പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള കാത്തിരിപ്പ് തുടരുകയാണ്. പല സാങ്കേതികവിദ്യകള്‍ നോക്കിയെങ്കിലും അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍.
നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകള്‍ നിലയുറപ്പിച്ചു നിര്‍ത്താന്‍ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്സിന്റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തില്‍ പുരോഗതിയില്ലാത്തത്.
മുങ്ങല്‍ വിദഗ്ധര്‍ക്കായി ഫ്ലോട്ടിങ് പ്രതലം ഉള്‍പ്പെടെ തയ്യാറാക്കാന്‍ ആലോചന ഉണ്ടെങ്കിലും നിലവില്‍ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല. ഡ്രെഡ്ജിങ് യന്ത്രം ഗോവയില്‍ നിന്ന് കടല്‍ മാര്‍ഗം കൊണ്ടുവരാനും കാലാവസ്ഥ തടസ്സമാണ്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്.
അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തില്‍, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചകും ഡൈവിങ് സാധ്യതകള്‍ തേടുക. നദിയുടെ നടുവിലുള്ള മണ്‍കൂനയോട് ചേര്‍ന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇന്നലെ എത്തിയ മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരില്‍ തുടരുകയാണ്. മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് എത്തും.
ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്ക് തുടരുകയാണ്. പുഴയില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് ഇറങ്ങാന്‍ ആയില്ല. ചെളിനിറഞ്ഞ വെള്ളമായതിനാല്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് ഒന്നും കാണാനുമാകില്ല.
ഐബോഡ് സംഘത്തിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോംഗ് ബൂം എസ്കവേറ്ററുകള്‍ പുഴക്കരയിലെ മണ്ണ് നീക്കിയും പരിശോധന നടത്തുന്നുണ്ട്.
നേവിയുടെയും ആര്‍മിയുടെയും ഐബോഡ് സംഘത്തിന്റെയും സംയുക്ത തെരച്ചില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാല്‍ ഇനിയെന്ത് വേണം എന്നതില്‍ നിര്‍ണായക യോഗം നടന്നു. ദൗത്യസംഘ പ്രതിനിധികളും ഉദ്യോഗസ്ഥസംഘവുമാണ് യോഗം ചേരുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ദൗത്യം പ്രായോഗികമല്ലെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ദൗത്യസംഘത്തിന്റെ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം കേരളത്തില്‍ നിന്നെത്തുന്ന മന്ത്രിതല സംഘത്തെ കര്‍ണാടക അറിയിക്കും.
ബൂം എസ്കവേറ്റര്‍ പരിശോധനയില്‍ ചായക്കടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രിതൊട്ട് കനത്ത മഴയും കാറ്റുമാണ്. ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ടാണ്. ഐബോഡ് ഡ്രോണ്‍ പരിശോധന ഇന്നലെ വൈകുവോളം തുടര്‍ന്നിരുന്നു. എന്നാല്‍ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. റോഡില്‍ നിന്ന് 60 മീറ്ററോളം മാറി നദിയില്‍ 20 അടി താഴ്ചയിലാണ് ട്രക്കുള്ളത്. നാല് ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ദൗത്യസംഘം അറിയിച്ചു.
https://www.facebook.com/Malayalivartha


























