തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!

ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുപി കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് മുഹമ്മദ് ആരിഫ്. ഇയാള്‍ എംബിബിഎസ് പഠിച്ചത് തിരുവനന്തപുരത്താണെന്നായിരുന്നു വാര്‍ത്ത. ഇത് ശ്രദ്ധയില്‍ പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിഷയം പരിശോധിച്ചു. എന്നാല്‍ ആര്‍ക്കും ഇത്തരത്തില്‍ ഒരു കുട്ടി പഠിച്ചതായി ഉറപ്പിക്കാന്‍ കഴിയുന്നില്ല. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ തിരുവനന്തപുരത്ത് പഠിച്ചില്ലെന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. എന്നാല്‍ ഇതേ പേരില്‍ മറ്റൊരു വിദ്യാര്‍ത്ഥി പഠിച്ചിട്ടുമുണ്ട്. ആ വിദ്യാര്‍ത്ഥിയെ ആരും അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വിശദ പരിശോധനകള്‍ തുടരും.
ജമ്മു കശ്മീരിലെ അനന്തനാഗ് സ്വദേശിയായ ഡോ. ആരിഫ് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. അഖിലേന്ത്യ പ്രവേശ പരീക്ഷ വഴിയാണ് ആരിഫ് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്. കേരളത്തില്‍ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരിഫിന്റെ കേരള ബന്ധവും എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളെത്തി. ഇതിനിടെയാണ് ഈ വാര്‍ത്ത തള്ളുന്ന നിഗമനം ഉണ്ടാകുന്നത്. കഴിഞ്ഞ ബുധനാഴ്ച കാണ്‍പൂരിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് വച്ചാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആരിഫിനെ കസ്റ്റഡിയിലെടുത്തത്.
ഫരീദാബാദ് വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമാണ് ആരിഫ് എന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആരിഫിന്റെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധസേനയുടെ പിടിയിലാകുമ്പോള്‍ ആരിഫ് ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയിലിന്റെ (ജിഎസ്വിഎം) കാര്‍ഡിയോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു.സ്‌ഫോടനവുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്‍പതിന് അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ പേര് പുറത്തുവന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരും സ്ഥിരമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
നാലുമാസമായി ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ നൂതന പരിശീലീനം നടത്തിവരികയായിരുന്നു ആരിഫ്. കോളേജില്‍ ഹോസ്റ്റല്‍ സൗകര്യങ്ങളുടെ കുറവുമൂലം കാമ്പസിന് പുറത്താണ് താമസിച്ചിരുന്നത്. ഫരീദാബാജ് അല്‍- ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോ. ഷെഹിന്‍ സിയാദുമായി ആരിഫിന് അടുത്ത ബന്ധമുണ്ട്. ഡോ. ഷെഹിന്‍ സിയാദില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരിഫിലേക്ക് അന്വേഷണം എത്തിയത്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി പഠനത്തിനായി ആരിഫ് നാല് മാസം മുന്‍പാണ് കാണ്‍പൂരിലെ മെഡിക്കല്‍ കോളജില്‍ എത്തിയത്. മുന്‍പ് ഇതേ മെഡിക്കല്‍ കോളജിലെ ലക്ച്ചറായിരുന്നു 43 കാരിയായ ഡോ. ഷെഹീന്‍. ഡല്‍ഹി ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ മൗലവി ഇര്‍ഫാന്‍ അഡ്മിന്‍ ആയിരുന്ന മെഡിക്കോസ് ഖിലാഫത്ത് എന്ന ടെലിഗ്രാം ഗ്രൂപ്പില്‍ 312 ഡോക്ടര്‍മാര്‍ ഉണ്ട്. ആരിഫും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു എന്നാണ് സൂചന.
രാജ്യത്തെ വിവിധ ഭീകര മൊഡ്യൂളുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ അന്വേഷണം, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരം. സ്‌ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായവരില്‍ നിന്ന് ജമ്മു കഷ്മീര്‍ പോലീസ് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ഇവ പരിശോധിക്കുന്നതിനിടെ ഇവ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം. അതിനിടെ അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്. വിവിധ തരം റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീല്‍ദാര്‍ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
പോലീസും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്. സ്‌ഫോടനത്തില്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും ഷേര്‍-ഇ-കഷ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലെ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂള്‍ കേസിലെ അന്വേഷണത്തിനിടെ ഹരിയാണയിലെ ഫരീദാബാദിലെ ഒരു ഡോക്ടറുടെ വാടക വീട്ടില്‍ നിന്നും പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇവിടെയുണ്ടായിരുന്നത്. പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടകവസ്തുക്കളില്‍ ഭൂരിഭാഗവും ഈ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്.
വന്‍ സ്ഫോടനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് നിന്ന് 300 അടി അകലെ വരെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഐഇഡി ഘടിപ്പിച്ച് സ്ഫോടനം നടത്തിയാതാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. ജയ്ഷ്-ഇ-മുഹമ്മദിന്റെ നിഴല്‍ സംഘടനയായ പിഎഎഫ്എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഏതായാലും വിശദ അന്വേഷണം നടക്കും. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് അടുത്ത് നടന്ന കാര്‍ സ്ഫോടനവുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിവരം.
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റിലായിരുന്നു. ഹാപ്പൂരില്‍നിന്ന് ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ. ഫറൂഖാണ് പിടിയിലായത്. അല്‍ഫലാ സര്‍വകലാശാലയിലെ നാല് പേരും പിടിയിലായിട്ടുണ്ട്. ഹാപ്പൂരിലും നുഹുവിലും പരിശോധന തുടരുകയാണ്. തുര്‍ക്കിയില്‍ പോയ ഡോക്ടര്‍ക്കായും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഡോ. ഷഹീന്‍ സഈദ് ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയിലെ ഉന്നതരുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആഫിറാബീവിയുമായി ഡോ. ഷഹീന് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജയ്ഷിന്റെ വനിതാവിഭാഗമായ ജമാ അത്ത് ഉല്‍ മൊമിനാത്തിന്റെ ഇന്ത്യന്‍ വിഭാഗം രൂപീകരിക്കാനുള്ള ചുമതല ഡോ. ഷഹീനായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോ.അദീലിന്റെ സഹോദരന്‍ മുസഫറിനും പാക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിനു പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നതായാണു റിപ്പോര്‍ട്ട്. ഇയാള്‍ക്കായി ജമ്മു കാഷ്മീര്‍ പോലീസ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫരീദാബാദ് കേന്ദ്രീകരിച്ച് വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളിനെതിരെ തുടങ്ങിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഈ സംഘത്തിന്റെ ഭാഗമായിരുന്ന ഡോക്ടര്‍ ഉമര്‍ ഉന്‍ നബിയാണ് ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയതെന്ന് സ്ഥരീകരിച്ചിരുന്നു ഒക്ടോബര്‍ പകുതിയോടെ നൗഗാമില്‍ ഭീഷണി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച അന്വേഷണമാണ് ഈ തീവ്രവാദ മൊഡ്യൂളിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha


























