്ക് മുന്നിൽ നിരുപാധികം മാപ്പ് പറഞ്ഞ സംഭവമുൾപ്പടെ സർക്കാരിന് തിരിച്ചടിയായി.
ആഭ്യന്തര വകുപ്പിൽ നിന്നും പേരുവിവരം ലഭിക്കുന്നതിനനുസരിച്ചാണ് കലക്റ്റർമാർക്ക് ജപ്‌തി നടപടികളിലേക്ക് കടക്കാൻ സാധിക്കുന്നത്. ഇത്രയും ദിവസം ആഭ്യന്ത്രവകുപ്പ് അറിഞ്ഞു കൊണ്ട് വൈകിപ്പിച്ചു എന്ന ആരോപണം കൂടി ശക്തമാവുകയാണ്. ജപ്തി ചെയ്യാനുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ജില്ലാ തിരിച്ചുള്ള റിപ്പോർട്ടും അപേക്ഷയും ആഭ്യന്തരവകുപ്പ് ഇന്നലെ വരെ നൽകിയിരുന്നില്ല.
തിങ്കളാഴ്ച റിപ്പോർട്ട് നൽകേണ്ട സാഹചര്യം പരിഗണിച്ച് ആഭ്യന്തര വകുപ്പും നടപടികൾ വേഗത്തിൽ ആക്കിയിട്ടുണ്ട്. പിന്നാലെയാണ് നടപടകൾ വേഗത്തിലായത്. ഓൺലൈനായാണ് റിപ്പോർട്ടും അപേക്ഷയും കൈമാറുക.പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ വാഹനം, വീട്, മറ്റു സ്ഥാപനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ,തുടങ്ങി ഏതു സ്ഥാവര – ജംഗമ വസ്തുക്കളും ജപ്തി ചെയ്യാൻ കലക്ടർമാർക്ക് അധികാരമുണ്ട്.
ജപ്തി നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാറിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മിന്നൽ ഹർത്താലിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാൻ വീണ്ടും സമയം ചോദിച്ചതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്.
15നു മുമ്പ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുമ്പോൾ സർക്കാർ നടപടികൾ വൈകുന്നതിനെതിരെ കടുത്ത നിലപാടെടുത്തത്. കോടതി നിർദ്ദേശത്തിൽ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകിയതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു.
നാശനഷ്ടങ്ങൾ വരുത്തിയതിനു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാൻ കോടതി പോപ്പുലർ ഫ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പാലിക്കാത്തതിനാലാണു ജപ്തി നടപടി നിർദേശിച്ചതെന്നും അതിനാൽ മുൻകൂർ നോട്ടിസ് വേണ്ട എന്നുമാണു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്.
നാശനഷ്ടം വരുത്തിയ വ്യക്തികളുമായോ സംഘടനകളുമായോ ബന്ധപ്പെട്ട വാഹനം, വീട്, മറ്റു സ്ഥാപനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ, സ്വകാര്യ മേഖലയിൽ നിന്നു ലഭിക്കുന്ന ശമ്പളം ഉൾപ്പെടെ ഉള്ള വരുമാനം തുടങ്ങി ഏതു സ്ഥാവര– ജംഗമ വസ്തുക്കളും ജപ്തി ചെയ്യാൻ നിയമപ്രകാരം കലക്ടർമാർക്ക് അധികാരമുണ്ട്. ആവശ്യമെങ്കിൽ പൊലീസ് സഹായമോ സാന്നിധ്യമോ ഇതിന് കലക്ടർമാർക്ക് തേടാനും കഴിയും.
https://www.facebook.com/Malayalivartha






















