കോട്ടയത്തെ നിരന്തര കുറ്റവാളികൾ, കാപ്പാ ചുമത്തിയ പോലീസ് നടപടി സര്‍ക്കാര്‍ ശരിവെച്ചു
കോട്ടയത്ത് നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സര്‍ക്കാര്‍ ശരിവെച്ചു. ജില്ലയിലെ നിരന്തര കുറ്റവാളികളായ ചങ്ങനാശ്ശേരി വാഴപ്പള്ളി തൈപ്പറമ്പിൽ വീട്ടിൽ വിനീഷ്(32) , ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽപറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ (33) എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നു.
ഇതിനെതിരെ ഇവർ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരി വയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു.
വിനീഷ് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതകശ്രമം തുടങ്ങിയ കേസുകളിലും, അനിൽകുമാർ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ്.
https://www.facebook.com/Malayalivartha