എംഡിഎംഎയുമായി മകനെ എക്സൈസ് പിടികൂടി: മനോവിഷമത്തിൽ കിടപ്പ് മുറിയിൽ ജീവനൊടുക്കി 'അമ്മ'

എംഡിഎംഎ യുമായി എക്സൈസ് പിടികൂടിയ യുവാവിന്‍റെ അമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് അഞ്ച് മണിയോടെ കഴക്കൂട്ടത്തിന് അടുത്തുള്ള ശാന്തിപുരത്തെ വീട്ടിൽ തൂങ്ങി മരിച്ചത്. കിടപ്പ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്‍റിനെ തിരുവനന്തപുരം എക്സൈസ് .4 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
ഇയാള്‍ സ്ഥിരം ലഹരി കച്ചവടക്കാരന്‍ ആണെന്നാണ് എക്സൈസ് പറയുന്നത്. ഷൈനോ ഇപ്പോഴും എക്സൈസിന്റെ കസ്റ്റഡിയിലാണ്. മകനെ എക്സൈസ് കസ്റ്റഡിയിൽ എടുത്തതിന് ശേഷം 'അമ്മ മനോവിഷമത്തിൽ ആയിരുന്നുവെന്നും, അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് രാവിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ഉണ്ടായിരുന്ന ഷൈനോയുടെ സഹോദരിമാരടക്കം അമ്മയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മേൽനടപടികൾ സ്വീകരിക്കുമെന്ന് കഠിനംകുളം പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















