കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്, എസി മൊയ്തീനിൽ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, വീണ്ടും ചോദ്യം ചെയ്യുന്നതിന് ഉടൻ നോട്ടീസ് നൽകും...!!

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എസി മൊയ്തീനിൽ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടിക്ക് പിന്നാലെ മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇ.ഡി. എസി മൊയ്തീൻ, സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണൻ എന്നിവരെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇവർക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിക്കുന്നത്.
ഇതിനുമുന്നോടിയായി തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്ക് ഇഡി നോട്ടീസയച്ചു. അടുത്ത ആഴ്ച തന്നെ ഹാജരാകാനാണ് നിർദേശം. വടക്കാഞ്ചേരി കൗണ്‍സിലര്‍ മധു അമ്പലപ്പുരത്തെയും ഇഡി വിളിപ്പിക്കും. കൂടുതൽ ചോദ്യംചെയ്യലുകൾക്കും വിശദാംശങ്ങൾ തേടിയതിനുംശേഷമായിരിക്കും എസി മൊയ്തീനെ വിളിപ്പിക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് ഇഡി കടക്കുക.കേസിൽ നേരത്തെ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷം ചില നടപടികൾ ഉണ്ടായെങ്കിലും പിന്നീട് ഇതിൽ കാലതാമസം നേരിട്ടു.
ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതിപട്ടികയിൽ അൻപത്തഞ്ചോളം പേരാണ് ഉണ്ടായിരുന്നത്. ഇഡിയുടെ ഇപ്പോഴത്തെ നീക്കത്തിലൂടെ കൂടുതൽ നേതാക്കളിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് വ്യക്തമാകുന്നത്. മൊയ്തീന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ഡൽഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി ശരിവെച്ചു. ഇരുവരുടെയും പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. അതേസമയം ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടില്ലെന്നാണ് വിവരം.
കേസില്‍ അന്വേഷണം നേരിടുന്ന ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ സി മൊയ്തീന്‍. ഈ സാഹചര്യത്തില്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി ലോണ്‍ നേടിയതില്‍ എ.സി മൊയ്തീന്ന് പങ്കുണ്ടോ എന്നായിരുന്നു ഇഡിയുടെ അന്വേഷണം. തട്ടിപ്പ് കേസില്‍ തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെ ഇ.ഡി അന്വേഷണത്തിന്റെ പരിധിയിലാണ്. ഒരു ഘട്ടത്തില്‍ എ സി മൊയ്തീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ മൊയ്തീനെതിരെ മുഖ്യസാക്ഷി ജിജോര്‍ നിര്‍ണായക മൊഴി നല്‍കി. മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചു. നേതാക്കളുടെ ബിനാമിയായ സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തു. 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാള്‍ ഈടാക്കിയിരുന്നുവെന്നും ജിജോര്‍ മൊഴി നല്‍കിയിരുന്നു.ബാങ്കിലെ കോടികൾ വരുന്ന നിക്ഷേപങ്ങൾ 2016-2018 കാലത്ത് അനധികൃത വായ്പ നൽകി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീൻ ഇതിനു കൂട്ടുനിന്നെന്നാണ് ആരോപണം. മുൻ സഹകരണരജിസ്ട്രാർമാർ, കരുവന്നൂർ തട്ടിപ്പിന്റെ പേരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കിയ ജില്ലാകമ്മിറ്റിയംഗം സി.കെ. ചന്ദ്രൻ, പ്രധാന പ്രതികളായ ബാങ്ക് മുൻമാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, പ്രധാനപ്രതിയായ മുൻ സെക്രട്ടറി സുനിൽകുമാറിന്റെ അച്ഛൻ എന്നിവരും തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന് പങ്കുണ്ടെന്ന് മൊഴിനൽകിയിരുന്നു.
https://www.facebook.com/Malayalivartha