ആ കത്ത് വീട്ടിൽ നിന്ന് പൊലീസിന് കണ്ടെടുത്തു, കൊല്ലത്ത് ദമ്പതികളുടെ മരണത്തിൽ ദുരൂഹത, വിജേഷിൻ്റെ മൃതദേഹത്തിനരികിൽ വസ്തുപ്രമാണം അടങ്ങിയ ഫയലും മൊബൈൽ ഫോണും കണ്ടെത്തി
കൊല്ലത്ത് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടിടങ്ങളിലായിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ താമസിക്കുന്ന 38 വയസുള്ള രാജി മിനി ബസിന് മുന്നിൽ ചാടിയാണ് മരിച്ചത്. ആവണീശ്വരം റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
കാണാതായ വിജേഷിനായി തിരച്ചിൽ നടക്കുന്നതിനിടെ തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തി. വിളക്കുടി ആയിരവില്ലി പാറയ്ക്ക് സമീപം ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു. ഇവർക്ക് 10 വയസുള്ള മകനും ആറു വയസുള്ള മകളുമുണ്ട്. കടബാധ്യതമൂലം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സാമ്പത്തികബാധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടിൽനിന്ന് പൊലീസിന് കിട്ടി.
വിജേഷിൻ്റെ മൃതദേഹത്തിനരികിൽനിന്ന് വസ്തുപ്രമാണം അടങ്ങിയ ഫയലും മൊബൈൽ ഫോണും കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി, ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയത്. കുന്നിക്കോട്പത്തനാപുരം പാതയില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.
യുവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാന്‍സ് യൂണിറ്റുകളില്‍ നിന്നും പലിശക്കാരില്‍നിന്നും വായ്പയെടുത്തതായും പറയുന്നു. സംഭവദിവസവും മൈക്രോഫിനാന്‍സ് വായ്പയുടെ തിരിച്ചടവിനായി തുക സ്വരൂപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha