ബി സി ജോജോ പുതിയ കാല മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാതൃകയെന്ന് എം എ ബേബി
![](https://www.malayalivartha.com/assets/coverphotos/w657/308236_1712077077.jpg)
പാമോയില്‍ ഇറക്കുമതി അഴിമതിയും മുല്ലപ്പെരിയാര്‍ ജല ചൂഷണവും അടക്കം കോളിളക്കം ഉണ്ടാക്കിയ വാര്‍ത്തകള്‍ മാത്രമല്ല പുറത്തു വിടാതിരുന്ന വാര്‍ത്തകള്‍ കൂടി ചേര്‍ന്നതാണ് ബി സി ജോജോ എന്ന മാധ്യമ പ്രവര്‍ത്തകനെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ ബി സി ജോജോ അനുസ്മരണത്തിലാണ് ബേബി പഴയ സംഭവം വെളിപ്പെടുത്തിയത്.
1996 കാലത്ത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വലിയ കൊളിളക്കം ഉണ്ടാക്കുന്ന ഒരു വാര്‍ത്തയുമായി എത്തിയ ജോജോ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥി സംഘടനാ കാലം മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച സൗഹൃദത്തിന് അപ്പുറം ആ വാര്‍ത്ത പാര്‍ട്ടിക്കോ സമൂഹത്തിനോ ഗുണം ചെയ്യില്ല എന്ന ബോധ്യം കൊണ്ട് കൂടിയായിരുന്നു പ്രസിദ്ധീകരിക്കാതെ വിട്ടതെന്നും ബേബി ഓര്‍മിച്ചു.
പുതിയ കാലത്ത് ഫാസിസ്റ്റ് ശക്തികള്‍ അധികാരം ഉറപ്പിക്കുന്ന ബിഗ് ഡേറ്റാ സയന്‍സ് ഉപയോഗിച്ച് തന്നെ അതിനെ നേരിടാനുളള വഴി തേടുന്ന വലിയ പ്രോജക്ട് പൂര്‍ത്തിയാക്കാനാവാതെയാണ് ജോജോയ്ക്ക് മടങ്ങേണ്ടി വന്നതെന്നും ബേബി അനുസ്മരിച്ചു.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ജോജോയ്ക്ക് മാധ്യമ പ്രവര്‍ത്തനമെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. മുന്‍ മന്ത്രിമാരായ പന്തളം സുധാകരന്, എം വിജയകുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എം ജി രാധാകൃഷ്ണന്, കെ വി സുധാകരന് എന്നിവരും ജോജോയുടെ മാധ്യമ പ്രവര്‍ത്തന കാലം ഓര്‍ത്തു.
കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര് കിരണ്‍ ബാബു അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ സ്വാഗതവും സെക്രട്ടറി അനുപമ ജി നായര്‍ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha