മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാരെ തടയാൻ മത്സ്യത്തൊഴിലാളികളുടെ ശ്രമം: വാക്കുതർക്കം; കൂടുതൽ ഷോ വേണ്ടെന്ന്, പ്രതിഷേധിച്ചവരോട് മന്ത്രി ആന്റണി രാജു പറഞ്ഞെന്ന് ആക്ഷേപം...

ബോട്ട് മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും, ഒപ്പമുണ്ടായിരുന്നവരെ കാണാതാവുകയും ചെയ്ത മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. രക്ഷാപ്രവർത്തനം വെെകിയെന്നാരോപിച്ച് നാട്ടുകാർ മന്ത്രിമാർക്കുനേരെ കയർത്തു.
പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞെന്നും ആക്ഷേപമുണ്ട്. മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്തത് ഫാദർ യുജീൻ പേരേരയാണെന്നും ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നും വി ശിവൻകുട്ടി വാർത്താകുറിപ്പിൽ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് മന്ത്രിമാർ കേട്ടു.
സ്‌കൂബാ ഡെെവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലികൾ അർപ്പിച്ചു.
തടയാൻ ശ്രമം ഉണ്ടായതോടെ മന്ത്രിമാർ അവിടെ നിന്ന് മടങ്ങി. അപകടത്തിൽ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെയാണ് നാട്ടുകാർ തടഞ്ഞത്. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.
ഇന്ന് വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെ തന്നെ ജില്ലാ ഭരണകൂടം തെരച്ചിലിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. ഡോണിയർ വിമാനം, ഹെലികോപ്റ്റർ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ്, ലോക്കൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികൾ തെരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു.
ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. വി ജോയി എം എൽ എ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ എ എസ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്നുള്ള നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ആർ ഡി ഒയെ ചുമതലപ്പെടുത്തി.
വള്ളം മറിഞ്ഞതിനെത്തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. അതീവ ഗുരുതരമായ നിലയിൽ അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പുതുക്കുറിച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസത്ഥയിലുള്ളതാണ് വള്ളം.
https://www.facebook.com/Malayalivartha


























