സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട... അപ്പയുടെ അന്ത്യാഭിലാഷമായിരുന്നു, അത് നിറവേറ്റും; ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ മതപരമായ ചടങ്ങുകള്‍ മാത്രം മതി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ടെന്നാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇക്കാര്യം ജര്‍മനിയില്‍ ചികിത്സയ്ക്ക് പോകും മുന്‍പ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിന്റെ അന്ത്യാഭിലാഷമായിരുന്നു. അത് നിറവേറ്റും. ഇതുമായി ബന്ധപ്പെട്ട് കത്ത് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കുടുംബത്തിന്റെ ആഗ്രഹം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചത്.
അതേസമയം, തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണെത്തുന്നത്. റോഡിന്റെ ഇരുവശത്തും ജനങ്ങള്‍ തിങ്ങി നിറഞ്ഞതിനാല്‍ വളരെ മന്ദഗതിയിലാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് കോട്ടയം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍.
https://www.facebook.com/Malayalivartha


























