ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ദീത്വാ ചുഴലിക്കാറ്റ്....ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം... നിരവധി പേരെ കാണാതായി

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ദീത്വാ ചുഴലിക്കാറ്റ്. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 പേർ മരണപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു. വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്കുകളുള്ളത്. കൂടാതെ നിരവധി വീടുകൾ നശിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ ശ്രീലങ്കയിലെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് പലയിടത്തും രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും കാരണമായി. ദുരന്തബാധിത പ്രദേശങ്ങളിൽ സർക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
അതോടൊപ്പം മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചു വിടുകയും സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു. പലയിടങ്ങളിലും നെറ്റ്‍വർക്ക് ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും ഇടയിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട് -ആന്ധ്ര തീരമേഖലയിൽ അതി തീവ്രമഴ മുന്നിൽ കണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha
























