ഗോത്ര വിഭാഗക്കാരെ നിയമാവബോധമുള്ളവരാക്കണം: അഡ്വ: പി. സതീദേവി
സംസ്ഥാനത്തെ പട്ടികവർഗ - ഗോത്ര വിഭാഗക്കാരെ കൂടുതൽ നിയമാവബോധമുള്ളവർ ആക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി. കേരള വനിതാ കമ്മിഷൻ വിതുര പൊടിയക്കാലയിൽ സംഘടിപ്പിച്ച ദ്വിദിന പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷൻ അധ്യക്ഷ.
പട്ടികവർഗ - ഗോത്ര വിഭാഗക്കാരെ നിയമവുമായി കൂടുതൽ അടുപ്പിക്കേണ്ടതുണ്ട്. എന്നാലേ തെറ്റുകൾ പറ്റാതിരിക്കാനും അവകാശങ്ങൾ ചോദിച്ചു വാങ്ങാനും അവർക്ക് സാധിക്കു. രാജ്യത്തിൻ്റെ ഭരണഘടനയും നിയമങ്ങളും സർക്കാരുകളും ഈ വിഭാഗത്തിന്റെ സംരക്ഷണത്തിനും പുരോഗതിക്കുമായി നിരവധി കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
എന്നാൽ ഇതേക്കുറിച്ച് അവർ അവർക്ക് അറിവില്ലായ്മയുണ്ട്. ഇത് പരിഹരിക്കുന്നതിന് കൂടുതൽ നിയമാവബോധം ഉണ്ടാവേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഈ വിഭാഗത്തിൽ ഉള്ളവർ കൂടുതൽ മുന്നോട്ടു വരണം. കഴിഞ്ഞ ഒരു ദശകത്തിന് ഇടയിൽ ഗോത്രവർഗ വിഭാഗത്തിൻ്റെ ജീവിത ശൈലിയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് ഒറ്റയടിക്കുള്ള മാറ്റമല്ല.
വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പേർ കടന്നുവന്നതോടെ പടിപടിയായി ഉണ്ടായ മാറ്റമാണിത്. കൂടുതൽ കുട്ടികൾ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നതോടെ ശാശ്വതമായ മാറ്റം ഇനിയും ഉണ്ടാകും. അതിനു സഹായകമായ രീതിയിൽ സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പുവരുത്താൻ വനിതാ കമ്മീഷൻ തയ്യാറാകുമെന്നും അഡ്വ: പി. സതീദേവി പറഞ്ഞു.
പൊടിയക്കാല സാംസ്കാരിക നിലയത്തിൽ നടന്ന സെമിനാറിൽ വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന അധ്യക്ഷയായിരുന്നു. വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ വി. ആനന്ദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ നസീർ, ഊരുമൂപ്പൻ ശ്രീകുമാർ, പേപ്പറ വാർഡ് മെമ്പർ ലതാകുമാരി, എസ്.ടി. പ്രമോട്ടർ ശ്രുതി മോൾ തുടങ്ങിയവർ സംസാരിച്ചു.
പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തെക്കുറിച്ച് പേരൂർക്കട കേരള ലോ അക്കാദമി ലോ കോളജിലെ അസി. പ്രൊഫസർ അഡ്വ: പി.എം. ബിനുവും പട്ടികവർഗ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെകുറിച്ച് കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂൾ സീനിയർ സൂപ്രണ്ട് ഷിനു സുകുമാരനും ക്ലാസ് എടുത്തു. രണ്ടുദിവസമായി നടന്ന ക്യാമ്പിന്റെ പഠന റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന അറിയിച്ചു.
https://www.facebook.com/Malayalivartha