പൊന്തക്കാട്ടിലെ ആറടിയോളം താഴ്ചയുള്ള കുഴിയിൽ കുട്ടി എങ്ങനെ എത്തി..? ഓടയ്ക്കു സമീപമുള്ള കുളം പരിചിതമെന്ന് പോലീസ്:- ഓടയിലേയ്ക്ക് കാൽ വഴുതി വീണതാകാമെന്ന്, നിഗമനം...
ചാക്ക, ബ്രഹ്മോസിന് സമീപം, രണ്ടു വയസ്സുള്ള കുഞ്ഞിനെ ചാക്കയിൽ നിന്ന് കാണാതായ സംഭവത്തെക്കുറിച്ച് വ്യക്തത ലഭിക്കാതെ പോലീസ്. പത്തൊമ്പത്ത് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന്, ഒടുവിൽ കുട്ടിയെ തിരികെ ലഭിച്ചെങ്കിലും കുഞ്ഞ് എങ്ങനെ പൊന്തക്കാടിനുള്ളിലെ ഓടയിലെത്തി എന്നതിലാണ് ദുരൂഹത. ഡ്രോൺ പരിശോധനയാണ് ഈ സ്ഥലത്ത് എത്താൻ സഹായമായത്, എന്നാണ് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാൽ, പൊന്തക്കാട്ടിലെ ആറടിയോളം താഴ്ചയുള്ള കുഴിയിലുണ്ടായിരുന്ന കുഞ്ഞിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന കൊണ്ട് കഴിഞ്ഞു എന്നതും സംശയ നിഴലിലാണ്. രണ്ടു വയസ്സുകാരിയായ കുഞ്ഞ് സ്വയം നടന്നു പോയതാകാമെന്നുള്ള സംശയത്തിലാണ് ഇപ്പോൾ അന്വേഷണസഘം. എന്നാൽ, ഇതിലും വ്യക്തത വന്നിട്ടില്ല. തട്ടിക്കൊണ്ട് പോയതാകാനുള്ള സാധ്യതയാണ് കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നത്.
നാടോടിക്കുടുംബം അന്തിയുറങ്ങിയ സ്ഥലത്തോ, കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തോ, CCTV. ക്യാമറകളൊന്നും ഇല്ല. ഇതിനു സമീപത്തുള്ള ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടുമില്ല. DCP.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഫോറൻസിക് വിദഗ്ദ്ധരുമെല്ലാം കുഞ്ഞിനെ കണ്ടെത്തിയ സ്ഥലവും, പരിസരവും പരിശോധിച്ചിരുന്നു. എന്നാൽ, എന്താണ് സംഭവിച്ചതെന്ന്, സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല.
ഒരു സ്ത്രീ കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങൾ സമീപത്തെ CCTVയിൽനിന്നു ലഭിച്ചെങ്കിലും ഈ സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയാൽ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഡോക്ടർമാരുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഏഴ് ദിവസം കൂടി നിരീക്ഷിച്ച ശേഷം ആശുപത്രിയിൽ നിന്ന് വിടുമെന്നും, ഡോക്ടർമാർ വ്യക്തമാക്കി
സ്വയം നടന്നു പോയതിന്റെ സാധ്യതകളാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. കുഞ്ഞിന്റെ കുടുംബം കിടന്നുറങ്ങിയ സ്ഥലത്തുനിന്ന് അഞ്ഞൂറ് മീറ്ററിനകത്താണ് കുഞ്ഞിനെ തിരികെക്കിട്ടിയ സ്ഥലം. കണ്ടെത്തിയ ഓടയ്ക്കു സമീപമുള്ള കുളത്തിലാണ് സ്ഥിരമായി ഈ കുടുംബം കുളിക്കാൻ പോകുന്നത്. ഈ കുട്ടികൾ കളിക്കാനും മറ്റും ഇവിടെ പോകാറുമുണ്ട്. അതിനാൽ ഈ സ്ഥലം കുഞ്ഞിന് പരിചിതമാണ്.
ഓടയിലേയ്ക്ക് ഇറങ്ങാൻ ചരിഞ്ഞ ഭാഗമുണ്ടെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. നടന്നു പോയി ഓടയിലേക്കിറങ്ങിയപ്പോൾ അതിനകത്ത് അകപ്പെട്ടതാകാം. CCTV. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തട്ടിക്കൊണ്ട് പോകലിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
വാഹനത്തിൽ കടത്തി കൊണ്ട്, പോയതിനും തെളിവില്ല. പത്തൊൻപത് മണിക്കൂറോളം കുഞ്ഞ് ഭക്ഷണം കഴിച്ചിട്ടുമില്ല. ഇവയൊക്കെയാണ് സ്വയം നടന്നു പോയി എന്നതിനുള്ള നിഗമനങ്ങൾ.
എന്നാൽ, രാത്രിയിൽ ഒറ്റയ്ക്ക് റെയിൽവേ ട്രാക്കിലൂടെ രണ്ടു വയസ്സുകാരി നടന്നു പോയി എന്നത് വിശ്വാസയോഗ്യമല്ലെന്നാണ് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നത്.ഇരുഭാഗവും കാടുപിടിച്ച പ്രദേശത്ത് റെയിൽവേ ട്രാക്കിലൂടെ മാത്രമേ നടക്കാനാവൂ. എപ്പോഴും തീവണ്ടികൾ വരുന്നതാണ്.
ഇനി നടന്നുവന്ന് ഓടയിൽ അകപ്പെട്ടതാണെങ്കിൽ കുഞ്ഞ് കരയേണ്ടതാണ്. റെയിൽവേ ട്രാക്കിന് എതിർവശത്തുള്ള വീട്ടുകാർ കരച്ചിലൊന്നും കേട്ടിരുന്നില്ല.ഇതൊക്കെ പോലീസിന്റെ വാദത്തെ ദുർബലപ്പെടുത്തുന്നതുമാണ്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയും പിടിക്കപ്പെടുമെന്നായതോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. കുഞ്ഞിനെ കാണാതായതു മുതൽ ഈ പരിസരമാകെ പോലീസും നാട്ടുകാരും പരിശോധിച്ചിരുന്നു. രാത്രി കുഞ്ഞിനെ കണ്ടെത്തിയ ഭാഗത്തും പകൽ പരിശോധന നടത്തിയെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്പോൾ അനക്കമോ കരച്ചിലോ ഒന്നും കേട്ടിരുന്നില്ല. കുഞ്ഞ് കിടന്നത് ആറടിയോളം താഴ്ചയുള്ള ഓടയിലാണ്. ചുറ്റും പൊന്തക്കാടും. ഓടയിലേക്കു കാൽവഴുതി വീണതാണെങ്കിൽ പരിക്കുണ്ടാവും. എന്നാൽ, കുഞ്ഞ് പൂർണ ആരോഗ്യവതിയായിരുന്നു. ഇവയൊക്കെയാണ് തട്ടിക്കൊണ്ടുപോയ ശേഷം പിടിയിലാവാതിരിക്കാൻ ഉപേക്ഷിച്ചതാവാമെന്ന നിഗമനത്തിന് കാരണം.
https://www.facebook.com/Malayalivartha