സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ സേവനം നിര്‍ത്തിവയ്ക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതം, ഒരു ശസ്ത്രക്രിയയും മാറ്റിവച്ചിട്ടില്ല

തിരുവന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗത്തിന്റെ സേവനം നിര്‍ത്തിവയ്ക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. അത്യാഹിത വിഭാഗത്തിലും ഡിപ്പാര്‍ട്ട്‌മെന്റിലും എമര്‍ജന്‍സിയായതോ ഇലക്ടീവായതോ ആയ ഒരു ശസ്ത്രക്രിയയും മാറ്റിവച്ചിട്ടില്ല. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ ശസ്ത്രക്രിയകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ സേവനങ്ങള്‍ ആവശ്യമുള്ള മുറയ്ക്ക് തടസമില്ലാതെ ലഭ്യമാക്കുന്നുണ്ട്.
സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗത്തിലെ ഒഴിവുള്ള അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രൊമോഷന് യോഗ്യരായവര്‍ ഇപ്പോള്‍ വകുപ്പിലില്ല. അസി. പ്രൊഫസര്‍ തസ്തികയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു ഡോക്ടറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. പകരം ഡോക്ടറെ നിയമിച്ചു. ആഗസ്റ്റ് മാസം മുതല്‍ ജോലിക്ക് ഹാജരാകാതെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് പുതിയ ഡോക്ടര്‍മാരെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ വിജയിപ്പിച്ച ഡോക്ടര്‍മാരാണ് ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നത്. മെഡിക്കല്‍ കോളേജ് പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണ്.
https://www.facebook.com/Malayalivartha























