ഇത്രയും ഒട്ടും പ്രതീക്ഷിച്ചില്ല... തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോട്ടയത്ത് എത്തിയില്ല; ജനസാഗരത്തിന്റെ കണ്ണീരിന് മുമ്പില്‍ അലിഞ്ഞ് വിലാപയാത്ര; കത്തിച്ച മെഴുകുതിരിയുമായി ഒരുനോക്കു കാണാന്‍ രാത്രിയിലും കാത്തുനിന്ന് ആയിരങ്ങള്‍

ജനം കടലുപോലെ ഒരുനോക്ക് കാണാന്‍ ഇരമ്പിയെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര താളം തെറ്റി. വഴിനീളെ കാത്തുനിന്നതോടെ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂര്‍ പിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. അപൂര്‍വമായാണ് ഒരു കോണ്‍ഗ്രസ് നേതാവിന് ഇങ്ങനെയൊരു യാത്രയയപ്പ് കിട്ടുന്നത്.
ആള്‍ക്കൂട്ടത്തിനു നടുവില്‍ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനസാഗരത്തില്‍ അലിഞ്ഞുതന്നെ. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30 തോടെ കോട്ടയം ജില്ലയില്‍ പ്രവേശിച്ചു. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.
അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തു നിന്നത് പതിനായിരങ്ങളാണ്. അര്‍ധരാത്രിയിലും മഴയിലും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല.
പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. വഴിയോരങ്ങളില്‍ ജനലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്നതിനാല്‍ വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്.
കൊല്ലം ജില്ലയിലെ ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വന്‍ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത്. പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് യാത്ര. ഉമ്മന്‍ചാണ്ടിയുടെ കുടുംബവും കോണ്‍ഗ്രസ് നേതാക്കളും ബസ്സില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കാത്തുനില്‍ക്കുന്ന വന്‍ ജനാവലിയ്ക്കു നടുവിലൂടെ എത്താന്‍ പുലര്‍ച്ചെയാകും.
ഇന്ന് പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. എംസി റോഡില്‍ പുലര്‍ച്ചെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇന്ന് 3.30ന് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മന്‍ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളില്‍ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
രണ്ടു തവണയായി ആറേമുക്കാല്‍ വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കര്‍മമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തില്‍ മൃതദേഹമെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
1970 മുതല്‍ തുടര്‍ച്ചയായി 53 വര്‍ഷം (12 തവണ) പുതുപ്പള്ളി എംഎല്‍എയായ ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് കൂടുതല്‍ കാലം നിയമസഭാ സാമാജികനെന്ന റെക്കോര്‍ഡ്. 1943 ഒക്ടോബര്‍ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മന്‍ ചാണ്ടി, ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ മുത്തച്ഛന്‍ വി.ജെ. ഉമ്മന്റെ പാത പിന്തുടര്‍ന്നാണു രാഷ്ട്രീയത്തിലെത്തിയത്.
"
https://www.facebook.com/Malayalivartha


























