പൊലീസ് അറസ്റ്റു ചെയ്ത പ്രതിയുടെ ചിത്രം മാദ്ധ്യമപ്രവർത്തകർ പകർത്തുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തലാകും; പോലീസുകാർക്ക് നിർദേശവുമായി ഹൈക്കോടതി

ഹൈക്കോടതി പോലീസുകാർക്ക് നിർണായകമായ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മാധ്യമ പ്രവർത്തകരെ കേസിന്റെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നാണ് നിർദേശം. പ്രതികളുടെ ചിത്രം പകർത്തുന്നത് മാദ്ധ്യമപ്രവർത്തകന്റെ ജോലിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിന് ആധാരമായത്, എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ചിത്രം പകർത്തിയ ചാനൽ പ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് മാതൃഭൂമി നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ഇത്തരത്തിൽ നിർണായകമായ പരാമർശം നടത്തിയത്. ഹൈക്കോടതി ഉന്നയിച്ച മറ്റൊരു നിർണായകമായ ചോദ്യം , പൊലീസ് അറസ്റ്റു ചെയ്ത പ്രതിയുടെ ചിത്രം മാദ്ധ്യമപ്രവർത്തകർ പകർത്തുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തലാവുമെന്നാണ്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെങ്കിൽ പ്രതിയുടെ മുഖം മറച്ചാണ് പൊലീസ് കൊണ്ടുവരേണ്ടത്.
പ്രതിയുടെ ചിത്രം എടുത്തതിന്റെ പേരിൽ ക്യാമറ ഹാജരാക്കാൻ ആവശ്യപ്പെടുന്നതും അവരെ നിരന്തരം നോട്ടീസ് നൽകി വിളിപ്പിക്കുന്നതും എന്തിനാണ്? എന്നും കോടതി ചോദിച്ചു. കേസിൽ പ്രതിയാക്കാത്തതിനാൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവർക്ക് കോടതിയെ സമീപിക്കാനും കഴിയുന്നില്ലെന്ന് ഹൈക്കോടതി തുറന്നടിക്കുകയും ചെയ്തു . പൊലീസിന്റെ വശത്ത് നിന്ന് മാദ്ധ്യമ പ്രവർത്തകർക്ക് ഒരു ദ്രോഹവും ഉണ്ടാകുന്നില്ല. അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























