പിണറായിയെ രക്ഷിക്കാൻ തീ? അടുത്തത് ക്ലിഫ് ഹൗസിൽ... കത്തിക്കരിഞ്ഞത് കൊവിഡ് അഴിമതിയുടെ തെളിവുകള്‍?

ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ് ഗോഡൗണുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തം. ആരോഗ്യവകുപ്പിനു കീഴിലുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന തീ പിടിത്തങ്ങള്‍ സംശയാസ്‌പദം. കൊല്ലത്തും തിരുവനന്തപുരത്തുമുണ്ടായ അപകടങ്ങൾക്ക് സമാനതകൾ ഏറെയാണ്.
ആരെങ്കിലും മനഃപൂർവം തീ വചച്ചതാണെന്നതിനു മാത്രമേ തെളിവില്ലാതെയുള്ളൂ. തീ പിടിക്കുന്നതിനു സഹായകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ആരൊക്കെയൊ പരിശ്രമിച്ചു എന്നാണു പുറത്തു വരുന്ന വിവരം. തീപിടിക്കാന്‍ കാരണമാകുന്ന പതിനേഴോളം വസ്തുക്കള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ക്ലോറിന്‍ അടക്കം സൂക്ഷിച്ചിരുന്നത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. കോവിഡ് കാലത്തു വാങ്ങിക്കൂട്ടിയവയുടെ മറവില്‍ നടന്ന അഴിമതിയുടെ തെളിവുകളാണു തീ പിടിത്തങ്ങളില്‍ കത്തിയമര്‍ന്നതെന്നാണ് ആരോപണം.
ആരോഗ്യ വകുപ്പ് ആസ്‌ഥാനത്തുനിന്ന് അഞ്ഞൂറിലേറെ പ്രധാന ഫയലുകള്‍ കാണാതായതിന്റെ ദുരൂഹത മാറും മുമ്പേയാണ് ഉളിയക്കോവില്‍, തുമ്പ തീപിടിത്തങ്ങള്‍. കോവിഡ് കാലത്ത് ടെന്‍ഡര്‍ ഒഴിവാക്കി കെ.എം.എസ്.സി.എല്‍. കോടികളുടെ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതു വിവാദമായതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് ആസ്‌ഥാനത്തുനിന്നു ഫയലുകള്‍ അപ്രത്യക്ഷമായത്.
മെഡിക്കൽ ഗോ ഡൗണുകളിൽ തീ പടിക്കണമെന്ന് ആരൊക്കെയോ ആഗ്രഹിച്ചതു പോലെയാണ് സംഭവിച്ചിരിക്കുന്നത്. ഉളിയക്കോവില്‍, തുമ്പ തീപിടിത്തങ്ങളിലൂടെ ഒരാഴ്‌ചക്കുള്ളില്‍ കത്തിപ്പോയതാകട്ടെ കോവിഡ് കാലത്ത് വാങ്ങിസൂക്ഷിച്ച സാധനങ്ങളും. കോവിഡ് കാലത്തു ഗ്ലൗസും പി.പി.ഇ. കിറ്റും ഉള്‍പ്പെടെ വാങ്ങിക്കൂട്ടിയതിലെ അഴിമതിയാരോപണം അന്വേഷിക്കുന്ന ലോകായുക്‌തയും ധനകാര്യ പരിശോധനാ വിഭാഗവും തെളിവെടുപ്പ് തുടങ്ങാനിരിക്കേയാണു ഗോഡൗണുകളില്‍ തീപിടിത്തമുണ്ടായത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി.പി.ഇ. കിറ്റ്, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിപണിവിലയെക്കാള്‍ മൂന്നും നാലും മടങ്ങ് ഉയര്‍ന്നവിലയ്ക്ക് എല്ലാ നടപടിക്രമങ്ങളും മറികടന്ന് വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ആരോപണം ഉയര്‍ന്നതിനുപിന്നാലെ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ കോര്‍പ്പറേഷനില്‍നിന്ന് നഷ്ടമായത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു.
