ഇത്തവണ പിന്നോട്ടില്ല...നേതൃത്വം പ്രഖ്യാപിച്ച് പിണറായി ചാനലുകളില്‍; ഘടകക്ഷികള്‍ വഴി ചരടുവലിച്ച് വി.എസ്, ഇടതു മുന്നണിയില്‍ നേതൃ പ്രതിസന്ധി രൂക്ഷം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ മാത്രമശേഷിക്കെ പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതൃത്വം സ്വയം പ്രഖ്യാപിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ചാനല്‍ അഭിമുഖ പരമ്പരയുമായി രംഗത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് സ്വകാര്യ ചാനലുകള്‍ക്കാണ് പിണറായി വിജയന്‍ അഭിമുഖം നല്‍കിയത്. സ്വതവേ ചാനല്‍ അഭിമുഖത്തില്‍ നിന്നും പിന്‍വലിഞ്ഞു നിന്നിരുന്ന പിണറായി പാര്‍ലമെന്ററി രംഗത്തേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായാണ് ചാനലുകളില്‍ മുഖം കാണിക്കുന്നതെന്ന സൂചനയുണ്ട്. അഭിമുഖത്തിലുടനീളം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തന്റെ സാന്നിദ്ധ്യം പിണറായി വിജയന്‍ അരക്കിട്ടുറപ്പിക്കുന്നുമുണ്ട്.
കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ സെക്രട്ടറി പദവി ഒഴിഞ്ഞതോടെ പിണറായി വിജയന്‍ ഇനി പാര്‍ലമെന്ററി രംഗത്താണ് പ്രവര്‍ത്തിക്കുക എന്ന സൂചന ഔദ്യോഗിക പക്ഷം നല്‍കിയിരുന്നു. ഇതോടെ പിണറായി വിജയനും തന്റെ ശരീരഭാഷയിലടക്കം മാറ്റം വരുത്തി. അതിനിടെ നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പോരാട്ടം നയിച്ചതും പിണറായി വിജയനായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ പിണറായിക്കെതിരെ വി.എസ് വിഭാഗം അണിയറ നീക്കം ശക്തമാക്കി. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതൃത്വം വി.എസിന് വിട്ടുകൊടുത്ത് നിശബ്ദനായ പിണറായി, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും സജീവമാകുകയാണ്. അടുത്തമാസമാദ്യം പാര്‍ട്ടി നടത്തുന്ന കേരള യാത്രയുടെ നേതൃത്വം പിണറായിക്കാണ്. യാത്രയിലെ സ്ഥിരാംഗങ്ങളെല്ലാം ഔദ്യോഗിക പക്ഷക്കാരണെന്നതും നേതൃത്വം പിണറായിക്കു തന്നെയാണെന്ന് ഉറപ്പാക്കുന്നു. ഇതിനു പിന്നാലെയാണ് ചാനലിലൂടെയുള്ള പടപ്പുറപ്പാടും. വി.എസുമായി തനിക്ക് ഒരു കാലത്തും വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പിണറായി പറയുന്നത്. എന്നാല്‍ പാര്‍ട്ടി നിലപാട് സംരക്ഷിക്കാന്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കുന്നു. വി.എസിന്റെ നിലപാടുകള്‍ എന്നും പാര്‍ട്ടിക്ക് എതിരായിരുന്നു എന്ന സന്ദേശം നല്‍കുകയാണ് പിണറായി ഇതിലൂടെ. താനോ വിഎസ്സോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥതാരണെന്നും പിണറായി സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ ആദ്യം സീറ്റ് നിഷേധിക്കുമ്പോള്‍ ഇടയുന്ന വി.എസ് അച്യുതാനന്ദന്‍ പരസ്യമായി പോരടിച്ചാണ് സീറ്റു നേടിയിരുന്നത്. ഇത്തവണ അത് ആവര്‍ത്തിച്ചാല്‍ അംഗീകരിക്കില്ല എന്നതും പിണറായിയുടെ വാക്കുകളില്‍ പ്രകടമാണ്. പിണറായി വിജയനെ നേതാവാക്കി തെരഞ്ഞെടുപ്പിനിറങ്ങാന്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷം നീക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു.
എന്നാല്‍ പിണറായി വിജയന്റെയും, ഔദ്യോഗിക പക്ഷത്തിന്റെയും നീക്കങ്ങളെ നേരിടാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് വി.എസ് ക്യാമ്പ്്. പിണറായിയുടെ നേതൃത്വത്തില്‍ കേരളയാത്ര നടത്തുന്നതിനുള്ള തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരണത്തിന് വി.എസ് ഇതുവരെ മുതിര്‍ന്നിട്ടില്ല. എന്നാല്‍ യാത്രയുടെ ഒരു ഘട്ടത്തിലും പങ്കാളിയാകാതെ പിണറായിയുടെ നവകേരള മാര്‍ച്ചിനെ തള്ളിക്കളയാനാണ് വി.എസ് വിഭാഗത്തിന്റെ തീരുമാനം. പിണറായിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് തിരിച്ചടിയാകുമെന്ന് എല്‍.ഡി.എഫിലെ ഘടകകക്ഷികളെകൊണ്ട് പറയിപ്പിക്കുന്നതിനാണ് ഇപ്പോള്‍ വി.എസിന്റെ നീക്കം. സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറിയടക്കമുള്ളവര്‍ ഇക്കാര്യം തുറന്നു പറഞ്ഞു കഴിഞ്ഞു. ജനതാദള്‍ സെക്യുലറിനും അതുതന്നെയാണ് താല്‍പര്യം. ഘടകകക്ഷികളെകൊണ്ട് ഇക്കാര്യം എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിപ്പിക്കാന്‍ വി.എസിന്റെ വിശ്വസ്തര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. വി.എസ് ബഹ്‌റൈനില്‍ നിന്ന് തിരിച്ചെത്തുന്നതോടെ ഈ നീക്കങ്ങള്‍ക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ. മുമ്പത്തെപ്പോലെ പാര്‍ട്ടിയില്‍ സ്വാധീനമില്ലെങ്കിലും ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ പിന്തുണ വി.എസിനുണ്ടെന്നതും വി.എസ് ക്യാമ്പിന് ആഹ്ലാദം നല്‍കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























