വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള സത്വര നടപടികളുമായി സർക്കാരും നഗരസഭയും മുന്നോട്ട്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം നഗരത്തിലെ എല്ലാ ഓടകളും വൃത്തിയാക്കാനാവുന്ന സക്ഷൻ കം ജെറ്റിംഗ് മെഷീൻ വാങ്ങാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
വെള്ളക്കെട്ട് രൂക്ഷമായിരുന്ന കൊച്ചിയിൽ സക്ഷൻ കം ജെറ്റർ പരീക്ഷിക്കുകയും, വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിൽ വിജയിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഇത് വാങ്ങാനുള്ള ടെൻഡർ നടപടികള്‍ പുരോഗമിക്കുകയാണ്. ജൂൺ അവസാനത്തോടെയോ, ജൂലൈ ആദ്യമോ മെഷീൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ലാബുകള്‍ തുറക്കാതെ അകലെ നിന്നുപോലും ചെളിയും മണ്ണും വലിച്ചെടുത്ത് നീക്കം ചെയ്യാൻ ഈ സംവിധാനത്തിന് കഴിയും. മെഷീൻ ലഭ്യമാവുന്നതുവരെ നെടുമ്പാശേരി വിമാനത്താവളത്തിലെ പകരം സംവിധാനം ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സിയാൽ എംഡിയുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
മേയറുടെ നേതൃത്വത്തിൽ തുടർ ചർച്ചകളും പൂർത്തിയാക്കിയിട്ടുണ്ട്. ഓടകളിലെ വെള്ളം തോടുകളും ആറുകളും വഴി ഒഴുകിപ്പോകുന്നതിന് തടസം നിൽക്കുന്ന മാലിന്യവും മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള രണ്ട് മെഷീനുകളാണ് തിരുവനന്തപുരത്ത് എത്തുക.സ്ലിറ്റ് പുഷർ, സ്ലോട്ട് ട്രാപ്പർ എന്നീ യന്ത്രങ്ങളാണ് ഉടൻ എത്തുന്നത്.ഇതുപയോഗിച്ച് അടിഞ്ഞു കൂടുന്ന മാലിന്യവും മണ്ണും ചെളിയും ഒഴിവാക്കാനാവും.
ഇങ്ങനെ നഗരത്തില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാനുമാവും. ആമയിഴഞ്ചാന്‍ തോട്, കരിയില്‍ തോട്, പട്ടം തോട്, കരമനയാര്‍, തെറ്റിയാര്‍ എന്നിവിടങ്ങളില്‍ അടിഞ്ഞു കൂടുന്ന മണ്ണും ചെളിയും മാലിന്യവും മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിന് ഇവ ഉപയോഗിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണ്ണും ചെളിയും മാലിന്യവും തള്ളിമാറ്റി രണ്ട് കരകളിലും ശേഖരിക്കുന്ന പ്രവർത്തനമാണ് സ്ലിറ്റ് പുഷർ നിർവഹിക്കുക. ഇത് ജെസിബി ഉപയോഗിച്ച് കോരിമാറ്റണം. മാലിന്യവും കുളവാഴ ഉള്‍പ്പെടെയുള്ളവയും ജലനിരപ്പിൽ നിന്ന് വലിച്ചെടുത്ത് നീക്കം ചെയ്യാനാവുന്ന സംവിധാനമാണ് സ്ലോട്ട് ട്രാപ്പർ. തോടുകളും ആറുകളും സജ്ജമാവുന്നതോടെ നഗരത്തിലെ ഓടകളിലെ വെള്ളം ഒഴുകിപ്പോവാനുള്ള സുഗമമായ സംവിധാനം ഒരുക്കാനും അതുവഴി വെള്ളക്കെട്ടിനെ നിയന്ത്രിക്കാനും കഴിയും.
സക്ഷൻ കം ജെറ്റിംഗ് മെഷീൻ കൂടി എത്തുന്നതോടെ ഓടകള്‍ കൂടി യന്ത്രസഹായത്തോടെ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഈ വർഷം തന്നെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ശുചീകരണ തൊഴിലാളിയായ മുരുകൻ സെക്രട്ടേറിയറ്റിന് മുന്നിലെ ഓടയിലിറങ്ങി വെള്ളത്തിന്റെ ഒഴുക്കിന് തടസമായി നിന്ന മാലിന്യം നീക്കുന്ന ചിത്രം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് കരിമഠം കോളനിയിലെ മുരുകന്റെ വീട്ടിലെത്തുകയും, ഓടയിലിറങ്ങി വൃത്തിയാക്കേണ്ടിവരുന്ന അവസ്ഥ പരിഹരിക്കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു.
ഓടകളെ യന്ത്രസഹായത്തോടെ വൃത്തിയാക്കുന്ന സക്ഷൻ കം ജെറ്റിംഗ് മെഷീൻ വാങ്ങാനുള്ള നിർദേശം മന്ത്രി കോർപറേഷന് നൽകി. ആ പ്രക്രീയയാണ് ഇപ്പോള്‍ അന്തിമഘട്ടത്തിലെത്തിനിൽക്കുന്നത്. കൊച്ചിയിൽ കഴിഞ്ഞ വർഷം താരതമ്യേനെ വെള്ളക്കെട്ടില്ലാത്ത കാലവർഷമായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെയും കോർപറേഷന്റെയും നേതൃത്വത്തിൽ നടത്തിയ വൈവിധ്യങ്ങളായ പദ്ധതികളാണ് ഇതിന് പിന്നിൽ.
സക്ഷൻ കം ജെറ്റിംഗ് മെഷീൻ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ കൊച്ചിയിൽ ഒരുക്കാനായി. വെള്ളക്കെട്ടില്ലാതാക്കാൻ സർക്കാരും കോർപറേഷനും നടത്തിയ ഇടപെടലുകളെ ഹൈക്കോടതി തന്നെ അഭിനന്ദിച്ചിരുന്നു. സമാനമായ പ്രവർത്തനങ്ങളും പദ്ധതികളും തിരുവനന്തപുരത്തും നടത്താനാണ് ശ്രമിക്കുന്നത്. ജനകീയ സഹകരണത്തോടെ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha