പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് കെട്ടിടനിർമ്മാണ സാമഗ്രികളുമായി വന്ന ലോറി റോഡിൽ കുടുങ്ങി.. മണിക്കൂറുകളോളം ഗതാഗതം നിലച്ചു

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് കെട്ടിടനിർമ്മാണ സാമഗ്രികളുമായി വന്ന ലോറി റോഡിൽ കുടുങ്ങി കല്ലാർ പൊൻമുടി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു.
പൊൻമുടി പതിനൊന്നാംവളവിന് സമീപമാണ് കമ്പികയറ്റി വന്ന ലോറി ഉച്ചയോടെ യന്ത്രത്തകരാർ കാരണം നടുറോഡിൽ കുടുങ്ങിയത്. കൊടുംവളവായതിനാൽ മറ്റ് വാഹനങ്ങൾക്കൊന്നും കടന്നുപോകാനായി കഴിയാത്ത അവസ്ഥയായിരുന്നു.
ഇന്നലെ രാവിലെ മുതൽ ധാരാളം വിനോദസഞ്ചാരികൾ പൊൻമുടിലേക്ക് പുറപ്പെട്ടിരുന്നു. ഇവർ മണിക്കൂറുകളോളം പൊൻമുടിയിൽ കുടുങ്ങി. മാത്രമല്ല ധാരാളം സഞ്ചാരികൾ പൊൻമുടി സന്ദർശനത്തിനായി കല്ലാർ വരെ എത്തിയിട്ടുണ്ടായിരുന്നു. ഇവരെ വനപാലകരും പൊലീസും ചേർന്ന് മടക്കി അയച്ചു.
പൊൻമുടിയിലേക്ക് പോകേണ്ട എസ്റ്റേറ്റ് തൊഴിലാളികളും കല്ലാറിൽ വഴിയിൽ കുടുങ്ങി. ബസുകൾ പതിനൊന്നാംവളവ് വരെ ഓടി. ചിലർ നടന്നാണ് യാത്ര ചെയ്തത്.ഡ്രൈവറും,ക്ലീനറും,പൊലീസും,വനപാലകരും ചേർന്ന് ഏറെനേരം പണിപ്പെട്ടെങ്കിലും ലോറി അനങ്ങിയില്ല. തുടർന്ന് ക്രെയിൻ എത്തിച്ച് രാത്രിയോടെയാണ് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
"https://www.facebook.com/Malayalivartha
























