കാൽ വഴുതി കുളത്തിലേക്ക് ...... അമ്പത്താറുകാരന് ജീവിതം തിരിച്ചുകിട്ടിയത് അയൽവാസിയുടെയും സ്വന്തം മകളുടെയും സന്ദർഭോചിത ഇടപെടലിൽ...

കാൽ വഴുതി കുളത്തിൽ വീണ് മുങ്ങി പ്രാണനുവേണ്ടി പിടഞ്ഞ അമ്പത്താറുകാരന് അയൽവാസിയുടെയും സ്വന്തം മകളുടെയും സന്ദർഭോചിത ഇടപെടലിൽ ജീവിതം തിരിച്ചുകിട്ടി.
തിരുവള്ളൂർ കൊട്ടേക്കാട്ട് അജയ(56)നെയാണ് അയൽവാസിയായ ചിത്രാ മധു കരയിലെത്തിച്ചത്. അജയന്റെ മകൾ അമൃതലക്ഷ്മി പ്രഥമചികിത്സ നൽകിയതോടെ രക്ഷപ്പെട്ടു. വീട്ടിലെ ബയോഗ്യാസ് പ്ലാന്റിൽ മാലിന്യം നിറച്ച് പാത്രം കുളത്തിൽ കഴുകിയെടുക്കുന്നതിനായി വീടിനോട് ചേർന്ന് നാലുവശവും സംരക്ഷണഭിത്തിയും കൽപ്പടവുകളുമുള്ള കുളത്തിലേക്ക് ഇറങ്ങുന്നതിനിടെയാണ് കാൽ വഴുതിവീണത്. വീഴ്‌ചയ്ക്കിടയിൽ ഓർമ നഷ്ടപ്പെട്ടു.
അജയന്റെ അമ്മയുമായി അടുക്കളഭാഗത്ത് സംസാരിച്ചുനിന്ന പോത്തേഴത്ത് ചിത്രാ മധു, അജയൻ കുളത്തിലേക്ക് ഇറങ്ങിപ്പോകുന്നത് ശ്രദ്ധിച്ചിരുന്നു. കുറച്ചുകഴിഞ്ഞിട്ടും അജയനെ കാണാതിരുന്നതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മുങ്ങിക്കിടക്കുന്നത് കണ്ടത്. ചാടിയിറങ്ങിയ ഇവർ അജയനെ കരയിലേക്ക് കയറ്റി. അപ്പോഴേക്കും മകളും ഭാര്യ മഞ്ജുഷയും ഓടിയെത്തി. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി കുളത്തിനു പുറത്ത് എത്തിക്കുകയായിരുന്നു.
ഫിസിയോതെറാപ്പിസ്റ്റായ മകൾ സിപിആർ നൽകി. തുടർന്ന് കൊടുങ്ങല്ലൂരിലെ മോഡേൺ ആശുപത്രിയിൽ എത്തിച്ചു. രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് അജയന് ബോധം തിരികെ ലഭിച്ചത്.
https://www.facebook.com/Malayalivartha


