കംപ്യൂട്ടറില്‍നിന്ന് ഡിലിറ്റ്‌ചെയ്ത ഫയലുകള്‍ പിന്നീട് വീണ്ടെടുത്തെന്നും ഡിലിറ്റ് ചെയ്തയാളെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അറിയിച്ച് കോര്‍പ്പറേഷന്‍ രംഗത്തുവന്നെങ്കിലും ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കോര്‍പ്പറേഷനായില്ല. പി.പി.ഇ. കിറ്റ്, ഗ്ലൗസ്, തെര്‍മോമീറ്റര്‍ തുടങ്ങിയവ വാങ്ങിയതില്‍ 600-700 കോടിയുടെ അഴിമതി നടന്നുവെന്നാണ് പരാതി. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങി 13 പേരാണ് കേസിലെ പ്രതികള്‍. ജൂണ്‍ 15-ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്റെ കൊല്ലത്തെയും തൊട്ടുപിന്നാലെ തിരുവനന്തപുരത്തെയും ഗോഡൗണുകളിലെ തീപ്പിടിത്തം.
കോവിഡ് കാലത്ത് അമിതവിലയ്‌ക്കു വാങ്ങിയ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന കൊല്ലം ഉളിയക്കോവിലിലെ ഗോഡൗണ്‍ കഴിഞ്ഞയാഴ്‌ചയാണു കത്തിനശിച്ചത്. കെട്ടിടത്തില്‍ ബ്ലീച്ചിങ് പൗഡര്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്നു. അതില്‍ വെള്ളംവീണാല്‍ പുകയാന്‍ സാധ്യതയുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ ദ്രാവകവുമായി ബ്ലീച്ചിങ് സമ്പര്‍ക്കത്തിലായാല്‍ തീ കത്താന്‍ സാധ്യതയുണ്ടെന്നും ഫയര്‍ഫോഴ്‌സ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു.
മിന്നലുണ്ടായപ്പോള്‍ ബ്ലീച്ചിങ് പൗഡറിനു തീപിടിച്ചെന്ന സുരക്ഷാ ജീവനക്കാരന്റെയും തിരുവനന്തപുരത്തെ ഗോഡൗണില്‍ നിന്ന് ഐ.വി. ഫ്‌ളൂയിഡ് കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറുടെയും മൊഴികള്‍ സംശയാസ്‌പദമാണ്. അന്തരീക്ഷ ഊഷ്മാവിൽ പോലും പെട്ടെന്നു തീ പിടിക്കാൻ സാധ്യതയുള്ള രാസ വസ്തുക്കൾ പലതും ഈ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നു. എന്നാൽ അതിനൊന്നിനും ഫയർ പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.
കൊല്ലത്തും തിരുവനന്തപുരത്തും ബ്ലീച്ചിങ് പൗഡറാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. പക്ഷേ, കത്തിയവയുടെ കൂട്ടത്തില്‍ തീയതി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകളും ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തീയതി കഴിഞ്ഞ മരുന്ന് സംഭരണകേന്ദ്രത്തില്‍ എന്തിന് സൂക്ഷിച്ചെന്നും രാസവസ്തുക്കള്‍ക്കൊപ്പം സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണോ മരുന്ന് സൂക്ഷിച്ചതെന്നും സംശയമുണ്ട്.
2022ലെ ഫയർ ഓഡിറ്റിൽ നൽകിയ നിർദ്ദേശങ്ങളൊന്നും കൊല്ലത്തും തുമ്പയിലും നടപ്പാക്കാത്തതാണ് അപകടത്തിനു കാരണമെന്നാണ് ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ട്. വലിയ തോതിലുള്ള സുരക്ഷാ വീഴ്ചകൾ നേരത്തേ തന്നെ കണ്ടെത്തി ഫയർ ഫോഴ്സ് മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. ഒപ്പം നോട്ടീസും നൽകിയിരുന്നു. തീ പിടുത്തം ഉണ്ടായാൽ അണയ്ക്കാനുള്ള ഉപകരണങ്ങടക്കം കെഎംഎസ്‍സിഎൽ ഉറപ്പാക്കണമെന്നായിരുന്നു നിർദ്ദേശം.
