ക്യാന്‍സറിനെ ചിരിച്ച് തോല്‍പിച്ച് ഇന്നസെന്റ്

ക്യാന്‍സറിനെ രണ്ടാംവട്ടവും തോല്‍പിച്ച് ഇന്നസെന്റ് എംപി വീണ്ടും സജീവമായി. അഞ്ചുമാസം ചികിത്സയിലായിരുന്നിട്ടും നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ഉപേക്ഷ വരുത്തിയിട്ടില്ലെന്ന് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പരിശോധനയില്‍ ക്യാന്‍സറിന്റെ ലക്ഷണമൊന്നും ശരീരത്തില്‍ ശേഷിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോ. വി പി ഗംഗാധരന്റെ നിര്‍ദേശപ്രകാരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ഡോ ലളിത്കുമാറാണ് ചികിത്സിച്ചത്.
മനസ്സിന്റെ കട്ടിയാണ് തനിക്ക് വീണ്ടും ഈ സ്ഥിതിയില്‍ സംസാരിക്കാന്‍ അവസരമൊരുക്കിത്തന്നത്. രണ്ടാംവട്ടവും ക്യാന്‍സര്‍ ആണെന്നറിഞ്ഞപ്പോള്‍ ചെറിയൊരു ആശങ്ക ഉണ്ടായി. അത് അധികനാള്‍ നിന്നില്ല. ധൈര്യം വീണ്ടെടുത്തു. ഒടുവില്‍ പറയാതെവന്ന ക്യാന്‍സര്‍ പോയതും അങ്ങനെ തന്നെ. സ്‌കാനിങ്ങില്‍ എല്ലാം ശുഭം. തുടര്‍ന്നും ഞാന്‍ ജനങ്ങളോടൊപ്പമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാകുമെന്നും ഇന്നസെന്റ് അറിയിച്ചു. പിണറായിയോ, വി എസ്സോ മുഖ്യമന്ത്രി എന്ന് ഇന്നസെന്റിനോടും ചിലര്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതൊക്കെ തീരുമാനിക്കേണ്ടവര്‍ നിര്‍വഹിച്ചുകൊള്ളുമെന്ന് അദ്ദേഹം മറുപടിനല്‍കി.
സിനിമാ അഭിനയം നിര്‍ത്തുന്നില്ലെന്നും അതുകൂടി ചെയ്താലേ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഒഴിവാക്കിയാല്‍ എംപി ഫണ്ട് അടിച്ചുമാറ്റാന്‍ തോന്നിപ്പോയാലോ എന്നായി ഇന്നസെന്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























