കോട്ടൂരിൽ മാവേലി സൂപ്പർ സ്റ്റോറും കുടപ്പനമൂട് സൂപ്പർ മാർക്കറ്റും പ്രവർത്തനം തുടങ്ങി; ഉദ്ഘാടനം ചെയ്ത് മന്ത്രി ജി.ആർ അനിൽ
ആദിവാസി പിന്നാക്ക മേഖലകളിൽ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിന് മാവേലി സ്റ്റോറുകൾ തുറന്ന് സപ്ലൈകോ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂരിൽ സപ്ലൈകോയുടെ മാവേലി സൂപ്പർ സ്റ്റോറും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുടപ്പനമൂട് സപ്ലൈകോ സൂപ്പർ മാർക്കറ്റും പ്രവർത്തനം തുടങ്ങി. ഇവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.
ഏത് പ്രതിസന്ധികൾക്കിടയിലും ജനങ്ങളെ ചേർത്തുനിർത്തുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. പൊതു വിപണിയിലെ നിരക്കിനേക്കാൾ എല്ലാ സാധനങ്ങളും കുറഞ്ഞ വിലയിൽ നൽകി ജനങ്ങൾക്ക് ആശ്വാസം പകരുകയാണ് മാവേലി സ്റ്റോർ പോലുള്ള സംരംഭങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പ്രതിസന്ധികൾക്കിടയിലും മാവേലി സ്റ്റോറുകൾ തുറന്നു പ്രവർത്തിക്കുന്നത് സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത സൂചിപ്പിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിലക്കയറ്റത്തിന്റെ ഭീതിയിലേക്ക് ജനങ്ങളെ തള്ളി വിടാതെ ന്യായവിലയ്ക്ക് പൊതുവിതരണ സംവിധാനത്തിലൂടെയും സപ്ലൈകോ, കൺസ്യൂമർഫെഡ് സ്ഥാപനങ്ങളിലൂടെയും നിത്യോപയോഗ സാധനങ്ങൾ സർക്കാർ വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോട്ടൂരിൽ ജി.സ്റ്റീഫൻ എം.എൽ.എയും കുടപ്പനമൂട് സി.കെ ഹരീന്ദ്രൻ എംഎൽഎയും ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. സപ്ലൈകോ സുവർണ്ണ ജൂബിലി വർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മാവേലി സ്റ്റോറുകൾ കോട്ടൂരിലും അമ്പൂരിയിലും ആരംഭിച്ചത്. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, മറ്റു ജനപ്രതിനിധികൾ എന്നിവരും ഇരുസ്ഥലങ്ങളിളുമായി നടന്ന ചടങ്ങുകളിൽ പങ്കെടുത്തു
https://www.facebook.com/Malayalivartha