വെയിലും മഴയും അവഗണിച്ച്, രാവെന്നോ പകലെന്നോ ഇല്ലാതെ ജനം റോഡില്‍... ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 23 മണിക്കൂര്‍ പിന്നിട്ടിട്ടും.... സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ്... രാഷ്ട്രീയ കേരളം ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത് സമാനതകളില്ലാത്ത അന്ത്യയാത്ര

വെയിലും മഴയും അവഗണിച്ച്, രാവെന്നോ പകലെന്നോ ഇല്ലാതെ ജനം റോഡില്‍... ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 23 മണിക്കൂര്‍ പിന്നിട്ടിട്ടും.... സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ്... രാഷ്ട്രീയ കേരളം ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത് സമാനതകളില്ലാത്ത അന്ത്യയാത്ര.
വഴിനീളെ ജനം കാത്തുനിന്നതോടെ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂര്‍ പിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇപ്പോള്‍
ചങ്ങനാശ്ശേരിയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് തുടങ്ങിയ യാത്ര. 22 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എത്തിയത് 124 കിലോമീറ്റര്‍ ഇപ്പുറം തിരുവല്ലയിലായിരുന്നു. കൊട്ടാരക്കരയിലും അടൂരും ചെങ്ങന്നൂരും, ജനസാഗരം ഇരമ്പിയെത്തി. വാഹന വ്യൂഹത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത വിധം ജനം തിങ്ങിനിറഞ്ഞിരുന്നു, നേതാക്കള്‍ ഏറെ പണിപ്പെട്ടാണ് വിലാപയാത്രയ്ക്ക് വഴിയൊരുക്കിയത്.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി അറിയിച്ചു.
ഉമ്മന്‍ചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവന്‍ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെര്‍ച്ചന്റ്‌സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, മെഡിക്കല്‍ സ്റ്റോറികള്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ലെന്ന് പറഞ്ഞ്, കണ്ണീരണിഞ്ഞ്, പലവിധ രീതിയില്‍ ജീവിതത്തെ സ്പര്‍ശിച്ച കഥകള്‍ പങ്കുവച്ച്, ജനം തെരുവില്‍ കാത്ത് നില്‍ക്കുകയാണ് ഇപ്പോഴും.
https://www.facebook.com/Malayalivartha


