പക്ഷെ ഒന്നും നടപ്പാക്കിയില്ല. അതാണ് തീ പിടുത്തത്തിൻ്റെ കാരണമെന്നാണ് ഫയർഫോഴ്സ് മേധാവി സർക്കാറിന് നൽകിയ റിപ്പോർട്ട്. തീപിടിത്തം തടയാനുള്ള സംവിധാനങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. ഷട്ടര്‍ ഓപ്പണ്‍ ചെയ്ത് കെട്ടിടത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാ സേനാംഗമായ രഞ്ജിത്തിന് ജീവന്‍ നഷ്ടമായത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഫൊറന്‍സിക് പരിശോധനാഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ പറയാനാവൂ.
അടുത്തിടെ വാങ്ങിയ 7.18 കോടി രൂപയുടെ മരുന്നും കോവിഡ് കാലത്ത് വാങ്ങിയ 17.53 ലക്ഷത്തിന്റെ പി.പി.ഇ. കിറ്റുകളുമാണു കൊല്ലത്തു കത്തിനശിച്ചത്. ആകെ 15 കോടി രൂപയുടെ മരുന്നുകളും ഉപകരണങ്ങളും നശിച്ചെന്നാണു നിഗമനം. പേവിഷത്തിനും പാമ്പുവിഷത്തിനുമെതിരായ മരുന്നുകള്‍ കൂടുതലായി വാങ്ങണമെന്ന് ആരോഗ്യവകുപ്പിലെ ഉന്നതന്‍ നിര്‍ദേശിച്ചതനുസരിച്ച് 2.50 കോടിയുടെ മരുന്നുകള്‍ തിരുവനന്തപുരത്തെ ഗോഡൗണില്‍ സംഭരിച്ചിരുന്നു. ഓഡിറ്റ് വന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഉദ്യോഗസ്‌ഥര്‍ ഉന്നതനെ വിവരമറിയിച്ചു. തുടര്‍ന്ന് കൊല്ലത്തെ ഗോഡൗണിലേക്ക് മരുന്ന് മാറ്റിയതിനു പിന്നാലെ തീപിടിത്തവുമുണ്ടായി. ഒരാഴ്‌ചയ്‌ക്കുശേഷം തിരുവനന്തപുരം തുമ്പയിലെ ഗോഡൗണിലും ഇതാവര്‍ത്തിച്ചു.
എൻഒസി ഇല്ലാതെ പ്രവർത്തിച്ച തുമ്പയിലെ കേന്ദ്രത്തിലെ തീപിടുത്തത്തിനും കാരണം വീഴ്ചയെന്നാണ് ഫയർഫോഴ്സിൻറെ പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഒരു സുരക്ഷയുമില്ലാതെയാണ്. ബ്ലീച്ചിംഗ് പൗഡറിനൊപ്പം തീ പിടിക്കാവുന്ന ഒരുപാട് മറ്റ് വസ്തുക്കളും ഇവിടെയുണ്ടായിരുന്നു.
കാലാവധി തീർന്ന മരുന്നുകൾ ഇവിടെ സൂക്ഷിച്ചതും വീഴ്ചയാണ്. കാലാവധി കഴിഞ്ഞ മരുന്നുകൾ പ്രോട്ടോക്കോൾ പ്രകാരം നശിപ്പിച്ചിരുന്നില്ല. ടർപ്പൻറെയിൻ, സർജിക്കൽ സ്പിരിറ്റ് അടക്കം തീ പിടുത്തമുണ്ടായാൽ ആളിപ്പടരാനുള്ള 17 വസ്തുക്കൾ തുമ്പയിലെ കേന്ദ്രത്തിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചാണ് ഈ വിലയിരുത്തൽ.
https://www.facebook.com/Malayalivartha