തപാല്‍ ഓഫിസ് വഴിയുള്ള ക്ഷേമപെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് നിര്‍ത്തലാക്കുന്നു

തപാല്‍ ഓഫിസ് വഴിയുള്ള ക്ഷേമപെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് നിര്‍ത്തലാക്കുന്നു. പോസ്റ്റ് ഓഫിസ് വഴി ജനുവരി 15നു ശേഷം പെന്‍ഷന്‍ വിതരണമുണ്ടായിരിക്കില്ല. തപാല്‍ ഓഫിസിലൂടെ കൈപ്പറ്റുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറാന്‍ ജനുവരി 15 വരെ സമയം അനുവദിച്ചു. 60 ശതമാനം ഗുണഭോക്താക്കള്‍ക്ക് പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയും 24 ശതമാനം പേര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ട് വഴിയും 16 ശതമാനം പേര്‍ക്ക് ഇ-മണി ഓര്‍ഡറായുമാണ് നിലവില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
കെ.സി. ജോസഫ്, എം.കെ. മുനീര്‍, ഷിബു ബേബിജോണ്‍, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിതരണ സംവിധാനം മാറ്റുന്നത്. ഗുണഭോക്താക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കഴിഞ്ഞ ഒക്ടോബര്‍ 14ന് മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്തിരുന്നു. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലുമായി സംസാരിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ കഴിയുന്ന തൃപ്തികരമായ നിര്‍ദേശങ്ങള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാര്യങ്ങള്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധന അഡീ. ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തപാല്‍ ഓഫിസുകളുടെ ഗുരുതര വീഴ്ചയാണ് ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്തത്. ഏതുമാസത്തെ പെന്‍ഷനാണ് ഗുണഭോക്താവിന് നല്‍കിയതെന്നറിയാന്‍ ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളില്‍ സൗകര്യമില്ല. ആവശ്യപ്പെട്ട വിവരം നല്‍കാന്‍പോലും ചില പോസ്റ്റ് ഓഫിസുകള്‍ തയ്യാറായില്ല.
ചില കേസുകളില്‍ ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ പെന്‍ഷന്‍ തുക വരവുവെച്ചിരുന്നതായി പോസ്റ്റല്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും യഥാര്‍ഥത്തില്‍ ഗുണഭോക്താവിെന്റ അക്കൗണ്ടില്‍ തുക എത്തിയിരുന്നില്ല. ഗുണഭോക്താവിന് തുക കൈമാറുന്നതില്‍ കാലതാമസമുണ്ടാവുന്നതിനൊപ്പം അവര്‍ പെന്‍ഷന്‍ തുക കൈപ്പറ്റുന്നതിനായി നിരവധി തവണ പോസ്റ്റ് ഓഫിസിനെ സമീപിക്കേണ്ട അവസ്ഥയും വന്നു. ഈ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ബാങ്കുകള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























