വാടക വീട്ടിൽ പൊടിപൊടിച്ചത് കോടികളുടെ ലഹരിമരുന്ന് വില്പന: വിശാഖപട്ടണത്തിൽ പോയി ലഹരി മരുന്ന് വാങ്ങി കാറിൽ കയറ്റിയ സംഘത്തെ പിന്തുടർന്ന് എക്സൈസ് സംഘം:- നാടകീയ രംഗങ്ങൾക്കൊടുവിൽ സംഭവിച്ചത്...

തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. പള്ളിത്തുറക്ക് സമീപം നെഹ്റു ജംഗ്ക്ഷനിലെ വാടക വീട്ടിലും കാറിലും നിന്നുമായി 155 കിലോഗ്രാം കഞ്ചാവും, 61 ഗ്രാം എംഡിഎംഎയും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർകോട്ടിക് വിഭാഗം പിടിച്ചെടുത്തു. 4 പേർ അറസ്റ്റിൽ. വലിയ വേളി സ്വദേശികളായ കാർലോസ് (34), അനു ആന്റണി (34), ഷിബു (20), കഠിനംകുളം സ്വദേശി ജോഷ്വാ(24) എന്നിവരാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒരു കോടി രൂപയിലേറെ വിലയും എംഡിഎംഎയ്ക്ക് 3 ലക്ഷവും വിലവരും എന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എം. സലീം അറിയിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർകോട്ടിക് സിഐ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ വാഹനത്തെ പിന്തുടർന്ന് നെഹ്റു ജംക്‌ഷനിൽ എത്തി. സമീപത്തെ വാടക കെട്ടിടത്തിനു മുൻപിൽ പാർക്കു ചെയ്യുമ്പോൾ കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാറിൽ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 133 കിലോഗ്രാം കഞ്ചാവും, വീടു പരിശോധനയിൽ വീടിനുള്ളിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 22 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പ്രതികളുടെ ദേഹ പരിശോധനയിൽ 61 ഗ്രാം രാസ ലഹരി മരുന്നായ എംഡിഎംഎയും കണ്ടെടുത്തു. ആന്ധ്ര, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവും എംഡിഎംഎയും കൊണ്ടു വന്നതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. മൂന്നു ദിവസം മുൻപ് നാലംഗ സംഘം കാറിൽ വിശാഖപട്ടണത്തിൽ പോയി ലഹരി മരുന്ന് വാങ്ങി കാറിൽ കയറ്റിയ ശേഷം രണ്ടു പേർ ഇന്നലെ രാവിലെ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി.
രണ്ടു പേർ റോഡു മാർഗം ലഹരിമരുന്നുമായി കാറിൽ വരുമ്പോഴാണ് എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടിയത്. തിരുവനന്തപുരം തീരമേഖല കേന്ദ്രീകരിച്ചുള്ള ലഹരിവിൽപ്പന സംഘങ്ങളെ കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്നാണ് വൻ ലഹരിമരുന്ന് വേട്ട നടന്നത്. രണ്ടാഴ്ച മുമ്പാണ് വലിയവേളി സ്വദേശിയായ 34 കാരൻ അനു, നെഹ്റു ജംഗ്ക്ഷനിൽ വാടകയ്ക്ക് വീട് എടുത്തത്.
ഈ വീട് കേന്ദ്രീകരിച്ച്, വിശാഖപട്ടണത്ത് നിന്നും ലഹരി എത്തുന്നുവെന്ന് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് വിവരം ലഭിച്ചു. അന്വേഷണത്തിൽ ഈ നാല് പേരും കഴിഞ്ഞ ദിവസം വിശാഖപട്ടണത്തുണ്ടായിരുന്നു എന്നും കണ്ടെത്തി. അനുവും, ഷിബുവും ഈ സമയം തിരുവനന്തപുരത്ത് തിരിച്ചത്തെയിരുന്നു. വിശാഖപട്ടണത്ത് നിന്നും കാറിൽ മടങ്ങുകയായിരുന്ന ജോഷ്വോയെയും കാർലോസിനെയും പിന്തുടർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കേസിൽ 62 പൊതി കഞ്ചാവാണ്. വീട്ടിലെ അലമാരയിൽ 10 പൊതി കഞ്ചാവും സൂക്ഷിച്ചിരുന്നു. പ്രതികളുടെ വസ്ത്രത്തിനുള്ളിലായിരുന്നു 61 ഗ്രാം എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഏകദേശം 75 ലക്ഷം രൂപ വില വരുന്ന കഞ്ചാവും, 2 ലക്ഷം രൂപ വില വരുന്ന എംഎഡിഎംഎയുമാണ് പിടികൂടിയത്. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
അതേ സമയം വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. ഇരവിപുരം അനന്ദു രവിയാണ് (19) പിടിയിലായത്. മൺകലത്തിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളർച്ചയുണ്ട്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണ് അനന്ദുവെന്നും ഇത് ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ചെടി വളർത്തിയതെന്നും അനന്ദു എക്‌സൈസിനോട് പറഞ്ഞു.
രാത്രികാലങ്ങളിൽ അനന്ദുവിന്റെ വീടിന് മുകളിലെത്തി യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും ഇവരെ അന്വേഷിക്കുകയാണെന്നും എക്‌സൈസ് അസിസ്റ്റന്റ് വിറോബർട്ട് പറഞ്ഞു.
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അനീഷ്, ഗോപകുമാർ, സൂരജ്, അജീഷ് ബാബു, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ സ്‌നേഹ സാബു, വർഷ, വിവേക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























